|    May 22 Tue, 2018 8:07 am
Home   >  Environment   >  

വരുന്ന തലമുറയ്ക്കായി ഇതാ വരുന്നു മഴപ്പൊടി !

Published : 13th March 2017 | Posted By: G.A.G

pinarayi_cabinet_meet

മൂന്നു കോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്നും മൂന്നു വര്‍ഷത്തിനകം അവ നട്ടുപിടിപ്പിക്കുമെന്നുമാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. വെറുതെ. മരമൊക്കെ പാഴ്‌ച്ചെലവാണ്. പണ്ടായിരുന്നെങ്കില്‍ മഴപെയ്യിക്കാനെങ്കിലും ഉപകരിക്കുമായിരുന്നു. നാടെങ്ങും മരം വച്ചുപിടിപ്പിക്കുക. കഴിയുന്നത്ര മരം വെട്ടാതിരിക്കുക. അങ്ങനെ മരങ്ങള്‍ കണ്ടമാനമാവുമ്പോള്‍ green-notes-newകരയില്‍ മാത്രമല്ല, കടലിലും മഴപെയ്യും. അതായിരുന്നു പഴയ രീതി. ഇപ്പോഴത്തെ രീതി വേറെയാണ്. കുളികഴിഞ്ഞോടുന്ന കുട്ടികളെ അമ്മമാര്‍ പിടികൂടി തലതുവര്‍ത്തി രാസ്‌നാദിപ്പൊടിയിട്ടു തിരുമ്മുന്നതുപോലെ, പെയ്യാതെ പോവുന്ന കാര്‍മേഘങ്ങളെ റഡാറിലൂടെ കണ്ടെത്തി ഓടിച്ചിട്ടു പിടിച്ച്, കുറച്ച് രാസവസ്തുക്കള്‍ വിതറി മഴപെയ്യിപ്പിക്കും. മേഘങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കൃത്രിമ മഴപെയ്യിപ്പിക്കാന്‍ ആലോചിച്ചുവരുകയാണത്രേ സര്‍ക്കാര്‍. വേണ്ടിവന്നാല്‍ മേഘങ്ങളെ ഞെക്കിപ്പിഴിഞ്ഞും മഴ ഊറ്റും.
cloud-seeding

ഇനിയിപ്പോള്‍ ഐസക് വിഭാവനം ചെയ്യുന്നപോലെ മരത്തൈ നട്ട് മഴപെയ്യിപ്പിക്കുന്ന പഴയ രീതിയായാലും വിജയിക്കാന്‍ സാധ്യത കുറവാണ്. മഴയില്ലാത്ത ഇക്കാലത്ത് മരത്തൈകള്‍ നനച്ചു വളര്‍ത്താനും മഴ പെയ്യിക്കേണ്ടതായിവരും. കുഴിച്ചെടുത്ത മണ്ണിടാന്‍ മറ്റൊരു കുഴി കുഴിക്കേണ്ടിവരുന്നതുപോലെ.
ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് ഐസക് പറഞ്ഞത് മറക്കാന്‍ സമയമായിട്ടില്ല. കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായുള്ള നാലരക്കോടി ബള്‍ബുകളില്‍ 90 ശതമാനവും സിഎഫ്എല്‍ ആണെന്നും ഇവയൊക്കെ മാറ്റി എല്‍ഇഡി ബള്‍ബാക്കിയാല്‍ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നുമാണ് ഐസക് മുമ്പ് പറഞ്ഞത്. നാലരക്കോടി ബള്‍ബിന് ഏതാണ്ട് 250 കോടി രൂപ ചെലവുവരും. 1,500 കോടി മുടക്കി ആതിരപ്പിള്ളി പദ്ധതി കൊണ്ടുവന്നാല്‍ 170 മെഗാവാട്ടേ കിട്ടുകയുള്ളൂവെന്നാണ് ഐസക് അന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റ്. സര്‍ക്കാര്‍ 250 കോടി മുടക്കി മുഴുവന്‍ വൈദ്യുതിവിളക്കുകളും സൗജന്യമായി എല്‍ഇഡി വിളക്കുകളാക്കിയാല്‍ ഏതാണ്ട് 2,250 കോടി രൂപ മുടക്കി പുതിയ വൈദ്യുതനിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്നു ചൂണ്ടിക്കാട്ടിയ ഐസക് മന്ത്രി ദീര്‍ഘവീക്ഷണമില്ലാത്തയാളാണെന്ന് ആരും പറയില്ല. അതുകൊണ്ടാവണം അദ്ദേഹം ആ പോസ്റ്റില്‍ തന്നെ മുന്‍കൂര്‍ ജാമ്യമെടുത്ത് ഒരു വാചകം കൂടി എഴുതിച്ചേര്‍ത്തു: ”ആതിരപ്പിള്ളി വേണമെന്നു പറയുന്നവരെല്ലാം പരിസ്ഥിതിവിരുദ്ധരെന്നു ധരിക്കേണ്ട.” ഈ വാചകത്തിന്റെ അര്‍ഥം ഇപ്പോള്‍ പിടികിട്ടിയില്ലേ? ഇന്ദ്രനായാലും ചന്ദ്രനായാലും കേരളത്തില്‍ മഴപെയ്യില്ലെന്നു പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ എങ്ങനെയാണ് പരിസ്ഥിതിവിരുദ്ധനെന്നു വിളിക്കുക?

ATHIRAPPALLY

മഴയത്ത് നടക്കാന്‍ എനിക്കിഷ്ടമാണ്, എന്റെ കരച്ചില്‍ മറ്റാരും കാണില്ലല്ലോ എന്നു പറഞ്ഞത് ചാര്‍ളി ചാപ്ലിനാണ്. കേരളത്തിന്റെ കരച്ചില്‍ പെയ്യാതെപോയ മഴയെ ഓര്‍ത്താണ്. ആ കരച്ചിലും ഇനിയാരും കാണില്ല.
മഴയില്ലെന്നും കാലാവസ്ഥ മാറുന്നുവെന്നും കേരളം മരുഭൂമിയാവുന്നുവെന്നുമൊക്കെപ്പറഞ്ഞ് ആരും ഇനി നിലവിളി കൂട്ടേണ്ട. കേരളജനത ആര്‍ക്കു മുന്നിലും മുട്ടുമടക്കില്ല. മഴമേഘമായാലും മലവെള്ളമായാലും മരുവല്‍ക്കരണമായാലും. തലയ്ക്ക് മീതെ വെള്ളം പൊങ്ങിയാല്‍ അതുക്ക് മീതെ തോണിയിടും.
നൂറ്റാണ്ടിലുണ്ടായിട്ടില്ലാത്തത്ര വലിയ വരള്‍ച്ചയാണ് വരാന്‍ പോവുന്നത്. വരട്ടെ. ഇരട്ടച്ചങ്കുള്ള മുഖ്യനുള്ളപ്പോള്‍ ആരും ഒന്നും പേടിക്കേണ്ട. മരം വെട്ടിക്കോളൂ, മഴപെയ്യിക്കാന്‍ വേറെ വഴിയുണ്ട്. ചൂടു കൂടിയാല്‍ എസി വയ്ക്കാം. വെള്ളമില്ലെങ്കില്‍ കുപ്പിവെള്ളം ചൈനയില്‍ നിന്നു വരുത്തും. മരങ്ങള്‍ക്കു പകരം മഴപ്പൊടി നിര്‍മിക്കുന്ന ലബോറട്ടറികളും ഫാക്ടറികളും ഉയരട്ടെ. കുറേപേര്‍ക്ക് അങ്ങനെ തൊഴിലും കിട്ടും. ഇതാണ് സുസ്ഥിര വികസനം എന്നൊക്കെപ്പറയുന്നത്. കിളികളും കളകളാരവവുമൊക്കെ വേണമെന്നുള്ളവര്‍ക്കായി നാഷനല്‍ ജ്യോഗ്രഫിക് മാതൃകയില്‍ പാര്‍ട്ടി ഒരു ചാനല്‍ കൂടി ആരംഭിക്കും.
മംഗളൂരു പ്രസംഗത്തിന്റെ ശൈലിയില്‍ പറഞ്ഞാല്‍, ഇതൊന്നും ഒരു ദിവസം ആകാശത്തു നിന്ന് പൊട്ടിമുളച്ച ആശയമല്ല. അതുകൊണ്ടുതന്നെയാണ് പാതയോരത്ത് ഇനി കായ്ക്കാത്ത മരമൊന്നും നടില്ലെന്ന് മുഖ്യമന്ത്രി കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചത്. മഴപെയ്യിക്കാന്‍ കുറച്ചു പൊടിയും ഒരു സ്പൂണും മതിയെങ്കില്‍ പിന്നെയെന്തിന് കായ്ഫലമില്ലാത്ത മരങ്ങള്‍ ഈ നാട്ടില്‍? ആതിരപ്പിള്ളി വനമേഖലയിലുമുണ്ട് ഇത്തരത്തില്‍ കുറേ യൂസ്‌ലെസ് മരങ്ങള്‍. ഒന്നും രണ്ടുമല്ല 138.6 ഹെക്ടര്‍ വനഭൂമി! എല്ലാം ശരിയാക്കുന്നതിന്റെ ആദ്യഘട്ടമായി ഇതില്‍ 42 ഹെക്ടറിലെ മരം ഉടന്‍ തന്നെ മുറിച്ചുമാറ്റും.

vezhambal two

കൊച്ചിയിലെ മെട്രോ സ്‌റ്റേഷന്റെ ചുവരുകളില്‍ വേഴാമ്പലിന്റെ ചിത്രം വരപ്പിച്ചിട്ടുണ്ട്. ആതിരപ്പിള്ളി നടപ്പാവുമ്പോള്‍ വേഴാമ്പലുകള്‍ ഇല്ലാതാവുമെന്നു പറയുന്നവര്‍ക്കു വേണ്ടിയാണ്. കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുകയല്ലേ വേണ്ടൂ. അതിന് ചിത്രം ധാരാളം. ഈ ബുദ്ധിയെന്താ ദാസാ നമുക്ക് നേരത്തേ തോന്നാത്തത്? കുരങ്ങന്റെ ചിത്രം സര്‍ക്കാര്‍ കലണ്ടറില്‍ അച്ചടിപ്പിച്ച് സൈലന്റ്‌വാലിയില്‍ പണ്ടേ അണകെട്ടാമായിരുന്നു. ഉപ്പോളം വരില്ല ഉപ്പിലിട്ടതെന്നു പറഞ്ഞത് തിരുത്താന്‍ സമയമായിരിക്കുന്നു. ഉപ്പിലിട്ടതിനാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ഉപ്പിനല്ല.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss