|    Oct 18 Thu, 2018 10:19 am
FLASH NEWS

വരൂ, ചരിത്രത്തിലേക്ക് ഒരു ഗോളടിക്കാം

Published : 27th September 2017 | Posted By: fsq

 

കൊല്ലം:ആളൊഴിഞ്ഞ പോസ്റ്റിലേക്കാണ് കിക്കെടുക്കുന്നതെങ്കിലും ഇന്ന് വൈകീട്ട് പിറക്കുന്ന ഓരോ ഗോളും വിലപ്പെട്ടതാണ്. അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശത്തിലേക്ക് എല്ലാവര്‍ക്കുമുള്ള ക്ഷണവും ലോക റെക്കോര്‍ഡിന്റെ ഭാഗവുമാകും ആ ഗോളുകള്‍.കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ ആറു വേദികളിലായി ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ പ്രചാരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദശലക്ഷം ഗോള്‍ പരിപാടി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴുവരെ നടക്കും. 194 ഗോള്‍ പോസ്റ്റുകളിലായി 4,42,000 ഗോളുകളാണ് കൊല്ലം ജില്ലയുടെ ലക്ഷ്യം.ജില്ലാതല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് ലാല്‍ബഹദൂര്‍ സ്‌റ്റേഡിയത്തില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആദ്യ കിക്കെടുത്ത് നിര്‍വഹിക്കും. മേയര്‍ വി രാജേന്ദ്ര ബാബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലിലെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും കായിക താരങ്ങളും സ്‌റ്റേഡിയത്തില്‍ പതിവായി കായിക പരിശീലനത്തനെത്തുന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ മന്ത്രിയ്‌ക്കൊപ്പം ഇവിടെ ഗോളടിക്കും.ജനപ്രതിനിധികളും  കായിക, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍നിന്നുള്ളവരും  വിവിധ കേന്ദ്രങ്ങളില്‍ കാംപയിനിന് ആവേശം പകരാനെത്തും. കൊല്ലം കോര്‍പ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.ജില്ലാതല ഉദ്ഘാടനം നടക്കുന്ന ലാല്‍ ബഹദൂര്‍ സ്‌റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍ ഇന്നലെ വൈകുന്നേരം ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍ വിലയിരുത്തി. കളക്ടറുടെ അധ്യക്ഷതയില്‍ സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന യോഗം കാംപയിനിന്റെ ജില്ലയിലെ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം സുന്ദരേശന്‍ പിള്ള, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍വാഹക സമിതി  അംഗങ്ങളായ ഡോ. കെ രാമഭദ്രന്‍, കെ രാധാകൃഷ്ണന്‍, സെക്രട്ടറി താരാദേവി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ഗംഗാധരന്‍, ജില്ലാ സ്‌പോര്‍ടസ് ഓഫീസര്‍ ബിജു വിശ്വപ്പന്‍  തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ടെന്ന് കലക്ടറും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അറിയിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രായലിംഗഭേദമെന്യേ പരിപാടിയില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്വകാര്യ കളിസ്ഥലങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് നിര്‍ദിഷ്ട അളവിലുള്ള ഗോള്‍ പോസ്റ്റുകള്‍ സജ്ജീകരിച്ചിട്ടുള്ളത്.  ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമേ അനുവദിക്കൂ. ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക്  പെനാല്‍റ്റി സ്‌പോട്ടില്‍ നിന്നാണ് കിക്കെടുക്കേണ്ടത്. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന എല്ലാ കേന്ദ്രങ്ങളില്‍നിന്നും ചിത്രങ്ങള്‍ സഹിതം ഗോളുകളുടെ വിവരങ്ങള്‍ ശേഖരിക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസിലെ ജില്ലാതല കേന്ദ്രത്തില്‍ ഈ വിവരങ്ങള്‍ ക്രോഡീകരിക്കും.  ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന ഗ്രാമപ്പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനും പുരസ്‌കാരം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss