|    Mar 24 Fri, 2017 1:49 am
FLASH NEWS

വര്‍ക്കല കൊലപാതകം: പ്രതികളെ കണ്ടെത്താനാവാതെ പോലിസ്

Published : 1st July 2016 | Posted By: SMR

വര്‍ക്കല: വെന്നിക്കോട് കോയിക്കല്‍കുന്ന് വീട്ടില്‍ രാജേഷ് (34) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലിസിന് ഇനിയുമായിട്ടില്ല. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലും ഇതുസംബന്ധിച്ചുള്ള ശാസ്ത്രീയ തെളിവുകളും പോലിസിനു ലഭിച്ചില്ലത്രേ. പകരം പോലിസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തുകയും പ്രദേശത്ത് പോലിസിന്റെ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചും പോലിസ് പൊതുജനങ്ങള്‍ക്ക് ബാധ്യത നല്‍കിയിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ വര്‍ക്കല പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ചിലരെ ചോദ്യം ചെയ്തും മറ്റു ചിലരെ ഭേദ്യം ചെയ്തും നിരപരാധിത്വം തെളിയിച്ചു വിട്ടയക്കുകയാണുണ്ടായത്. മാനഹാനി ഭയന്ന് ചിലര്‍ ബന്ധുവീടുകളിലേക്ക് താമസം മാറിയതായാണ് അറിയുന്നത്.
റൂറല്‍ എസ്പി ഷഫിന്‍ അഹ്മദിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എസ്പിയുടെ 20 അംഗ ഷാഡോ ടീം വര്‍ക്കലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞ 16ന് പുലര്‍ച്ചെ വലയന്റെകുഴി ഗവ. എല്‍പി സ്‌കൂളിനു പിന്നിലെ നടവഴിയിലാണ് രാജേഷിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തലയ്ക്കു പിന്നിലും ഇരുകാലുകളിലും ആഴത്തില്‍ മുറിവേറ്റിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവുകളാണെന്നാണ് പോലിസിന്റെ നിഗമനം. മുതുകിനും വയറിനും മര്‍ദ്ദനമേറ്റിരുന്നു.
തലയ്ക്ക് പിന്നിലെ ആഴമേറിയ മുറിവും മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് പോലിസിനു ലഭിച്ച വിവരം. സംഭവം നടന്നത് വിജനമായ സ്ഥലത്തായതും ദൃക്‌സാക്ഷികളുടെയും സാഹചര്യത്തെളിവുകളുടെയും അഭാവവും കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് റൂറല്‍ എസ്പി ഉള്‍െപ്പടെയുള്ള പോലിസ് ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനും വെന്നിക്കോട് ഗുരുമന്ദിരം, കഴുത്തുംമൂട്, വലയന്റെകുഴി പ്രദേശങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നതിനും പോലിസ് നിര്‍ബന്ധിതരായത്.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക