|    Dec 19 Wed, 2018 1:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വര്‍ഗീയ പ്രസംഗങ്ങളുമായി എന്‍ഡിഎ രഥയാത്ര

Published : 9th November 2018 | Posted By: kasim kzm

കാസര്‍കോട്: വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളുമായി എന്‍ഡിഎ രഥയാത്ര മധൂര്‍ മദനന്തേശ്വര ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ചു. ശബരിമലയുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ആസൂത്രിത നീക്കം നടത്തി പരാജയപ്പെട്ട സംഘപരിവാരം അതില്‍നിന്നു മുഖംരക്ഷിക്കാന്‍ തുടങ്ങിയ ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടനവേദി കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്നതിന് അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
ഉദ്ഘാടന സമ്മേളനത്തിന് മുമ്പ് പ്രസംഗിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അസഭ്യം പറഞ്ഞു. ശബരിമലയില്‍ വല്‍സന്‍ തില്ലങ്കേരിയാണ് ക്രമസമാധാനം നിയന്ത്രിച്ചതെന്നും അദ്ദേഹം സ്ഥലത്തില്ലായിരുന്നെങ്കില്‍ വന്‍ സംഘര്‍ഷം നടക്കുമായിരുന്നെന്നും പറഞ്ഞു. ഭക്തരുടെ പ്രതിഷേധം കണ്ട് പോലിസ് മാറിനിന്നപ്പോള്‍ പോലിസിന്റെ മൈക്ക് പിടിച്ചുവാങ്ങിയാണ് പ്രകോപിതരായ ഭക്തരെ ശാന്തരാക്കിയത്. സ്വാമി സന്ദീപാനന്ദയെ കള്ളസ്വാമി എന്ന് വിളിച്ച് അധിക്ഷേപിക്കാനും സുരേന്ദ്രന്‍ മറന്നില്ല. പീഡനവീരനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ബൊക്ക നല്‍കി ആദരിച്ച മുഖ്യമന്ത്രിയാണ് ഹിന്ദുക്കളോട് ക്രൂരതകാട്ടിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒപ്പംകൂട്ടി ഹിന്ദുക്കളെ ആക്രമിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനും ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനുമാണ് പദ്ധതിയെന്നു പറഞ്ഞാണ് സുരേന്ദ്രന്‍ പ്രസംഗം അവസാനിപ്പിച്ചത്.
ഒരുകാലത്ത് ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ലേഖനമെഴുതിയ മുന്‍ കേന്ദ്രമന്ത്രിയും എംഎല്‍എയുമായ ഒ രാജഗോപാല്‍ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണിതെന്നു പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ഹിന്ദുക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ബ്രിട്ടിഷുകാര്‍ക്കെതിരേ സ്തുത്യര്‍ഹ പോരാട്ടം നടത്തിയ ടിപ്പുസുല്‍ത്താനെ വര്‍ഗീയവാദിയാക്കിയാണ് മിക്ക ബിജെപി നേതാക്കളും പ്രസംഗിച്ചത്. പി എസ് ശ്രീധരന്‍പിള്ള കണ്ണൂരില്‍ നടന്ന അമിത് ഷായുടെ പ്രസംഗങ്ങളെ ന്യായീകരിക്കുകയും തന്റെ പ്രസംഗത്തിനെതിരേ കോടതിയില്‍ ഹരജികൊടുത്തവരെ വെല്ലുവിളിക്കുകയും ചെയ്തു. കോടതിക്ക് അമിത്ഷായുടെയും തന്റെയും പ്രസംഗത്തിനെതിരേ ഒന്നും ചെയ്യാനാവില്ലെന്നും സിപിഎം ചരിത്രത്തിലാദ്യമായി മാപ്പുപറഞ്ഞത് തന്നോടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ത്തത് ഇടതു-വലതു മുന്നണികളാണെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വിദ്യാര്‍ഥികളില്‍ വിദ്വേഷം വിതയ്ക്കാനാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss