|    Jul 19 Thu, 2018 7:01 am
FLASH NEWS

വര്‍ക്കല മേഖലയില്‍ ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാവുന്നതായി പരാതി

Published : 4th August 2017 | Posted By: fsq

 

വര്‍ക്കല: മേഖലയില്‍ ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, ആരോഗ്യ വിഭാഗം എന്നിവയുടെ പരിശോധനകള്‍ പ്രഹസനമായതോടെ വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ വരെ ഗുണഭോക്താക്കളെ ഇരട്ടത്തട്ടിപ്പിന് ഇരയാക്കുന്നതായി ആക്ഷേപം. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ളവയുടെ അളവ് തൂക്കത്തില്‍ വന്‍ ക്രമക്കേടാണുള്ളത്. അമിത വില ഈടാക്കല്‍, മുദ്രപതിപ്പിക്കാതെയുള്ള അളവ് തൂക്ക ഉപകരണങ്ങള്‍, രജിസ്‌ട്രേഷന്‍ ഇല്ലാത്ത സാധന സാമഗ്രികള്‍ തുടങ്ങി പല പ്രകാരത്തിലാണ് ചൂഷണം. പലയിടങ്ങളിലും സീല്‍ ചെയ്യാത്ത ത്രാസാണ് ഉപയോഗിക്കുന്നത്. പാക്കേജ് കമ്മോഡിറ്റീസ് നിയമപ്രകാരം ഉല്‍പന്നങ്ങളുടെ കവറിന് മേല്‍ വിശദാംശങ്ങള്‍ ഉണ്ടാകണമെന്നാണ് വ്യവസ്ഥയെങ്കിലും പാലിച്ചു കാണുന്നില്ല. കടകളില്‍ വില്‍പനയ്‌ക്കെത്തിക്കുന്ന കേക്ക്, ചപ്പാത്തി, ബ്രഡ്, കുബ്ബൂസ്, ബോളി തുടങ്ങി ബേക്കറി ഉല്‍പന്നങ്ങളില്‍ പൂപ്പല്‍ ബാധിക്കുന്ന അവസ്ഥയും നിലവിലുണ്ട്. പച്ചക്കറി, പലവ്യജ്ഞനം മുതല്‍ ഗ്യാസ് ഏജന്‍സി വരെയുള്ള ഇടങ്ങളില്‍ തട്ടിപ്പ്  തുടരുകയാണ്. കുക്കിങ് ഗ്യാസിന്റെ തൂക്കക്കുറവ് സംബന്ധിച്ച് നിരവധി പരാതികള്‍ നിലവിലുണ്ട്. ഉപഭോക്താവിനെ തൂക്കം ബോധ്യപ്പെടുത്തുവാന്‍ ഡെലിവറി വാഹനത്തില്‍ ത്രാസ് ഉണ്ടാകണമെന്നാണ് ചട്ടം. പ്രൈവറ്റ് ഗ്യാസ് വിതരണക്കാര്‍ സിലിണ്ടറിനൊപ്പം കമ്പനിയുടെ ഡിക്ലറേഷന്‍ കൂടി നല്‍കേണ്ടതുണ്ട്. വില, തൂക്കം, സിലിണ്ടറിന്റെ സുരക്ഷിതത്വം തുടങ്ങിയവയാണ് ഡിക്ലറേഷനില്‍ രേഖപ്പെടുത്തിക്കാണുന്നത്. പഴ, പച്ചക്കറി വിപണത്തിലും ഏറെ പരാതികളുണ്ട്്. ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ ഉത്തരവിനെ മുഖവിലക്കെടുക്കാതെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മുറിച്ച പച്ചക്കറികള്‍ പ്ലാസ്റ്റിക് പൊതിഞ്ഞ് വില്‍ക്കുന്നതും പ്രദേശത്ത് പതിവാണ്. മുറിച്ച ഭക്ഷ്യ വസ്തുക്കളുമായി പ്ലാസ്റ്റിക് അംശം ചേരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് ഇടനല്‍കുക. കീടനാശിനി ഉപയോഗിച്ച പച്ചക്കറികള്‍ മുറിച്ച് ഒന്നിച്ച് വയ്ക്കുന്നതും അശാസ്ത്രീയമാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഗ്രീന്‍ പ്രോട്ടോക്കോളും വ്യാപാരികള്‍ മുഖവിലക്കെടുക്കാറില്ല. പാകത്തിന് പഴ, പച്ചക്കറികള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര പ്രകാരം കുറ്റകരമാണെന്നാണ് അറിയുന്നത്. പൊതുവിതരണ കേന്ദ്രത്തിലെ ഭക്ഷ്യധാന്യ വിതരണത്തിലും വന്‍ ക്രമക്കേടാണെന്ന് ആക്ഷേപമുയരുന്നുണ്ട്. താലൂക്കിലെ വിവിധ റേഷന്‍ ഡീലേഴ്‌സ് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അരി, ഗോതബ് തുടങ്ങിയ ഭക്ഷ്യസാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് അനധികൃതമായി കടത്തുന്നതായും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ താലൂക്കിലെ മിക്ക ഉപഭോക്താക്കള്‍ക്കും അളവിന് റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ഇതു സംബന്ധിച്ചുള്ള പരാതി. മേഖലയിലെ ചില ടെക്‌സ്‌റ്റെയില്‍സുകളില്‍ മാസവും വര്‍ഷവും രേഖപ്പെടുത്താതെ പഴയ തുണിത്തരങ്ങള്‍ വന്‍ ഓഫര്‍ നല്‍കി ഇളവിനത്തില്‍ വില്‍ക്കുന്നതായും പരാതിയുണ്ട്. ഓണ വിപണിക്ക് പ്രാരംഭം കുറിച്ച സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി അടക്കം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും പരിശോധനകള്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss