|    Nov 18 Sun, 2018 3:46 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വരുമോരോ ദശ, വന്നപോലെ പോം

Published : 5th November 2018 | Posted By: kasim kzm

കണ്ണേറ് – കണ്ണന്‍

”ഒരു നിശ്ചയവുമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം” എന്നു എഴുതുമ്പോള്‍ മഹാകവി കുമാരനാശാന്റെ മനസ്സിലോ ചിന്തയിലോ കേരളാ കോണ്‍ഗ്രസ്സില്ല, കീഴൂട്ട് രാമന്‍പിള്ള മകന്‍ ബാലകൃഷ്ണപ്പിള്ളയില്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളില്ല. പക്ഷേ, അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. കവികള്‍ ക്രാന്തദര്‍ശികളാണ്, കണ്ടതിനപ്പുറം കാണുന്നവരാണ്. കവിവചനമാണ് ഇപ്പോള്‍ കിറുകൃത്യമായി പുലര്‍ന്നിട്ടുള്ളത്. ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ചാഞ്ചാട്ടങ്ങളോളം കൃത്യമായി കുമാരനാശാന്റെ വചനങ്ങള്‍ ശരിവയ്ക്കുന്ന മറ്റെന്തു സംഗതിയുണ്ട് ഈ ലോകത്ത്? കണ്ണന്റെ കാഴ്ചയില്‍ വേറെയാതൊന്നുമില്ല കെട്ടോ…
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 24ന് സഖാവ് ബാലകൃഷ്ണപ്പിള്ള ശബരിമലയിലെ യുവതീപ്രവേശനത്തെപ്പറ്റി അത്യന്തം പുരോഗമനപരമായ ഒരഭിപ്രായം പറഞ്ഞു. പിണറായി വിജയനെ നൂറുശതമാനം പിന്തുണയ്ക്കുന്ന അഭിപ്രായമായിരുന്നു അത്. ശബരിമല ശാസ്താവിനെ കാണാന്‍ വേണ്ടി തീണ്ടാരിത്തുണി ചുറ്റിയ പെണ്ണുങ്ങള്‍ക്ക് മലകയറാം, അയ്യപ്പനെ തൊഴുത് ആത്മനിര്‍വൃതിയടയാം, ആരുണ്ട് തടയാന്‍ എന്ന മട്ടിലായിരുന്നു ബാലകൃഷ്ണപ്പിള്ളയങ്ങുന്നിന്റെ പ്രസംഗം. അങ്ങൂന്നിന് അങ്ങനെ പ്രസംഗിക്കണമല്ലോ. കേരളാ കോണ്‍ഗ്രസ്- ബി തഞ്ചവും തരവും നോക്കി ഇടതുമുന്നണിയില്‍ കയറാന്‍ പോവുന്നു, പാര്‍ട്ടി പിണറായി വിജയന്റെ പിന്തുണപ്പടയില്‍ അംഗമാവുന്നു, കീഴൂട്ട് കുടുംബത്തിലെ ചെറിയ പിള്ള മകന്‍ ഗണേഷ്‌കുമാറിന് മന്ത്രിസഭയിലേക്കൊരു ചാന്‍സ് കിട്ടുന്നു- ഇങ്ങനെയൊക്കെക്കൂടി ആലോചിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രജാമണ്ഡലകാലം മുതല്‍ക്കേയുള്ള പാരമ്പര്യത്തിന്റെ ഉടമകളായ കുടുംബത്തിലെ വലിയ പിള്ള പലതും മനോരാജ്യം കണ്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അങ്ങനെ പറയാനേ വഴിയുള്ളൂ. ബാലകൃഷ്ണപ്പിള്ള അമ്മട്ടില്‍ പ്രസംഗിച്ച് കൈയടിവാങ്ങി. കൃത്യം ഒരാഴ്ച കഴിഞ്ഞേയുള്ളൂ. എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ പുനലൂരിലൊരു ചടങ്ങ്. നാമജപം, മലകയറാന്‍ ചെറുപ്പക്കാരികളെ അനുവദിക്കുകയില്ലെന്ന പ്രതിഷേധ പ്രഖ്യാപനം, പ്രതിജ്ഞ- ബാലകൃഷ്ണപ്പിള്ള കൊല്ലത്തെ പ്രസംഗം മറന്നു, പുരോഗമനചിന്ത മറന്നു. പിണറായി സര്‍ക്കാരിനെതിരായി തികഞ്ഞ ഹിന്ദുമതവിശ്വാസിയായി എന്‍എസ്എസ് പറഞ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒരാഴ്ചയേ ആയുള്ളൂ, പിള്ള ആളാകെ മാറി. അതുതന്നെയേ കുമാരനാശാനും പറഞ്ഞുള്ളൂ- വരുമോരോ ദശ, വന്നപോലെ പോം!
ഈ ദശാമാറ്റവും ദിശാമാറ്റവും ബാലകൃഷ്ണപ്പിള്ളയെ സംബന്ധിച്ചിടത്തോളം അത്ര വലിയ കാര്യമൊന്നുമല്ല കെട്ടോ! കൊല്ലും കൊലയുമുള്ള കുടുംബത്തിലാണു പിറവിയെങ്കിലും ബാലകൃഷ്ണപ്പിള്ള ചെറുപ്പത്തില്‍ ഒന്നാംനമ്പര്‍ കമ്മ്യൂണിസ്റ്റായിരുന്നു. പിന്നെ ആള്‍ കോണ്‍ഗ്രസ്സായി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കേരളാ കോണ്‍ഗ്രസ്സായി. കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ മാറിമാറി പല കളങ്ങള്‍ ചവിട്ടി. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സിനെതിരില്‍ പ്രതിപക്ഷത്തായിരുന്ന പിള്ള ജയിലില്‍ കിടക്കേണ്ടിവന്നു. ജയിലില്‍നിന്നിറങ്ങി നേരെ ചെന്ന് ജയില്‍മന്ത്രിയായി. യുഡിഎഫിലും എല്‍ഡിഎഫിലും തഞ്ചംപോലെ നിന്നു. യുഡിഎഫ് മുന്നാക്ക സമുദായ കോര്‍പറേഷന്‍ അധ്യക്ഷന്റെ പദവി കൊടുത്തു. പിന്നീട് എല്‍ഡിഎഫില്‍ ചേര്‍ന്ന് അതേ പദവി ചോദിച്ചുവാങ്ങി. അതായത് ബാലകൃഷ്ണപ്പിള്ളയ്ക്ക്് അഭിപ്രായം ഇരുമ്പുലയ്ക്കയെന്നല്ല, വാഴത്തടപോലുമല്ല. മഹാകവി കുമാരനാശാന് നൂറുനമസ്‌കാരം. വരുമോരോദശ, വന്നപോലെ പോം.
അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്നു വിളിക്കുന്ന സംസ്‌കാരമാണ് ഇതെന്നൊക്കെ ശത്രുക്കള്‍ പറയുമെങ്കിലും ബാലകൃഷ്ണപ്പിള്ള അതൊന്നും കാര്യമാക്കാറില്ല. ഈയിടെയായി പിള്ളയങ്ങൂന്നിന്റെ പ്ലാന്‍ മറ്റൊന്നാണ്. എന്‍സിപിയില്‍ കയറിക്കൂടി മകന്‍ ഗണേശനൊരു മന്ത്രിസ്ഥാനം ഉറപ്പിക്കുക. പിള്ളയ്ക്കും മോനും ചേരാന്‍ പറ്റിയ പാര്‍ട്ടി തന്നെയാണ് എന്‍സിപി. തോന്നിയ മട്ടില്‍ മുന്നണി മാറുന്ന പാരമ്പര്യമാണല്ലോ പിള്ളയുടേത്. എന്‍സിപി അങ്ങേരെയും കടത്തിവെട്ടും. ഒരേസമയം പല മുന്നണികളോടും പാര്‍ട്ടികളോടുമൊപ്പം നില്‍ക്കുന്നതാണ് എന്‍സിപിയുടെ രീതി. കേരളത്തില്‍ പാര്‍ട്ടി ഇടതുമുന്നണിയോടൊപ്പമാണ്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനോടൊപ്പം. ഗോവയില്‍ ബിജെപിക്കു പിന്തുണ. ഇങ്ങനെ ഏതൊരാള്‍ വന്നു കൈപിടിച്ചാലും എന്‍സിപി കൂടെ പോവും. അങ്ങനെയൊരു പാര്‍ട്ടി തന്നെയാവും കേരളാ കോണ്‍ഗ്രസ്-ബിക്ക് ലയിക്കാന്‍ നല്ലത്. സ്വഭാവവശാല്‍ എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ മന്ത്രി ഗണേഷ്‌കുമാറിനു നല്ലൊരു കൂട്ടുമാവും.
മൊത്തം പിള്ളേച്ചന്റെ പ്ലാന്‍ അതിഗംഭീരമാണെങ്കിലും കണ്ണന്‍ ചില അശുഭലക്ഷണങ്ങള്‍ കാണാതിരിക്കുന്നില്ല. ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വവുമായി കീഴൂട്ടു കുടുംബത്തിലെ വലിയ പിള്ളയ്ക്കും ചെറിയ പിള്ളയ്ക്കും ചില ‘എക്കച്ചെക്ക’കള്‍ ഉണ്ടായിക്കൂടെന്നില്ല. കുറച്ചു കഴിയുമ്പോള്‍ എന്‍സിപി- ബി എന്നൊരു പാര്‍ട്ടി രൂപീകരിക്കപ്പെട്ടുകൂടായ്കയുമില്ല. എങ്കിലും ഒരേതൂവല്‍പ്പക്ഷികള്‍ ഒരുമിച്ചു ചേക്കേറുമ്പോള്‍ നമുക്ക് സന്തോഷത്തോടെ കൈയടിച്ചുകൊടുക്കാം; പിണറായിക്ക് ത്രീ ചിയേഴ്‌സ്.

*****

ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ ഒന്നേയുള്ളൂവെങ്കിലും എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയവര്‍ മലയാളനാട്ടില്‍ ഒരുപാടുണ്ട്. ഇക്കൊല്ലത്തെ എഴുത്തച്ഛന്‍ എം മുകുന്ദനാണ്. കൃത്യമായി പറഞ്ഞാല്‍ മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം നേടിയത് കേരളീയനായ എഴുത്തുകാരനല്ല. മുകുന്ദന്‍ മയ്യഴിക്കാരനാണ്. മയ്യഴി പുതുശ്ശേരി സംസ്ഥാനത്തിലാണ്. പക്ഷേ, അതൊന്നും കാര്യമാക്കേണ്ട. മലയാളികളുടെ ഹൃദയത്തില്‍ കുടിയിരിക്കുന്ന കഥാകൃത്താണ് മുകുന്ദന്‍. പിന്നെയെവിടെ അതിര്‍വരമ്പുകള്‍?
തനിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടിയതിന്റെ കാരണം മലയാളികളുടെ ഈ പ്രിയപ്പെട്ട എഴുത്തുകാരന്‍ കണ്ടെത്തിയിരിക്കുന്നു. താന്‍ കുറേക്കാലമായി കൊണ്ടുനടക്കുന്ന ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകാരമാണത്രേ പുരസ്‌കാരലബ്ധി. എന്താണ് ഇത്രയും വലിയ പുരസ്‌കാരം ഒത്തുകിട്ടാന്‍ പാകത്തില്‍ മുകുന്ദന്‍ കൊണ്ടുനടന്ന നിലപാടെന്ന് കണ്ണന്‍ ആലോചിച്ചുനോക്കിയപ്പോഴാണ് സംഗതി തെളിഞ്ഞുകിട്ടിയത്. ഒരിക്കലും മുകുന്ദേട്ടന്‍ ഇടതു രാഷ്ട്രീയത്തിന് എതിരു നിന്നിട്ടില്ല. സാര്‍ത്രിനെയും കാമുവിനെയും പറ്റി പറഞ്ഞുനടന്ന കാലത്തുപോലും മുകുന്ദന്‍ മനസ്സില്‍ എസ്എഫ്‌ഐക്കാരനായിരുന്നു. ഭാംഗിന്റെയും ചരസിന്റെയും ലോകത്തെപ്പറ്റി വാചാലനായ കാലത്തും ഇന്‍ക്വിലാബ് വിളിച്ചാല്‍ ഏറ്റുവിളിക്കുമായിരുന്നു. ഇപ്പോഴും പിണറായി വിജയന്‍ എന്നു കേട്ടാല്‍ ഉറക്കം ഞെട്ടിയെണീറ്റുപോവും ഈ എഴുത്തുകാരന്‍. കോടിയേരി ബാലകൃഷ്ണന്‍ എന്നുകൂടി കേട്ടാല്‍ എന്തുണ്ടാവുമെന്ന് പിന്നീടൊരിക്കല്‍ പറയേണ്ടതില്ല. ഇത്രയും ഉറച്ച നിലപാടുള്ള ഒരാള്‍ക്കല്ലാതെ പിന്നെ ഏതെഴുത്തുകാരനാണ് എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കുക? മുകുന്ദേട്ടാ, റെഡ് സല്യൂട്ട്.

*****

ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയില്‍ നാണയമിട്ടാല്‍ കുപ്പിവെള്ളം കിട്ടും. ജല എടിഎം എന്ന ഈ ഏര്‍പ്പാട് കൊള്ളാമല്ലോ എന്നാണു കണ്ണന് പറയാനുള്ളത്. 44 നദികളുണ്ടെന്നും തോരാമഴ പെയ്യുന്നുണ്ടെന്നും തിരുവാതിര ഞാറ്റുവേലയുടെ സ്വന്തം നാടാണെന്നുമൊന്നും പറഞ്ഞിട്ടു കാര്യമില്ല. കേരളത്തില്‍ കുടിവെള്ളം കിട്ടാന്‍ ഇത്തിരിയൊന്നുമല്ല പാട്. ജല എടിഎമ്മിന് അതിനാല്‍ വിപ്ലാഭിവാദ്യങ്ങള്‍.
നാണയമിട്ടാല്‍ വെള്ളം കിട്ടുന്ന ഏര്‍പ്പാട് മറ്റുചില മേഖലകളില്‍ കൂടി വ്യാപിപ്പിച്ചുകൂടെ എന്നു കണ്ണന്‍ ചോദിച്ചാല്‍ പരിഭവിക്കരുത്. ബിവറേജസ് കോര്‍പറേഷന് ഭംഗിയായി നടപ്പാക്കാവുന്ന പദ്ധതിയാണിത്. ഇപ്പോള്‍ ഒന്ന് മിനുങ്ങണമെങ്കില്‍ എത്ര സമയമാണ് ബിവറേജസിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരുന്നത്. എടിഎം വഴി സാധനം കിട്ടുമെങ്കില്‍ സംഗതി കുശാലായി. എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി ഇക്കാര്യം കൂടി ആലോചിക്കണം. എടിഎം ആവുമ്പോള്‍ ദൂരപരിധിയൊന്നും അത്ര കാര്യമാക്കേണ്ടിവരുകയില്ലല്ലോ. പിണറായി വിജയന്റെയും ടി പി രാമകൃഷ്ണന്റെയും സത്വര ശ്രദ്ധയിലേക്ക് ഇക്കാര്യം സമര്‍പ്പിച്ചുകൊണ്ട് കണ്ണന്‍ നിര്‍ത്തുകയാണ്. ക്യൂ നിന്നു വാങ്ങണമെന്നില്ലല്ലോ, സാധനം കിട്ടിയാല്‍ പോരേ സഖാക്കളേ. ി

അവശിഷ്ടം: ബന്ധുനിയമനം: മന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ്.
പിന്തുടര്‍ച്ചാ നിയമനമാണെങ്കില്‍ യൂത്ത് ലീഗിന് പ്രശ്‌നമില്ലായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss