|    Oct 20 Sat, 2018 8:45 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വര്‍ഗരാഷ്ട്രീയവും വര്‍ഗേതര സഖ്യവും

Published : 18th September 2017 | Posted By: fsq

 

സി  കെ  അബ്ദുല്‍ അസീസ്

രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനക്ഷമതയിലുള്ള വിശ്വാസത്തിന് കോട്ടം തട്ടുമ്പോഴാണ് ജനങ്ങള്‍ അരാഷ്ട്രീയ ചിന്തകള്‍ക്കു കീഴ്‌പ്പെടുന്നത്. ലോക ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല സ്ഥിതിവിശേഷത്തെ വിശദീകരിക്കാന്‍ ഇങ്ങനെയൊരു സാമാന്യതത്ത്വത്തെ മാനദണ്ഡമാക്കാവുന്നതാണ്. രാഷ്ട്രീയം എന്നതിന് അതിവിശാലവും ഗഹനവുമായ അര്‍ഥവ്യാപ്തി കല്‍പിക്കാമെങ്കിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് പ്രത്യക്ഷാനുഭവങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്ന ഒരു ഭൗതിക യാഥാര്‍ഥ്യമാണ്. ഭരിക്കുന്നവര്‍ ആരായാലും തന്റെ കൂടി ഇച്ഛകള്‍ക്കു പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിത്തമുള്ള ഒരു സംവിധാനത്തിനുള്ളിലാണ് താന്‍ സ്ഥിതിചെയ്യുന്നതെന്ന അവബോധത്തിന്റെ അടിസ്ഥാനത്തിലോ ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ തന്റെ അതിജീവനത്തിനും ഭൗതികവും ബൗദ്ധികവുമായ ഇച്ഛകള്‍ക്കും നേര്‍വിപരീതമായിത്തീരുമ്പോള്‍ ഭരണത്തെ തന്നെ മാറ്റിപ്രതിഷ്ഠിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന  സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലോ ജനങ്ങളുടെ രാഷ്ട്രീയബോധത്തെ നിര്‍വചിക്കാവുന്നതാണ്. ഇപ്രകാരം നിലനില്‍ക്കുന്ന അധികാരബന്ധങ്ങളുടെ സമുച്ചയമായി സ്വയം തിരിച്ചറിയുന്ന പ്രക്രിയയിലൂടെയാണ് ജനങ്ങള്‍ക്ക്/പൗരസമൂഹത്തിന് രാഷ്ട്രീയം അനുഭവസ്ഥമാവുന്നത്. ഈ പ്രക്രിയ ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ മുരടിച്ചുപോവുകയോ മന്ദീഭവിക്കുകയോ ചെയ്തിട്ടുണ്ട്. രാഷ്ട്രീയപ്രവര്‍ത്തനം തന്നെ പാടെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നുവെന്നല്ല വിവക്ഷിക്കുന്നത്. അതിന്റെ സത്താപരമായ അകക്കാമ്പിന് സാരമായ കേടുപാട് സംഭവിച്ചിരിക്കുന്നു. ഇങ്ങനെ സത്താപരമായ തകരാറുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയം അതിന്റെ അപചയം വ്യക്തമാക്കുന്നത്. അധികാരവ്യവസ്ഥ ജീര്‍ണതയുടെ ഉച്ചസ്ഥായിയില്‍ എത്തിച്ചേരുന്ന ഘട്ടങ്ങളിലെല്ലാം അതിരുകടന്ന അതിക്രമങ്ങളുടെയും ദുഷ്ടാചാരത്തിന്റെയും മൂര്‍ത്തീരൂപമായി അതു വിശ്വരൂപം തെളിയിച്ചതിന് ചരിത്രം പലവുരു സാക്ഷ്യംവഹിച്ചിട്ടുണ്ട്. സദൃശമായ സന്ദിഗ്ധതയാണ് ലോകരാഷ്ട്രീയം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഘട്ടങ്ങളിലാണ് ഭരണകൂടങ്ങളെ ഇളക്കി പ്രതിഷ്ഠിക്കാനോ അടിച്ചുടയ്ക്കാനോ ഉള്ള രാഷ്ട്രീയമുന്നേറ്റങ്ങള്‍ ആവിര്‍ഭവിക്കുകയും ശക്തിയാര്‍ജിക്കുകയും ചെയ്തത്. സമാനമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അഭാവം ഇന്നു പ്രകടമാണ്. വിപ്ലവകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന രാഷ്ട്രീയസംസ്‌കാരം ഏറക്കുറേ അപ്രത്യക്ഷമായിരിക്കുന്നു. പരാതിപറച്ചിലിന്റെയും പരിദേവനങ്ങളുടെയും രാഷ്ട്രീയസംസ്‌കാരമാണ് തല്‍സ്ഥാനത്തുള്ളത്. 20ാം നൂറ്റാണ്ടില്‍ വിപ്ലവത്തിന്റെ കാട്ടുതീ സൃഷ്ടിച്ച കമ്മ്യൂണിസ്റ്റുകളുടെ നെഞ്ചിനുള്ളില്‍ പോലും തിയണച്ചുകളയുന്ന തരത്തില്‍ രാഷ്ട്രീയവും മനുഷ്യനും തമ്മില്‍ ഉണ്ടായിരുന്ന ജൈവബന്ധത്തിന് വിള്ളലുകള്‍ ഉണ്ടായിരിക്കുന്നുവെന്നാണ് അനിമാനിക്കേണ്ടത്. രാഷ്ട്രീയം ശക്തമാവണമെങ്കില്‍ സാമൂഹിക ഐക്യദാര്‍ഢ്യം ശക്തമാവണം. ഇത് രണ്ടും പരസ്പരപൂരകമാണ്. അരാഷ്ട്രീയത്തിന്റെ ലോകവിജയത്തിന് സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ശിഥിലീകരണം അനുപേക്ഷണീയമാണ്. ഈ പ്രശ്‌നം ഏറെ സങ്കീര്‍ണമാണെങ്കിലും വര്‍ത്തമാനകാല മനുഷ്യാവസ്ഥ നേരിടുന്ന ദുരന്തത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ കൃത്യമായും ലളിതമായും നോം ചോംസ്‌കി ഇപ്രകാരം വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്: ”രണ്ടാം ലോകയുദ്ധകാലം മുതല്‍ നമ്മള്‍ രണ്ടുതരത്തിലുള്ള സംഹാരരീതികള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട്. അതിലൊന്ന് ആണവയുദ്ധ ഭീഷണിയും രണ്ടാമത്തേത് പാരിസ്ഥിതിക വിനാശത്തിന്റേതുമാണ്. നവലിബറലിസം ആവിര്‍ഭവിച്ചതോടെ, മൂന്നാമതൊന്നുകൂടി ഉണ്ടായിട്ടുണ്ട്. ഈ രണ്ടു ഭീഷണികളുടെയും സംഭവ്യതയ്ക്കു തടസ്സം സൃഷ്ടിക്കുന്ന മനുഷ്യന്റെ ബൗദ്ധികശേഷിയെ പൊളിച്ചുകളയുന്നുവെന്നതാണത്.” ഇങ്ങനെ ബൗദ്ധികശേഷിയെ കൃത്യമായി വിനിയോഗിക്കാനാവാത്ത വ്യക്തികള്‍ക്കു സാമൂഹിക ഐക്യദാര്‍ഢ്യത്തില്‍ ഉള്ളടങ്ങിയ യുക്തിചിന്ത സുഗ്രാഹ്യമാവില്ല. നവലിബറലിസം, സാമൂഹിക ഐക്യദാര്‍ഢ്യത്തെയും പരസ്പരാശ്രിതത്വത്തെയും സഹകരണത്തെയും നിരന്തരം അപായപ്പെടുത്തുന്ന ഒരു രീതിയാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന നിഗമനത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ചോംസ്‌കി, മാര്‍ക്‌സിനെയാണ് കൂട്ടുപിടിക്കുന്നത്. കൊടുംപീഡനങ്ങള്‍ സമൂഹത്തെ, ചാക്കില്‍ നിറച്ച ഉരുളക്കിഴങ്ങുപോലെ അനിശ്ചിതരൂപത്തിലും ഒരിക്കലും സംഘടിതമായി പ്രവര്‍ത്തിക്കാനാവാത്തവരുമായ കേവല വ്യക്തികളാക്കി പരിണമിപ്പിക്കുന്നുവെന്ന ഫ്രാന്‍സിലെ രാഷ്ട്രീയ പരിസ്ഥിതിയെക്കുറിച്ചുള്ള വിശകലനങ്ങളെ നിയോലിബറല്‍ ചൂഷണവ്യവസ്ഥയുടെയും പൊതുസ്വഭാവത്തിനു ചേര്‍ന്നതായാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്. മുതലാളിത്തത്തിന്റെ ചരിത്രപരമായ സാംസ്‌കാരിക സംഭാവനയായി വിശേഷിപ്പിക്കാവുന്ന സ്വതന്ത്രവ്യക്തിയുടെ സാമൂഹികബന്ധങ്ങളെയും ഭരണകൂടവും വ്യക്തിയും തമ്മിലുള്ള നൈതികവ്യവഹാരങ്ങളെയും സൂക്ഷ്മാര്‍ഥത്തില്‍ പരിശോധിച്ചുകൊണ്ട് പൊളിറ്റിക്കല്‍ ലിബറലിസത്തിന്റെ പരിണാമങ്ങളെ ഹെയ്ബര്‍ മാസ് പഠനവിധേയമാക്കിയിട്ടുണ്ട്. ലിബറലിസം വിഭാവന ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യം, മൗലികമായി വ്യക്തിയെ അധികാരത്തില്‍ പങ്കാളിയാക്കുകയും ചെയ്യുന്നു. നിയമങ്ങള്‍ അനുസരിക്കാന്‍ നിരുപാധികം ബാധ്യസ്ഥനായ കേവല വ്യക്തിയല്ല ജനാധിപത്യ പൗരന്‍; നിയമനിര്‍മാണത്തില്‍ പങ്കാളിയാവാന്‍ അവകാശമുള്ളവന്‍ എന്ന നിലയ്ക്ക് രാഷ്ട്രീയാധികാരത്തിന്റെ അവകാശി കൂടിയാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഈ അന്തസ്സത്തയെ ഉന്‍മൂലനം ചെയ്തുകൊണ്ടാണ് നവലിബറലിസം 1970കള്‍ മുതല്‍ ലോകജനാധിപത്യത്തെ ഉടച്ചുവാര്‍ക്കാന്‍ തുടങ്ങിയത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നവലിബറലിസം കേവലം സമ്പദ്‌വ്യവസ്ഥയുടെ കോര്‍പറേറ്റ്‌വല്‍ക്കരണത്തില്‍ ഒതുങ്ങുന്ന ഒരു മുതലാളിത്ത പ്രതിഭാസമല്ല. അത് മൂലധനത്തിന്റെ ചൂഷണരീതികളെയും സമാഹരണ സമ്പ്രദായത്തെയും പരിഷ്‌കരിക്കുന്നതു പോലെ തന്നെ ജനാധിപത്യത്തിന്റെ ഘടനയെയും അധികാരബന്ധങ്ങളെയും ഘടനാപരമായി പരിഷ്‌കരിക്കുന്നുണ്ട്; സംസ്‌കാരത്തെയും സാമൂഹികമൂല്യങ്ങളെയും തദനുസൃതമായി നിര്‍മിച്ചെടുക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ റിപബ്ലിക്കന്‍ മാതൃകയെ പാടെ തകര്‍ത്തുകൊണ്ടാണ് നവലിബറല്‍ മൂല്യങ്ങള്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നത്. ആധുനിക സാംസ്‌കാരികമൂല്യങ്ങളില്‍ നിന്ന് സാമൂഹികനീതിയെയും തുല്യതയെയും വെട്ടിമാറ്റി അതിന്റെ സ്ഥാനത്ത് വ്യക്തിയുടെ നിക്ഷിപ്ത താല്‍പര്യങ്ങളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മൂല്യങ്ങള്‍ പകരംവയ്ക്കുന്ന ബൃഹത്തായ ഒരു പ്രക്രിയയെയാണ് നവലിബറല്‍ മൂല്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. ഫൈനാന്‍സ് മൂലധനവും അതിന്റെ രാഷ്ട്രീയ ഇടപെടലുകളും 70കള്‍ക്കുശേഷമുണ്ടായ ഒരു പ്രതിഭാസമല്ലെങ്കിലും സാംസ്‌കാരികമായി ഇന്നത്തെപ്പോലെ ആധിപത്യം സ്ഥാപിക്കാന്‍ മുന്‍കാലങ്ങളില്‍ അതിനു സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്. മനുഷ്യന്‍ സാമൂഹികജീവിയായി തീര്‍ന്നത് വല്ലാത്തൊരു ശാപമാണെന്ന് ഡി എച്ച് ലോറന്‍സ് വിലപിച്ച കാലത്ത് ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം ഫാഷിസ്റ്റ് രാഷ്ട്രീയം ജനപ്രീതി ആര്‍ജിച്ചുകഴിഞ്ഞിരുന്നു. ലേഡി ചാറ്റര്‍ലീസ് ലവര്‍ എന്ന നോവലിലൂടെ വ്യക്തിയെ ലൈംഗികശരീരവും അതിന്റെ നൈസര്‍ഗിക തൃഷ്ണകളുടെ മൂര്‍ത്തരൂപവുമായി അവതരിപ്പിച്ചുകൊണ്ട് സ്വകാര്യതയെയും സാമൂഹികതയെയും അതു പ്രതിനിധാനം ചെയ്യുന്ന വ്യക്തിക്കും സമൂഹത്തിനുമിടയില്‍ നിരന്തരം നടക്കുന്ന സംഘര്‍ഷങ്ങളുടെ രാഷ്ട്രീയസ്വഭാവത്തെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെ അരാഷ്ട്രീയ മേഖലയിലേക്കു വലിച്ചിഴയ്ക്കാന്‍ ലോറന്‍സ് ശ്രമിച്ചു. യൂറോപ്യന്‍ ലിബറലിസത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെയും സ്വാതന്ത്ര്യ സങ്കല്‍പങ്ങളെയും എല്ലാം അട്ടിമറിച്ചുകൊണ്ട് സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും ന്യൂനപക്ഷങ്ങളെയും ഫാഷിസ്റ്റ് രാഷ്ട്രീയം വേട്ടയാടിക്കൊണ്ടിരുന്ന ഒരു സന്ദിഗ്ധഘട്ടത്തില്‍ സാഹിത്യം എങ്ങനെയാണ് ഫൈനാന്‍സ് മൂലധനത്തിന്റെ വിശാലതാല്‍പര്യങ്ങളോട് അബോധകരമായി സഖ്യം ചേരുന്നതെന്നതിന് ഒരു ഉദാഹരണമാണിത്. അന്ന് അതിനെതിരേ ആശയരംഗത്തും രാഷ്ട്രീയരംഗത്തും പ്രതിരോധം സൃഷ്ടിക്കാനും അതിനുവേണ്ടി ആത്മബലി നല്‍കാനും ക്രിസ്റ്റഫര്‍ കോഡ്‌വെല്ലിനെപ്പോലുള്ള പോരാളികള്‍ ഉയര്‍ന്നുവന്നു. കൂട്ടായ്മയ്‌ക്കെതിരേ വ്യക്തി എന്ന ആശയം പ്രചരിപ്പിച്ച ഐയന്‍ റാന്റിന്റെ ‘ഫൗണ്ടന്‍ ഹെഡ്’ എന്ന നോവല്‍ 1940കളില്‍ ബെസ്റ്റ് സെല്ലറായിരുന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ പുരോഗമന സാഹിത്യപ്രസ്ഥാനം ഉയര്‍ന്നുവന്നു. സാര്‍വദേശീയമായി മാക്‌സിംഗോര്‍ക്കിയെപ്പോലുള്ള എഴുത്തുകാര്‍ മാനവികതയുടെ പക്ഷത്ത് ഉറച്ചുനിന്ന് ഫാഷിസത്തിനെതിരേ പൊരുതി. കലയും സാഹിത്യവും പുരോഗമന ഉള്ളടക്കമുള്ളതാവണമെന്ന് ഇടതുപക്ഷക്കാര്‍ നിഷ്‌കര്‍ഷിച്ചു. രണ്ടാം ലോകയുദ്ധത്തിനു ശേഷം അമേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ പൗരാവകാശ മുന്നേറ്റങ്ങള്‍ കൂട്ടായ്മയുടെ രാഷ്ട്രീയത്തെ കുറേക്കാലത്തേക്കെങ്കിലും മുന്നോട്ടുനയിച്ചു. സാംസ്‌കാരികരംഗത്തും ഫൈനാന്‍സ് മൂലധനം എക്കാലവും അധിനിവേശം നടത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പലപ്പോഴും സമൂഹങ്ങള്‍ക്കുള്ളില്‍ പുതിയ തരത്തിലുള്ള വിഭജനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് അതിനവര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗവീര്യം കെടുത്തിയത് ഭൂരിപക്ഷവും കുടിയേറ്റക്കാരായ അവര്‍ക്കിടയില്‍ ദേശീയമായും വംശീയമായുമുള്ള വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടം വിജയിച്ചതുകൊണ്ടാണെന്ന് സമീര്‍ അമീന്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍, വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രീയവല്‍ക്കരണ സാധ്യതകളെ തന്നെ തകിടംമറിച്ചുകൊണ്ടും അരാഷ്ട്രീയ സിദ്ധാന്തകള്‍ ഉപയോഗിച്ചും ജനങ്ങളെ പിറകോട്ടടിപ്പിച്ചുകൊണ്ടും ഫൈനാന്‍സ് മൂലധനശക്തികള്‍ നടത്തിവന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കൂടി പിന്‍ബലത്തിലാണ് നിയോ ലിബറലിസത്തിന് ഇന്ന് ലോകാധിപത്യം സ്ഥാപിക്കാന്‍ സാധ്യമായത്. സാര്‍വദേശീയ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞിട്ടുള്ള ഈ നവലിബറല്‍ നയങ്ങളുടെയും അതിന്റെ ഫലമായി ആവിര്‍ഭവിച്ച അരാഷ്ട്രീയ പ്രവണതകളുടെയും ഇന്ത്യന്‍ അധിനിവേശത്തിന്റെ നേര്‍പ്രതിഫലം തന്നെയാണ് 80കള്‍ മുതലുള്ള ഇന്ത്യന്‍ രാഷ്ട്രീയം. നവലിബറലിസത്തിന്റെ ആഗോളശൃംഖലയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം ഔദ്യോഗികമായി കണ്ണിചേര്‍ക്കപ്പെടുന്നത് 1993ല്‍ സാമ്പത്തിക ഉദാരവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കിത്തുടങ്ങിയതോടെയാണെങ്കിലും അതിനു മുമ്പുതന്നെ നവലിബറല്‍ മൂല്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അധിനിവേശം നടത്താന്‍ തുടങ്ങിയിരുന്നുവെന്നാണ് 1989 മുതലുള്ള രാഷ്ട്രീയ സംഭവവികാസങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. 1989ല്‍ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിന്റെ തള്ളിച്ചയില്‍ വി പി സിങിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ നാഷനല്‍ ഫ്രണ്ട് ഗവണ്‍മെന്റിനും ആ ഗവണ്‍മെന്റിനെ പുറത്തുനിന്നു പിന്തുണച്ച ബിജെപി-സംഘപരിവാര ശക്തികള്‍ക്കും ഇടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ രൂഢമൂലമായ റിപബ്ലിക്കന്‍ ആശയങ്ങളും നിയോലിബറല്‍ മൂലധനവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അന്തര്‍ഭവിച്ചിട്ടുള്ളതായി കാണാം. ബൊഫോഴ്‌സ് കുംഭകോണത്തെ തുടര്‍ന്നുണ്ടായ അഴിമതിവിരുദ്ധ സമരമാണ് ഇരുകൂട്ടരെയും യോജിപ്പിലെത്തിച്ചതെങ്കില്‍, വിയോജിപ്പിന്റെ വിസ്‌ഫോടനം സംഭവിച്ചത് വി പി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുമെന്ന തീരുമാനം പ്രഖ്യാപിച്ചതോടെയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹിക നീതിയുടെയും തുല്യതയുടെയും തത്ത്വത്തിനെ പ്രയോഗവല്‍ക്കരിക്കുക എന്ന പ്രഖ്യാപനത്തിനെതിരേ എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ സംഘപരിവാര ശക്തികള്‍ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചത് അയോധ്യയില്‍ ബാബരി പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന രാഷ്ട്രീയപ്രഖ്യാപനം മുഴക്കി രഥയാത്ര സംഘടിപ്പിച്ചുകൊണ്ടാണ്. അതോടൊപ്പം മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിനെതിരേ സവര്‍ണ മധ്യവര്‍ഗത്തെ തെരുവിലിറക്കി പ്രകോപനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ക്കു തീക്കൊളുത്തുകയും ചെയ്തു. മണ്ഡല്‍വിരുദ്ധ പ്രക്ഷോഭം ഒരു ചെറുപ്പക്കാരന്റെ പരസ്യമായ ആത്മാഹുതിക്കും സാക്ഷ്യംവഹിക്കുകയുണ്ടായി. വാസ്തവത്തില്‍ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും രാമജന്‍മഭൂമി രഥയാത്രയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനാമാറ്റത്തിന്റെ തുടക്കമാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. വിവിധങ്ങളായ സാംസ്‌കാരികമൂല്യങ്ങളെ സാമൂഹികനീതിയുടെയും തുല്യതയുടെയും മഹനീയ ദര്‍ശനങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് സാമൂഹികമായ ഐക്യദാര്‍ഢ്യം ഉറപ്പിച്ചുനിര്‍ത്തുമെന്ന ജനാധിപത്യത്തിന്റെ റിപബ്ലിക്കന്‍ സ്വഭാവം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമാണ്. ഇന്ത്യയെപ്പോലെ നാനാ ജാതിമതവിഭാഗങ്ങളും വ്യത്യസ്ത ഭാഷയും തനതു സാംസ്‌കാരിക പാരമ്പര്യങ്ങളും സാമൂഹിക ജീവിതത്തില്‍ സമരസപ്പെട്ടുകൊണ്ട് നിലനിന്നുപോരുന്ന ഒരു രാജ്യത്ത് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് പ്രവര്‍ത്തനക്ഷമമാവാന്‍ സാധിച്ചത് ലിബറല്‍ മൂല്യങ്ങള്‍ ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ സാമൂഹിക-രാഷ്ട്രീയ മൂല്യങ്ങളുമായി വിളക്കിച്ചേര്‍ക്കാന്‍ സാധിച്ചതുകൊണ്ടാണ്. യഥാര്‍ഥത്തില്‍ ഭരണഘടനാദത്തമായ ഈ മൂല്യാവബോധത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മണ്ഡല്‍വിരുദ്ധ സമരവും രാമജന്‍മഭൂമി രഥയാത്രയും മുന്നോട്ടുപോയത്. നിയോ ലിബറലിസത്തിന്റെ സാമൂഹിക വിഭജന സിദ്ധാന്തത്തെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ലേബലൊട്ടിച്ച് അവതരിപ്പിച്ചതിന്റെ പ്രക്ഷുബ്ധതയില്‍ അക്കാലം മുതല്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതമായി തുടങ്ങിയെങ്കിലും അതൊരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമെന്ന നിലയ്ക്ക് അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയാണ് ഉണ്ടായത്. മതേതരപക്ഷത്ത് കോണ്‍ഗ്രസും ഇടതുപക്ഷവും തന്നെയാണ് അതിനു മുന്‍കൈയെടുത്തത് എന്നതും ശ്രദ്ധയോടെ വീണ്ടും വായിക്കപ്പെടേണ്ട ചരിത്രവസ്തുതയാണ്.    (കടപ്പാട്: ജനശക്തി, 2017 സപ്തംബര്‍ 01-15)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss