|    Apr 27 Fri, 2018 6:35 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വരുന്നു, ശുനകരക്ഷാസേന

Published : 29th October 2016 | Posted By: SMR

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

തെരുവുനായപ്രശ്‌നം ശെയ്ത്താന്റെ നാട്ടില്‍ ഇന്തോ-പാക് സംഘര്‍ഷത്തേക്കാള്‍ ഭയങ്കരമായ ഒന്നായി മാറിയിരിക്കയാണല്ലോ! ഇന്തോ-പാക് സംഘര്‍ഷം പറഞ്ഞുതീര്‍ക്കുകയോ തന്ത്രപ്രതിനിധികളെ പുറത്താക്കി പരിഹരിക്കുകയോ ചെയ്യാം. തെരുവുനായക്കാര്യം അങ്ങനെയല്ല. അരീം തിന്ന് ആശാരിച്ചിനീം കടിച്ച് പിന്നീം നായ മുന്നോട്ടുതന്നെയാണ്.
പരിഹാരമായി നായകളെ പിടികൂടി വിഷം കുത്തിവച്ച് കൊല്ലുക എന്ന അത്യാധുനിക മാര്‍ഗമാണ് ചിലര്‍ നിര്‍ദേശിക്കുന്നത്. എന്നല്ല, ചിലയിടത്ത് അതു നടപ്പാക്കാനും തുടങ്ങിയിട്ടുണ്ട്. ജോസ് മാവേലി എന്ന മഹാനുഭാവനാണ് ഇതിന്റെ പേറ്റന്റ്.
അപ്പോഴല്ലേ, കേന്ദ്രമന്ത്രിണി മേനക ഗാന്ധി ശരേന്ന് പാഞ്ഞുവരുന്നത്. നായകളെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നാണ് മന്ത്രിയുടെ തിട്ടൂരം. കേന്ദ്രത്തിന്റെ നയമാണോ മന്ത്രിണി പറഞ്ഞതെന്ന് ഉറപ്പില്ല. പശുവിനെ കൊല്ലുന്നവര്‍ക്കെതിരേ കാപ്പ ചുമത്തണമെന്നാണ് മന്ത്രിണി പറഞ്ഞിരുന്നതെങ്കില്‍ അത് വിശ്വാസയോഗ്യമാവുമായിരുന്നു. ഗോക്കളെ കൊല്ലുന്നവര്‍ക്ക് കാപ്പയെക്കാള്‍ മ്മിണി വലിയ കോപ്പശിക്ഷ സര്‍ക്കാര്‍ പറയാതെ തന്നെ ചിലര്‍ ഒപ്പിച്ചുകൊടുക്കുന്നുണ്ടല്ലോ!
മൃഗങ്ങളോട് മേനകയ്ക്ക് വല്ലാത്ത ദീനാനുകമ്പയുണ്ട്. എന്തുകൊണ്ടും മനുഷ്യരെക്കാള്‍ ഭേദം മൃഗങ്ങളാണെന്നു തോന്നാന്‍ ഒരു പ്രധാന കാരണമുണ്ട്. മൃഗങ്ങള്‍ കള്ളം പറയില്ല എന്നതാണത്. അതുകൊണ്ടാണ് മുസഫര്‍നഗറില്‍ ചിലര്‍ ചത്തൊടുങ്ങിയപ്പോള്‍ മേനകയ്ക്ക് അതില്‍ ദുഃഖമോ കാപ്പയോ തോന്നാതിരുന്നത്. ദൈവഹിതം ആര്‍ക്ക് മായ്ക്കാനാവും.
എന്തായാലും മേനകയുടെ തിട്ടൂരമൊന്നും ശെയ്ത്താന്റെ നാട്ടില്‍ ഏശുന്നതു കാണുന്നില്ല. മാവേലിയും സംഘവും രണ്ടും കല്‍പിച്ചുതന്നെയാണ്. കാപ്പയായാലും കോപ്പനായാലും തെരുവുനായകള്‍ക്ക് നിത്യസമാധി എന്ന മുദ്രാവാക്യം ടിയാനും സംഘവും മുഴക്കുക തന്നെ ചെയ്യും.
പിണറായിയുടെ പോലിസ് കാപ്പ ചുമത്തി നായവധക്കാരെ തൂക്കിക്കൊല്ലുമോ എന്നാണ് ഇനി അറിയാനുള്ളത്. യുഎപിഎ, ഭീകരവിരുദ്ധ മറുനിയമം തുടങ്ങിയ ഏടാകൂടങ്ങളെ ശുനകവേട്ടക്കാര്‍ക്കെതിരേ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതാനും മേനകയ്ക്ക് ഉദ്ദേശ്യമുണ്ടത്രെ.
ശുനകവേട്ട മാഹാത്മ്യത്തെ അതിശ്രദ്ധേയമാക്കുന്നത് ഇതൊന്നുമല്ലേ പുള്ളേ. വര്‍ക്കലയില്‍ ശുനകവേട്ടക്കാരെ അറസ്റ്റ് ചെയ്യാന്‍ വന്ന പോലിസിനെ വിരട്ടിയവരില്‍ മേനകയുടെ പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. ശുനകവേട്ടയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ ആഗ്രഹിക്കുന്നത് ശുനകവധം തന്നെയല്ലേ! അപ്പോള്‍ മന്ത്രിണിയുടെ വാക്കുകള്‍ ലംഘിച്ചതിന് ബിജെപിക്കാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ മേനകയ്ക്ക് സമ്മര്‍ദം ചെലുത്താവുന്നതാണ്. പുറത്താക്കിക്കഴിഞ്ഞാല്‍ പിന്നെ മറ്റു ശിക്ഷാനടപടികളിലേക്കു കടക്കാന്‍ എളുപ്പമാണ്. ഇനി വര്‍ക്കലയില്‍ പോലിസിനെ തടഞ്ഞവരില്‍പെട്ട ബിജെപിക്കാര്‍ കോണ്‍ഗ്രസ്സുകാരാണെന്നു വരുമോ? പകല്‍ ബിജെപിയും രാത്രി കോണ്‍ഗ്രസ്സുമാവുന്നവര്‍ അനവധിയുണ്ടെന്ന് ശ്രദ്ധതിരിക്കാനാണ് ഇക്കാര്യം പറയുന്നത്.
കേരളത്തില്‍ മാത്രമാണ് ആളുകളെ നായ കടിക്കുന്നത് എന്ന് പറഞ്ഞുകേള്‍ക്കുന്നു. ഭക്ഷ്യമാലിന്യങ്ങള്‍ അവിടെയുമിവിടെയും വലിച്ചെറിയുന്നതുകൊണ്ടാണ് അവയുടെ കോമ്പല്ലുകള്‍ നീളുന്നതെന്നും അശരീരിയുണ്ട്. അപ്പോള്‍ ഒരു ചോദ്യമുയരുന്നു. ഭക്ഷ്യമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നിടത്തും നായ ഭീഷണിമുഴക്കുന്നതെന്താണ് പുള്ളേ?
മനുഷ്യരെ കൊല്ലുന്ന നായകള്‍ക്കെതിരേ കാപ്പ ചുമത്തണമെന്ന് മന്ത്രിണി പറയില്ല. കാരണം, കടിക്കല്‍ നായകളുടെ മൗലികാവകാശമാണ്. നായയെ പകരം നിങ്ങള്‍ കടിക്കുന്നുവെങ്കിലും കാപ്പ വരില്ല. കാരണം, കടിക്കുക എന്നത് നിങ്ങളുടെയും മൗലികാവകാശമാണല്ലോ!
ശുനകസമൂഹത്തെ ഷണ്ഡീകരിച്ചാല്‍ പ്രശ്‌നം തീരുമെന്ന് ചില മധ്യസ്ഥര്‍ പറയുന്നുണ്ട്. ഷണ്ഡീകരിച്ച നായയുടെ കോമ്പല്ല് താനെ കൊഴിഞ്ഞുപോവും എന്ന ശുഭാപ്തിവിശ്വാസികളുടേതാണ് ഈ ആശയം. പിണറായിയുടെ പോലിസ് എന്തുതന്നെ ചെയ്താലും ശരി കേന്ദ്രമന്ത്രിണി ശുനകസംരക്ഷണത്തില്‍നിന്ന് പിന്നോട്ടില്ല.
വേണ്ടിവന്നാല്‍ ഗോരക്ഷാസേനകളുടെ മാതൃകയില്‍ ശുനകരക്ഷാസേനകളും രംഗത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കോയിക്കോട്ടെ നാടന്‍ പണിക്കര്‍ പറയുന്നത്. ശരിയാണോ എന്തോ? വടക്കുകിഴക്കന്‍ മേഖലയില്‍ പട്ടിയിറച്ചിതീറ്റ നിരോധിക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി പട്ടികളുടെ കണക്കെടുക്കാന്‍ മന്ത്രിണി അടുത്തുതന്നെ ഗുവാഹത്തിയിലേക്കു പോവുന്നുണ്ടെന്നും കേള്‍ക്കുന്നു.                    ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss