|    Jan 19 Thu, 2017 2:27 pm
FLASH NEWS

വര്‍ക്കലയില്‍ തുടര്‍ച്ചയായി ഭക്ഷ്യ വിഷബാധ

Published : 8th October 2016 | Posted By: Abbasali tf

വര്‍ക്കല: ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തില്‍ ഹരിഹരപുരം പ്രദേശത്ത് ഭക്ഷ്യവിഷബാധ തുടര്‍ച്ചയാവുന്നു. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നും മല്‍സ്യം വാങ്ങിക്കഴിച്ചവരിലാണ് ഛര്‍ദ്ദിയും വയറിളക്കമടക്കമുള്ള അസ്വസ്ഥതകളും കണ്ടുവരുന്നത്. പ്രദേശത്തെ നിരവധിപേര്‍ തോന്നിപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും ചികില്‍സ തേടുന്നുണ്ട്. അടുത്തിടെ വര്‍ക്കല-പുന്നമൂട്, പുത്തന്‍ചന്ത മാര്‍ക്കറ്റുകളില്‍ നിന്നും വഴിയോരക്കച്ചവടത്തില്‍ നിന്നും മല്‍സ്യം വാങ്ങിക്കഴിച്ചവരില്‍ ഏറെ പേര്‍ക്കും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പട്ടണത്തിലും പരിസര പഞ്ചായത്തുകളിലും ചന്തകളില്‍ വില്‍പനക്കെത്തുന്ന മല്‍സ്യങ്ങളില്‍ അധികവും വിഷയമെന്നാണ് ആക്ഷേപം. മത്തി, ചൂര, അയല തുടങ്ങിയ പുറം കടല്‍ മല്‍സ്യങ്ങളിലാണ് വിഷസാന്നിധ്യം ഏറെയുള്ളത്. മണ്‍സൂണ്‍ കാലയളവിലെ ട്രോളിങ് നിരോധനം കഴിയുന്ന മുറക്ക് വിവിധയിനം മല്‍സ്യങ്ങള്‍ നിര്‍ലോഭം ലഭിക്കുന്നത് പതിവാണ്. ഈസമയം ഇളവിനത്തില്‍ മല്‍സ്യം ലഭിക്കുന്നതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകും. എന്നാല്‍ ചില മല്‍സ്യക്കച്ചവടക്കാര്‍ മല്‍സ്യത്തിന്റെ വരവില്‍ ധാരാളിത്തം ഉണ്ടാകുമ്പോള്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ദിവസങ്ങളോളം പൂഴ്ത്തിവയ്ക്കുക പതിവാണെന്നും പറയപ്പെടുന്നു. ഇത്തരം മല്‍സ്യങ്ങളാണ് വിഷബാധക്ക് കാരണമാകുന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ഇതുസംബന്ധിച്ച് നടന്ന പരിശോധനയില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും മാരക ബാക്ടീരിയ കലര്‍ന്ന മല്‍സ്യങ്ങളും വ്യാപകമായി വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. ഇ കോളി, സഫൈലോകോക്കസ്, സാല്‍മണെല്ലോ തുടങ്ങിയ ബാക്ടീരിയകളുടെ അളവും താരതമ്യേന കൂടുതലാണെത്രേ. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാരക രാസപദാര്‍ത്ഥമായ ഫോര്‍മാലിന്‍ അര്‍ബുദ കാരണമാവുന്നവയുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മല്‍സ്യത്തിന് പുറമെ ഇവ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസിലും വിഷാംശമുണ്ട്. പല ഐസ്പ്ലാന്റുകളും ഉപയോഗിക്കുന്നത് മലിനജലമായിട്ടും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. പ്രാദേശിക തലങ്ങളില്‍ നിന്നുള്ള ആരോഗ്യ വിഭാഗമോ, ബന്ധപ്പെട്ട ഫുഡ്‌സേഫ്റ്റി അധികൃതരോ പരിധിയിലെ ചന്തകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഇടവിട്ട് ആവര്‍ത്തിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക