|    Jul 16 Mon, 2018 5:56 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

വര്‍ഗരാഷ്ട്രീയത്തിന്റെ ‘സ്വത്വ’പ്രതിസന്ധി

Published : 22nd October 2016 | Posted By: SMR

എം ബി ഷെഫിന്‍

ദലിത് രാഷ്ട്രീയം രാജ്യത്ത് ശക്തിയായി ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ മനുവാദികള്‍ ദലിതരെ പീഡിപ്പിക്കാനുള്ള തങ്ങളുടെ പരമ്പരാഗതമായ പ്രത്യേകാവകാശം ഉപയോഗിച്ചുവരുകയായിരുന്നു. രോഹിത് വെമുലയും ഉനയിലെ ഗോരക്ഷകരുടെ അഴിഞ്ഞാട്ടവുമെല്ലാം കണ്ട് സഹികെട്ട ദലിതര്‍ അഭൂതപൂര്‍വമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പാണ് നടത്തിയിരിക്കുന്നത്. അവര്‍ തങ്ങളെ ചവിട്ടിമെതിച്ചിരുന്ന സവര്‍ണഫാഷിസത്തിനു നേരെ നിവര്‍ന്നു നിന്ന് ആക്രോശിച്ചുകൊണ്ടിരിക്കുന്നു.
ഈ മുന്നേറ്റത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പില്‍ സംഘപരിവാരത്തിനൊപ്പം ആശങ്കയിലായ മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. കീഴാളരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സ്വത്വരാഷ്ട്രീയമല്ല, വര്‍ഗരാഷ്ട്രീയം മാത്രമാണെന്നു പറഞ്ഞുനടന്ന പരമ്പരാഗത ഇടതുപക്ഷം പുതിയ യാഥാര്‍ഥ്യങ്ങളെ കൊള്ളണോ തള്ളണോ എന്നറിയാതെ പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുകയാണ്. ദലിത് ജനതയുടെ ഈ പുതിയ ഉത്ഥാനം തുടക്കത്തിലേ ഇടതുപക്ഷത്തെ ബോധപൂര്‍വം തന്നെ മാറ്റിനിര്‍ത്തിയിരുന്നു. തങ്ങളുടെ നീറുന്ന വേദനകളെ സൈദ്ധാന്തിക കസര്‍ത്തുകള്‍ നടത്തി നിസ്സംഗമായി നേരിട്ടിരുന്ന ഇടതുപക്ഷത്തിന് ഇതിലും നല്ല മറുപടി നല്‍കാന്‍ അവര്‍ക്കിതിനു മുമ്പ് സാധിക്കുമായിരുന്നില്ല.
തങ്ങളുടെ സ്വത്വമാണ് തങ്ങള്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്നും ജാതിപ്പിശാചുക്കളുടെ സവര്‍ണമനസ്സാണ് തങ്ങളെ നിരന്തരം ആക്രമിക്കുന്നതെന്നും തിരിച്ചറിയാന്‍ ദലിതുകള്‍ക്കായത് അവരുടെ സ്വത്വബോധംകൊണ്ടാണ്. പ്രതിയോഗിയെ തിരിച്ചറിയുകയെന്നത് ഏതൊരു സമൂഹത്തിന്റെയും ചെറുത്തുനില്‍പിന്റെ മുന്നുപാധിയാണ്. സ്വത്വബോധം ഉപേക്ഷിച്ച് ദലിതര്‍ വര്‍ഗരാഷ്ട്രീയത്തിലേക്ക് ചേക്കേറണമെന്നാണ് ഇടതുപക്ഷം പറഞ്ഞുകൊണ്ടിരുന്നത്. യൂറോപ്യന്‍ അപഗ്രഥനരീതിശാസ്ത്രത്തില്‍നിന്നു പുറത്തുചാടാന്‍ കഴിയാത്തതുകൊണ്ടുണ്ടായ പ്രതിസന്ധിയായിരുന്നുവത്. യഥാര്‍ഥത്തില്‍ ആ ആഖ്യാനം അംഗീകരിച്ചിരുന്നെങ്കില്‍ തങ്ങള്‍ എന്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു എന്ന് തിരിച്ചറിയാന്‍പോലും അവര്‍ക്കു കഴിയുമായിരുന്നില്ല. എന്നാല്‍, കൊല്ലപ്പെടുന്നവരെ സൗകര്യംപോലെ ചെങ്കൊടിയേന്തിയ രക്തസാക്ഷികളായി ഇടതുപക്ഷം കൊണ്ടാടുകയും ചെയ്യുമായിരുന്നു.
ജാതി മനുഷ്യനെ ചൂഷണംചെയ്യുന്നതിനായി സമര്‍ഥമായി രൂപപ്പെടുത്തിയെടുത്ത സ്ഥാപനമാണ്. ഇന്ത്യയില്‍ മാത്രം കാണുന്ന അടച്ചിട്ട വ്യവസ്ഥയാണത്. ഏതാണ്ട് വര്‍ണവിവേചനത്തോട് തുല്യം. ഇരകളുടെ പ്രതിരോധത്തെ നിര്‍വീര്യമാക്കിക്കൊണ്ട് ഫലപ്രദമായി അവരില്‍ പീഡനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ജാതിവ്യവസ്ഥയ്ക്കു സാധിച്ചിട്ടുണ്ട്. ജാതി എന്ന സങ്കല്‍പത്തെ തന്നെ ഇല്ലാതാക്കിയാല്‍ ജാതിവിവേചനം അവസാനിക്കുമെന്നാണ് പഴയ ഇടതുപക്ഷം പറയുന്നത്. കണ്ണടച്ചുപിടിച്ച് ‘ഇനിമേല്‍ ജാതിയില്ല’ എന്ന് പറഞ്ഞുകഴിഞ്ഞാല്‍ എല്ലാ ജാതിവിവേചനങ്ങളും ജാതി ഉണ്ടാക്കിവച്ച എല്ലാ മുറിവുകളും ഇല്ലാതാവുമത്രെ. യഥാര്‍ഥത്തില്‍ സ്വത്വത്തിനു നേരെയുണ്ടാവുന്ന ആക്രമണങ്ങളെ സ്വത്വംകൊണ്ടുതന്നെയാണ് പ്രതിരോധിക്കേണ്ടത്. ജാതിക്കെതിരായ ഐക്കണ്‍ ആയി സിപിഎം കൊണ്ടുനടക്കുന്ന ശ്രീനാരായണ ഗുരു പോലും സ്വത്വബോധത്തിലധിഷ്ഠിതമായ ചെറുത്തുനില്‍പാണ് ജാതീയതയ്‌ക്കെതിരേ നടത്തിയത്. അവര്‍ണവിഭാഗങ്ങളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ജാതീയതയ്‌ക്കെതിരായ പോരാട്ടം നയിച്ചത്. ഇവിടെ സ്വത്വം ഒരു പ്രതിരോധമായിത്തീരുകയാണ്. ഈ സ്വത്വബോധമാണ് ഇരകളുടെ മനസ്സില്‍നിന്നു പറിച്ചെറിയാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. അങ്ങനെയവര്‍ സാമൂഹികക്രമത്തിന്റെ ഭാഗമായി മാറുന്നു. മനുഷ്യരുടെ ബ്രാഹ്മണ മനസ്സില്‍ നിന്നു ജാതിബോധം എടുത്തുകളയാന്‍ ഇടതുപക്ഷത്തിനു കഴിയില്ല.
ഇരകള്‍ സ്വന്തമായി അതിജീവനമാര്‍ഗങ്ങള്‍ തേടുന്നത് കടുത്ത അപരാധമായാണ് ഇടതുപക്ഷം കാണുന്നത്. അവരുടെ അഭിപ്രായത്തില്‍ ആര് എന്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടാലും പ്രതികരിക്കാനുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണ്. മുസ്‌ലിംകളോ ഗോത്രവര്‍ഗക്കാരോ സിഖ്, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോ സ്വന്തമായി സംഘടിച്ചാല്‍ അത് ഏട്ടില്‍ പറഞ്ഞ ചരിത്രഗതിക്ക് തടസ്സമാവും. ഇന്ത്യയില്‍ എന്നാല്‍ ഫാഷിസത്തിന്റെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വിഘാതം സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന് ഇതുവരെ സാധിച്ചിട്ടില്ല. രാഷ്ട്രീയാധികാരത്തിലും സംഘടനാബലത്തിലും സൈദ്ധാന്തികരുടെ എണ്ണത്തിലുമൊന്നും പാര്‍ലമെന്ററി ഇടതുപക്ഷ കക്ഷികള്‍ ഒട്ടും പിന്നിലല്ല. എന്നിട്ടും അവരുടെ കണ്‍മുമ്പില്‍ തന്നെയാണ് സവര്‍ണ ഫാഷിസം വളര്‍ന്നുകൊണ്ടിരിക്കുന്നത്. കണ്ണൂരിലെ ചോരവീഴ്ത്തല്‍ രാഷ്ട്രീയത്തിന് തെരുവിലെ മേധാവിത്വം നേടാനുള്ള മല്‍സരം എന്നതിലപ്പുറം രാഷ്ട്രീയമായ എന്തെങ്കിലും മഹത്ത്വമുണ്ടെന്ന് വാദിക്കാന്‍ പാര്‍ട്ടിപോലും ധൈര്യപ്പെടില്ല. അതേസമയം, സ്വത്വരാഷ്ട്രീയപരമായ മുന്നേറ്റങ്ങളിലൂടെ ദലിതരും മുസ്‌ലിംകളും ഫാഷിസത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കുന്നതില്‍ പലയിടങ്ങളിലും വിജയിച്ചിട്ടുണ്ട്.
ജാതീയതയ്‌ക്കെതിരേ ഫലപ്രദമായി ചെറുത്തുനില്‍പുകള്‍ നടത്തിയത് സ്വത്വരാഷ്ട്രീയം മാത്രമാണ്. അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതര്‍ ബുദ്ധമതം സ്വീകരിച്ചതും കേരളത്തില്‍ ഈഴവര്‍ ക്രിസ്തുമതത്തിലേക്കും ഇസ്‌ലാമിലേക്കും പരിവര്‍ത്തനം നടത്തിയതും സ്വത്വപരമായ സമരങ്ങളായിരുന്നു. ബ്രാഹ്മണ്യം നിര്‍ണയിച്ചുകൊടുത്ത അടിമകളുടെ സ്വത്വം ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിന്റെ സ്വത്വം സ്വീകരിക്കുകയായിരുന്നു അവര്‍. തങ്ങളെ അടിമകളാക്കിയിരുന്ന ബ്രാഹ്മണ്യത്തോട് ‘നിങ്ങളുടെ അടിമകളായി ഞങ്ങള്‍ ഇനിയുണ്ടാവില്ല’ എന്ന് പ്രഖ്യാപിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ബ്രാഹ്മണ ഫാഷിസത്തെ നേരിടുന്ന ദലിതര്‍ ‘നിങ്ങള്‍ക്ക് അടിമപ്പണി ചെയ്യാന്‍ ഞങ്ങള്‍ക്കു മനസ്സില്ല’ എന്ന കൃത്യമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ചത്ത പശുക്കള്‍ തെരുവില്‍ കിടക്കട്ടെയെന്ന് ഗുജറാത്തിലെ കീഴാളര്‍ തീരുമാനിച്ചപ്പോള്‍ ഗോരക്ഷകരെ പരസ്യമായി തള്ളിപ്പറയാന്‍ സര്‍ക്കാരും ആര്‍എസ്എസ് നേതൃത്വംപോലും നിര്‍ബന്ധിതരായത് നാം കണ്ടതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss