|    Mar 24 Fri, 2017 5:46 am
FLASH NEWS

വരൂ… പശ്ചിമഘട്ടത്തിന്റെ അവകാശികളെ കാണാം

Published : 5th October 2015 | Posted By: RKN

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ഒരു കൃഷിക്കാരന്റെ കൃഷിയിടത്തില്‍ നിന്നു ഹിംസ്ര ജന്തുക്കള്‍ വിശപ്പടക്കുന്നതും പക്ഷികള്‍ ഭക്ഷിക്കുന്നതും ദാനമാണ്. അതില്‍ എന്ത് എടുക്കപ്പെടുന്നുവോ അതൊക്കെയും അവന് ധര്‍മമായി കണക്കാക്കപ്പെടും’ (നബിവചനം) ഇത്തരമൊരു മഹദ് വചനം മനസ്സില്‍ കാത്തുവച്ച് കാട് കയറുന്ന ഒരു ഫോട്ടോഗ്രാഫറുടെ മുന്നില്‍ ഏത് കാട്ടാനകളും സിംഹവും സിംഹിണിയും മാന്‍ പേടകളും ഒച്ചും പുഴുവും ഒരു നിമിഷം സ്തംബ്ദരായേക്കും. അവയെ തന്റെ കാമറയില്‍ ഒപ്പിയെടുക്കാനായി ആ അപൂര്‍വ നിമിഷത്തെ അയാള്‍ ദൈവ നിയോഗമായി കാണുന്നു. പശ്ചിമഘട്ട മലനിരയിലെ കാട് വിളിച്ചപ്പോള്‍ കാടിന്റെ മടിയിലേക്ക് കടന്നുപോവുന്നവന് മാത്രമേ ഇത്തരമൊരു ജീവജാലങ്ങളെ കണ്ടെത്താനും ആവൂ. ഇതുപോലെ ഒരു ഫോട്ടോഗ്രാഫറാണ് ആലി മലപ്പുറം.

വൈല്‍ഡ് ഫോട്ടോഗ്രഫിയില്‍ വിസ്്മയ കാഴ്ചകളൊരുക്കിയുള്ള അദ്ദേഹത്തിന്റെ നൂറിലേറെ കാനനഭംഗിയുടെ പശ്ചാത്തലത്തിലുള്ള അപൂര്‍വ ജീവനുകളുടെ ഫോട്ടോകളുടെ ഫോട്ടോകളുടെ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ തുടങ്ങി. 1600 കി.മീറ്റര്‍ ദൈര്‍ഘ്യം വരുന്ന നമ്മുടെ പശ്ചിമഘട്ടത്തിലൂടെയുള്ള യാത്രപോലെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും കൂടിയാവുമ്പോള്‍ പ്രദര്‍ശനം ഒരു പ്രബന്ധം പോലെ വായിച്ചെടുക്കാം. ‘ഒരു കടുവയ്ക്ക് ആഴ്ചയില്‍ ഒരു മാനിനെ തിന്നാല്‍ മതിയാവും.

സസ്യാഹാരികളായ ജീവികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും അത് വനത്തിലെ ഹരിത സസ്യങ്ങളുടെ നിലനില്‍പ്പിന് പ്രതികൂലമായി ബാധിക്കുകയും സസ്യങ്ങളെ ആഹാരമാക്കുന്ന ജീവികളുടെ ജീവിതത്തേയും ബാധിക്കുന്നു.’’ എന്നിങ്ങനെ ഫോട്ടോകള്‍ക്കിടയിലെ കുറിപ്പുകള്‍ പശ്ചിമഘട്ടത്തെക്കുറിച്ചറിയാന്‍ വെമ്പുന്ന മനസ്സുകള്‍ക്ക് അറിവ് നല്‍കുന്നുമുണ്ട്. പറമ്പിക്കുളം ‘ആനമല ടൈഗര്‍ റിസര്‍വില്‍ നിന്നുള്ള കുരങ്ങ് വര്‍ഗക്കാരന്റെ ഫോട്ടോയുണ്ട്. ഹനുമാന്‍ കുരങ്ങും കരിങ്കുരങ്ങും ചേര്‍ന്നുണ്ടായ പുതിയ വര്‍ഗം. ഇതിനെക്കുറിച്ച് ഇപ്പോള്‍ പഠനം നടക്കുന്നുണ്ട്. ഇത് അപൂര്‍വമായ പ്രതിഭാസം കൂടിയാണ്. ഉപ്പുരസമുള്ള കടലമണികള്‍ എറിഞ്ഞുകൊടുത്തതിനാല്‍ വിനോദ സഞ്ചാരികളുടെ വാഹനത്തിന് പിറകെ ഓടിയ കുരങ്ങിനെ മറ്റൊരുവാഹനമിടിച്ചുകൊന്നു.

രക്തം വാര്‍ന്ന് റോഡില്‍ കുരങ്ങന്‍ ചത്തുകിടക്കുന്ന ദാരുണമായ സംഭവവും പ്രദര്‍ശനത്തില്‍ ഇടം കണ്ടെത്തി. വിനോദ സഞ്ചാരികള്‍ക്ക് ഇതൊരു മുന്നറിയിപ്പ് നല്‍കുന്നു. അനേകതരം പക്ഷികള്‍, പുഴുക്കള്‍ ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങള്‍. വേട്ടക്കാരനായിരുന്ന പിതാവും തന്റെ വീടിനോടു ചേര്‍ന്നുള്ള കാടുമാണ് വനയാത്രയില്‍ ആലിക്ക് പ്രചോദനമായത്. ഒരു റേഷന്‍കട നടത്തുകയാണ് ഈ ഫോട്ടോഗ്രാഫര്‍. മലപ്പുറം മക്കരപറമ്പുകാരനാണ്. ഭാര്യ ഷെരീഫ, മക്കള്‍ അന്‍ഷിദ്, അന്‍ഷിയ,  പ്രകൃതിയെ സ്്‌നേഹിക്കൂ… കാടിനെ രക്ഷിക്കൂ… എന്നതാണ് ആലി മലപ്പുറത്തിന്റെ സന്ദേശം.


 

(Visited 108 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക