|    Jan 18 Wed, 2017 3:48 pm
FLASH NEWS

വര്‍ഗീയതയ്‌ക്കെതിരേ കരുതിയിരിക്കുക

Published : 5th June 2016 | Posted By: SMR

ബാബുരാജ് ബി എസ്

കൊടുങ്ങല്ലൂര്‍ക്കാര്‍ ശരിയല്ലെന്ന് ആദ്യം പറഞ്ഞത് രാജുവാണ്. ബിസിനസുകാരനായ അയാള്‍ക്ക് ആദ്യമായി തല്ലു കിട്ടിയത് കൊടുങ്ങല്ലൂരില്‍ നിന്നാണത്രെ. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ വെടിവഴിപാട് കരാറുകാരനാണ് രാജു. ഇതൊരു കൊള്ളാവുന്ന കച്ചവടമാണെന്നു മനസ്സിലാക്കിയാണ് അയാള്‍ കൊടുങ്ങല്ലൂരിലെ വെടിവഴിപാടു ലേലത്തില്‍ പങ്കെടുക്കാന്‍ തുനിഞ്ഞത്. തൃപ്രയാറിലെ വെടിവഴിപാട് 35 ലക്ഷത്തിനായിരുന്നു ലേലംപോയിരുന്നത്. കൊടുങ്ങല്ലൂരിലാവട്ടെ ഒമ്പതു ലക്ഷവും. 40 ലക്ഷത്തിനു വിളിച്ചാലും ലാഭമാണെന്ന് രാജു കണക്കുകൂട്ടി.
അയാള്‍ ചെല്ലുമ്പോള്‍ കൈയില്‍ ചരടുകെട്ടിയ കുറച്ചാളുകള്‍ ലേലഹാളിനു മുന്നില്‍ കൂടിനിന്നിരുന്നു. കാര്യം പന്തിയില്ലെന്നു തോന്നിയെങ്കിലും വന്നതല്ലേ എന്നു കരുതി ഹാളിലേക്കു നടന്നു. കൂടിനിന്നിരുന്നവരിലൊരാള്‍ രാജുവിനെ തടഞ്ഞു. ഉദ്ദേശ്യം ചോദിച്ചറിഞ്ഞു. പിന്നീടവര്‍ നിലത്തുനിര്‍ത്തിയിട്ടില്ലെന്നാണ് രാജു പറഞ്ഞത്. രാജുവിനെയും സുഹൃത്തിനെയും അവര്‍ തല്ലിമെഴുകിയത്രെ. 35 ലക്ഷത്തിന്റെ ലേലം ഒമ്പതിലൊതുങ്ങുന്നതിന്റെ സൂത്രം അപ്പോഴാണ് അയാള്‍ക്ക് പിടികിട്ടിയത്.
ഇതൊക്കെ ഓര്‍ക്കാന്‍ ഇപ്പോള്‍ ഒരു കാരണമുണ്ടായി. എഫ്ബിയില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പ് കാണുന്നത്. ക്ഷേത്രവഴിപാടുകളുടെ തുക വര്‍ധിപ്പിച്ചതിനെതിരേ നടക്കുന്ന കോലാഹലങ്ങളാണ് വിഷയം. പുതിയ മന്ത്രിസഭ സാമ്പത്തികപ്രശ്‌നം പരിഹരിക്കാന്‍ വഴിപാടുതുക വര്‍ധിപ്പിച്ചുകൊണ്ട് ഹിന്ദുക്കളോട് അനീതി ചെയ്തിരിക്കുന്നുവെന്നാണ് പരാതി. ‘ജന്മഭൂമി’യാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.
മന്ത്രി എഴുതുന്നു: ”ഇടതു സര്‍ക്കാര്‍ വഴിപാടുനിരക്കു കൂട്ടിയെന്ന നിലയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഏപ്രില്‍ 22ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് ഒരു ദിനപത്രം മുന്‍ പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വര്‍ഗീയവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ചിലര്‍ അത് പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴിപാടുനിരക്ക് ഏകീകരിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവാണ് ജൂണ് ഒന്നിന് പ്രാബല്യത്തില്‍ വന്നത്.” മാധ്യമധര്‍മം പാലിക്കാത്ത ജന്മഭൂമിയെയും പേരെടുത്തുപറഞ്ഞ് അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.
ദേവസ്വം ബോര്‍ഡിനെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ഉപകരണമാക്കുന്നത് ഇതാദ്യമല്ല. അമ്പലങ്ങളുടെ വരുമാനം അന്യമതസ്ഥര്‍ക്ക് വാരിക്കോരി കൊടുക്കുന്നുവെന്നായിരുന്നുവല്ലോ പ്രചാരണം. വഴിപാട് തുക വര്‍ധിപ്പിച്ചതിന്റെ ലക്ഷ്യവും ഇതാണെന്നാണ് പുതിയ ആരോപണം.
വഴിപാടുമായി ബന്ധപ്പെട്ട് രണ്ടു പ്രശ്‌നങ്ങളാണുള്ളത്. ഒന്ന്, വഴിപാടിന്റെ നിരക്കുവര്‍ധനയും മറ്റൊന്ന്, വിവിധ ക്ഷേത്രങ്ങളിലെ വഴിപാടുതുകയുടെ ഏകീകരണവും. അതുസംബന്ധിച്ച കഥ ഇങ്ങനെയാണ്: 2011 ആഗസ്ത് 7ന് ദേവസ്വം ബോര്‍ഡ് വഴിപാടുതുക വര്‍ധിപ്പിച്ചു. ഇത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി 2011 നവംബര്‍ 19ന് അഡ്വ. സുരേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ബോര്‍ഡിനോട് വിശദീകരണം തേടി. 2006ലാണ് അവസാനം നിരക്ക് വര്‍ധിപ്പിച്ചതെന്നും അഞ്ചുവര്‍ഷത്തിനു ശേഷമുള്ള വര്‍ധന അന്യായമല്ലെന്നുമുള്ള ഓംബുഡ്‌സ്മാന്റെ വിശദീകരണം അംഗീകരിച്ചുകൊണ്ട് സുരേഷിന്റെ പരാതി കോടതി തള്ളി.
2012ല്‍ ക്ഷേത്രങ്ങളിലെ വഴിപാടുനിരക്കുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാവേലിക്കരക്കാരായ നാലുപേര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് ദേവസ്വത്തിനു വേണ്ടി ഹാജരായ ഓംബുഡ്‌സ്മാന്‍ ബോധിപ്പിച്ചു. അതേസമയം, വ്യത്യസ്ത ക്ഷേത്രങ്ങളില്‍ ഒരേ നിരക്കെന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന ഓംബുഡ്‌സ്മാന്റെ വാദങ്ങളും കോടതി അംഗീകരിച്ചു.
കോടതിയുടെ അംഗീകാരത്തോടെ സാധ്യതാപഠനം നടത്തിയ അഞ്ചംഗ കമ്മിറ്റി 2014 ജൂലൈയില്‍ നിരക്കുവര്‍ധനയും ഏകീകരണവും സംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. ഈ നിര്‍ദേശങ്ങള്‍ ദേവസ്വം ചര്‍ച്ചചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. 2016 മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവായി. ഏപ്രില്‍ ഒന്നിനായിരുന്നു ഉത്തരവു പുറപ്പെടുവിച്ചത്.
ഈ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് തൊഴിലാളിസംഘടനയായ ദേവസ്വം ഫ്രണ്ട് ആവശ്യപ്പെട്ടു. അതുപ്രകാരം ഏപ്രില്‍ 20ന് സംഘടനാനേതാക്കളും അധികൃതരും യോഗം ചേര്‍ന്നു. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന തിയ്യതി ജൂണ്‍ ഒന്നാക്കാനും ചില ശുപാര്‍ശകളില്‍ മാറ്റം വരുത്താനും യോഗത്തില്‍ തീരുമാനമായി. അതുപ്രകാരമുള്ള പുതുക്കിയ ഉത്തരവാണ് മെയ് 28ന് പുറത്തുവന്നത്.
കോടതിയുടെ അനുമതിയോടെ നടപ്പാക്കിയ ഈ നിരക്കുവര്‍ധനയാണ് ഇപ്പോള്‍ വര്‍ഗീയവാദികളുടെ കൈയില്‍ ആയുധമായിരിക്കുന്നത്. സര്‍ക്കാര്‍ ഹിന്ദുക്കളെ പിഴിയുകയാണെന്നാണ് ഹിന്ദുത്വരുടെ വാദം. ഏതുവഴിക്കും സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക മാത്രമാണ് അവരുടെ ഉദ്ദേശ്യം. ഇതിനു കൂട്ടുനില്‍ക്കുകയാണ് ഇത്തരം തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിലൂടെ ജന്മഭൂമി ചെയ്തിരിക്കുന്നത്.
രാജുവിന്റെ കഥയിലേക്കു തന്നെ നമുക്കു മടങ്ങാം. ലേലഹാളില്‍നിന്ന് ഹിന്ദുത്വരുടെ മര്‍ദ്ദനമേറ്റ് പുറത്തുവന്ന അയാള്‍ ആദ്യം ചെയ്തത് തല്ലിയവരുടെ സംഘടനയില്‍ മെംബര്‍ഷിപ്പ് എടുക്കുകയായിരുന്നു. കച്ചവടം നടക്കണമല്ലോ! $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 181 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക