|    Jun 23 Sat, 2018 9:54 pm
FLASH NEWS

വരുമാന വര്‍ധനവിന് ചുക്കാന്‍പിടിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

Published : 9th January 2017 | Posted By: fsq

 

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷ നല്‍കുന്ന പ്രവര്‍ത്തനം കാഴ്ച വച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിന് പിന്നില്‍ ഒത്തുകളിയെന്ന് ആരോപണം. കെഎസ്ആര്‍ടിസിയുടെ സിറ്റി യൂനിറ്റിന്റെ വരുമാനത്തില്‍ വലിയ വര്‍ധന കൊണ്ടുവന്ന യൂനിറ്റ് തലവനായ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഉദയകുമാറിനെയാണു കോഴിക്കോട്ടേക്കു സ്ഥലംമാറ്റിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളി യൂനിയനുകള്‍ കൂടി സഹകരിച്ച് നടത്തിയ കലക്ഷന്‍ വര്‍ധനാ യജ്ഞത്തിലൂടെ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുലക്ഷം രൂപയുടെ വന്‍വര്‍ധനവാണു സിറ്റി യൂനിറ്റിലുണ്ടായത്. മറ്റ് യൂനിറ്റുകള്‍ക്ക് മാതൃകയായ പ്രവര്‍ത്തനം കാഴ്ചവച്ച ഉദയകുമാര്‍ മാധ്യമങ്ങളുടെയും മറ്റ് പ്രശംസയ്ക്ക് പാത്രമായതിനു തൊട്ടുപിന്നാലെയാണു സ്ഥലംമാറ്റം. സ്വകാര്യ ബസ് ഉടമകളുമായി രഹസ്യബാന്ധവമുള്ള ചില ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദഫലമായാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയതെന്നാണു സൂചന. ഇതിനെതിരേ യൂനിറ്റിലെ തൊഴിലാളികളും വിവിധ യൂനിയനുകളും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് ഉദയകുമാര്‍ തിരുവനന്തപുരത്തു ചാര്‍ജെടുത്തത്. ജീവനക്കാരെ മുഴുവന്‍ വിശ്വാസത്തിലെടുത്ത് അവരുടെക്കൂടി സഹകരണത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് വരുമാന വര്‍ധന ഉണ്ടാക്കിയത്. ഒരു ദിവസം ഏഴര ലക്ഷം രൂപ വരെയായിരുന്നു സിറ്റി യൂനിറ്റില്‍ നിന്നു ലഭിച്ച വരുമാനം. എന്നാല്‍ പുതിയ പരിഷ്‌കാരങ്ങളിലൂടെ ഇത് 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ കലക്ഷനില്‍ ക്രമാനുഗതമായ വര്‍ധനവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 30ന് എട്ടു ലക്ഷവും 31ന് 8,72,000 രൂപയും ഈ യൂനിറ്റ് നേടി. കഴിഞ്ഞ മൂന്നിന് ഇത് 9,37,161 രൂപയായി ഉയര്‍ന്നു. അഞ്ചിന് 9,98,889 രൂപയും ആറിന് 10,24,189 ആയും വര്‍ധിച്ചു. ഇത് തുടരവേയാണു പൊടുന്നനെയുള്ള സ്ഥലംമാറ്റം. ഷെഡ്യൂളുകള്‍ ഒഴിവാക്കുന്നതിലും സമയക്രമം പാലിക്കാതിരിക്കുന്നതും സ്വകാര്യ ബസ്സുകളുടെ സഹായിക്കാനാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. കെഎസ്ആര്‍ടിസിയുടെ വരുമാന നഷ്ടത്തിനു പ്രധാന കാരണവും ഇതാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദയകുമാര്‍ മുന്‍കൈയെടുത്തിരുന്നു. ഇതാണ് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കാന്‍ ഇടയാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss