|    Jan 19 Thu, 2017 2:25 pm
FLASH NEWS

വര്‍ഗീയത ആരോപിച്ച് ആരെയും തീണ്ടാപ്പാടകലെ നിര്‍ത്തേണ്ടതില്ല

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: കെ എം മാണിയുമായി സഹകരിക്കാനുള്ള നീക്കത്തില്‍ സിപിഐയുടെ എതിര്‍പ്പ് തുടരുന്നതിനിടയില്‍ ലീഗുമായും സഹകരണമാവാമെന്ന് സൂചിപ്പിച്ച് സിപിഎം മുഖപത്രം. വര്‍ഗീയ പാര്‍ട്ടിയെന്ന പേരില്‍ ആരെയും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്നു പറഞ്ഞാണ് ദേശാഭിമാനി മുഖപ്രസംഗം മുസ്‌ലിംലീഗിനും പച്ചക്കൊടി കാട്ടുന്നത്.
യുഡിഎഫ് വിട്ടുവരുന്നവരുമായി പ്രശ്‌നാധിഷ്ഠിതമായി സഹകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുടെ ഉള്ളടക്കവും ഇതുതന്നെ. ജനകീയ പ്രശ്‌നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്സുമായും ഇപ്പോള്‍ യുഡിഎഫിന്റെ നില്‍ക്കുന്ന മറ്റു കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
നിലവില്‍ ആര്‍എസ്പിയും ജെഡിയുവും യുഡിഎഫിലെത്തിയതിന്റെ പിഴവുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. മുസ്‌ലിംലീഗും അതൃപ്തിയിലാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. അതൃപ്തരാരും നിരാശരാവേണ്ടെന്ന് പറഞ്ഞ് പ്രതീക്ഷ നല്‍കുകയാണ് പാര്‍ട്ടി പത്രം. മാത്രമല്ല, നിയമസഭയില്‍ നല്ല ഭൂരിപക്ഷം ഉണ്ടെന്ന കാരണത്താല്‍ മുന്നണി അടിത്തറ വിപുലീകരിക്കേണ്ടെന്ന വാദം ശരിയല്ലെന്നും മുഖപ്രസംഗം പറയുന്നുണ്ട്.
അതേസമയം, കേരള കോണ്‍ഗ്രസ്സിന്റെ സമദൂര നിലപാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനവും ഇന്നലെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഇരു മുന്നണികളോടും സമദൂരം പാലിക്കുകയെന്ന കേരള കോണ്‍ഗ്രസ് എം നിലപാട് യുക്തിരഹിതമാണെന്ന് കോടിയേരി ലേഖനത്തില്‍ വിമര്‍ശിച്ചു. യുഡിഎഫ് വിട്ട് നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കാവാനുള്ള കേരള കോണ്‍ഗ്രസ്സിന്റെ ചരല്‍ക്കുന്ന് തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍, യുഡിഎഫിന്റെ തകര്‍ച്ചയുടെ ഗുണഭോക്താക്കളാവാന്‍ ബിജെപിയെ അനുവദിച്ചുകൂടായെന്ന് ലേഖനത്തില്‍ പറയുന്നു. യുഡിഎഫുമായി തെറ്റുന്ന കക്ഷികള്‍ സംഘപരിവാരത്തിന്റെ തൊഴുത്തില്‍ ചെന്നുപെടുന്നതിനെതിരേ ജാഗ്രതവേണം. യുഡിഎഫ് എന്ന പൊളിഞ്ഞകപ്പല്‍ ഉപേക്ഷിക്കാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം കോണ്‍ഗ്രസ്സിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. യുഡിഎഫിലെ ഭിന്നതയും കലാപവും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തും. ഇതിന് ആവശ്യമായ അടവും സമീപനവും സിപിഎമ്മും എല്‍ഡിഎഫും സ്വീകരിക്കും.
യുഡിഎഫ് വന്‍ തകര്‍ച്ചയിലാണെങ്കിലും കേരളത്തിലെ മുഖ്യ രാഷ്ട്രീയ ശക്തികള്‍ എല്‍ഡിഎഫും യുഡിഎഫും തന്നെ. സമദൂരമെന്നത് എന്‍ഡിഎയിലേക്ക് ചേക്കേറാനുള്ള കേരള കോണ്‍ഗ്രസ്സിന്റെ സൂത്രവിദ്യയാണെങ്കില്‍, അതിന് വാലുപോയ കുരങ്ങന്റെ ന്യായങ്ങളേക്കാള്‍ വലിയ പ്രസക്തിയൊന്നുമില്ലെന്നും കോടിയേരി പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 242 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക