|    Jan 24 Tue, 2017 2:46 pm
FLASH NEWS

വര്‍ക്കല റെയില്‍വേ ട്രാക്കില്‍ വിള്ളല്‍; വന്‍ ദുരന്തം ഒഴിവായി

Published : 24th September 2016 | Posted By: SMR

വര്‍ക്കല: വര്‍ക്കലയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നു തീവണ്ടികള്‍ വൈകി. പ്രദേശവാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റിനും ജനതാമുക്ക് ഗേറ്റിനും മധ്യേയാണ് ഇന്നലെ പുലര്‍ച്ചെ 7.30ഓടെ വിള്ളല്‍ കണ്ടെത്തിയത്. സമീപവാസിയായ പുന്നമൂട് കിടങ്ങല്‍ പുതുവല്‍ വീട്ടില്‍ കാവ്യയാണു വിള്ളല്‍ ആദ്യം കണ്ടത്.
തുടര്‍ന്ന് ബന്ധുക്കളായ ശരത്ത്, അനില്‍ ബാബു എന്നിവരെ വിവരം ധരിപ്പിച്ചു. ഇവര്‍ ഇരുവരും ചേര്‍ന്നു സമീപത്തെ പുന്നമൂട് റെയില്‍വേ ഗേറ്റ് കീപ്പറെ വിവരം ധരിപ്പിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വിള്ളലിന്റെ ദൃശ്യം പകര്‍ത്തിയാണു വിവരം നല്‍കിയത്. സ്ഥിതിഗതികള്‍ വിലയിരുത്തി വിള്ളല്‍ ഉറപ്പാക്കിയ ഗേറ്റ് കീപ്പര്‍ ഉടന്‍ വര്‍ക്കല സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു.
ഈ സമയം കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ഇടവ ലെവല്‍ക്രോസ് കടന്നിരുന്നു. സമീപത്തെ വെണ്‍കുളം റെയില്‍വേ ഗേറ്റില്‍ സിഗ്നല്‍ ലഭിക്കാതെ 40 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. കൊല്ലത്തു നിന്നുള്ള മലബാര്‍ എക്‌സ്പ്രസ് 20 മിനിറ്റോളം പരവൂര്‍ സ്റ്റേഷനിലും കാത്തുകിടന്നു. ഇതിനിടെ റെയില്‍വേ പിഡബ്ല്യുഡി വിഭാഗം ഉദ്യോഗസ്ഥരെത്തി ട്രാക്കില്‍ പരിശോധന നടത്തുകയും വിള്ളല്‍ വീണ ഭാഗം ക്ലാമ്പ് ഉപയോഗിച്ച് താല്‍ക്കാലികമായി കൂട്ടിയോജിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകളുടെ വേഗം 30 കിലോമീറ്ററായി നിജപ്പെടുത്തിയാണു ഗതാഗതം തുടര്‍ന്നത്.
ട്രാക്ക് പൂര്‍വസ്ഥിതിയിലാക്കിയ ശേഷം മാത്രമേ ട്രെയിനുകളുടെ വേഗം പുനസ്ഥാപിക്കുകയുള്ളൂ. റെയില്‍വേ ട്രാക്കുകളില്‍ അടിക്കടിയുണ്ടാവുന്ന വിള്ളല്‍ യാത്രക്കാരെ ഏറെ ആശങ്കപ്പെടുത്തിയിട്ടും റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക