|    Jan 18 Wed, 2017 12:54 am
FLASH NEWS

വര്‍ക്കല ശിവപ്രസാദ് വധക്കേസ്: ഏഴുപേര്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും

Published : 1st April 2016 | Posted By: SMR

തിരുവനന്തപുരം: വര്‍ക്കലയില്‍ അയിരൂര്‍ സ്വദേശി ശിവപ്രസാദ് കൊല്ലപ്പെട്ട കേസില്‍ ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപവീതം പിഴയും വിധിച്ചു. കേസിലെ ഒന്നാം പ്രതിയും ഡിഎച്ച്ആര്‍എം ദക്ഷിണ മേഖലാ സെക്രട്ടറിയുമായിരുന്ന ചെറുന്നിയൂര്‍ മുട്ടിയക്കോട് വെള്ളിയാഴ്ചക്കാവിന് സമീപം പാലതിട്ടവീട്ടില്‍ ദാസ് (45), മൂന്നാം പ്രതി കൊല്ലം പെരുമ്പുഴ പുത്തന്‍വീട്ടില്‍ ജയന്‍ എന്ന ജയചന്ദ്രന്‍ (33), നാലാം പ്രതി വടശ്ശേരിക്കോണം അംബേദ്കര്‍ കോളനി പുത്തന്‍വിള വീട്ടില്‍ മധു (44), അഞ്ചാം പ്രതി കൊല്ലം മുട്ടയ്ക്കാവ് ചേരിയില്‍ വെളിച്ചിക്കാല വള്ളക്കടവ് പുത്തന്‍വീട്ടില്‍ സുധി (29), ഏഴാം പ്രതി വര്‍ക്കല ചെറുകുന്നം തൊടുവേ കനാല്‍ പുറമ്പോക്കില്‍ സുധി (30), പത്താം പ്രതി അയിരൂര്‍ ഇലകമണ്‍ എസ്എസ് സദനത്തില്‍ സുനില്‍ (33), 16ാം പ്രതിയും ഡിഎച്ച്ആര്‍എം സംസ്ഥാന ചെയര്‍മാനുമായ എറണാകുളം ആലുവാമുക്ക് യുസി കോളജിനു സമീപം വളയത്തോട് വീട്ടില്‍ സെല്‍വരാജ് (34) എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി- 2 കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിഴ അടയ്ക്കുന്ന തുകയില്‍നിന്ന് കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് ആറുലക്ഷം രൂപയും പരിക്കേറ്റ ചായക്കടക്കാരന്‍ അശോകന് രണ്ടര ലക്ഷം രൂപയും നല്‍കണം. അഡീഷനല്‍ സെഷന്‍സ്-2 ജഡ്ജി ബി ബദറുദ്ദീനാണ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്കെതിരേ കൊലപാതകം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കി രണ്ടാംപ്രതി ഉള്‍പ്പെടെ ആറുപേരെ കോടതി വെറുതെ വിട്ടു. മൊത്തം 16 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടുപേര്‍ ഒളിവിലാണ്. ഒരാള്‍ മരണപ്പെട്ടു. ആറാം പ്രതിയായ മുകേഷ് (27), 11ാം പ്രതി കൊച്ചു പത്മനാഭന്‍ (32) എന്നിവരാണ് ഒളിവിലുള്ളത്.
15ാം പ്രതിയും ഡിഎച്ച്ആര്‍എം നേതാവുമായിരുന്ന അനില്‍കുമാര്‍ എന്ന തത്തു അണ്ണന്‍ കേസിനിടെ മരണപ്പെട്ടിരുന്നു. 2009 സപ്തംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രഭാതസവാരി നടത്തുകയായിരുന്ന വര്‍ക്കല അയിരൂര്‍ അശ്വതി ഭവനില്‍ ശിവപ്രസാദിനെ (62) അയിരൂര്‍ ഗവ. യുപി സ്‌കൂളിനു സമീപം പുലര്‍ച്ചെ അഞ്ചുമണിക്ക് വെട്ടിക്കൊലപ്പെടുത്തുകയും സമീപത്ത് ചായക്കട നടത്തുന്ന വേങ്ങവിള വീട്ടില്‍ അശോകനെ (48) കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വര്‍ക്കല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഡിഎച്ച്ആര്‍എമ്മിന്റെ സാന്നിധ്യം അറിയിക്കുന്നതിനും ശക്തി തെളിയിക്കുന്നതിനുമാണ് കൊലപാതകമെന്നായിരുന്നു പോലിസിന്റെ റിപോര്‍ട്ട്. കൊല്ലപ്പെട്ട ശിവപ്രസാദ് ശിവസേന അനുഭാവിയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാഷിം അബു ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക