|    Nov 17 Fri, 2017 11:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വരുണ്‍ഗാന്ധി പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തി

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ഗാന്ധി സുപ്രധാന പ്രതിരോധരഹസ്യങ്ങള്‍ ഇടനിലക്കാരന്‍ അഭിഷേക് വര്‍മയ്ക്കും ആയുധനിര്‍മാതാക്കള്‍ക്കും ചോര്‍ത്തിക്കൊടുത്തതായി ആരോപണം. സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവുമാണ് വരുണിനെതിരേ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ എഡ്മണ്ട്‌സ് അലന്‍ കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ഓഫിസിനെഴുതിയ കത്ത് അവര്‍ പുറത്തുവിട്ടു. വരുണിനെ വര്‍മ ചാരസുന്ദരികളെ വിട്ട് വരുതിയിലാക്കി കുടുക്കി എന്നാണ് കത്തില്‍ പറയുന്നത്. ഡിഫന്‍സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായ വരുണിനെ വര്‍മ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നാണ് ആരോപണം. യുദ്ധമുറിചോര്‍ച്ച കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് അഭിഷേക് വര്‍മ.
പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തെഴുതിയ അലന്‍, അഭിഷേക് വര്‍മയുടെ വ്യാപാരപങ്കാളിയായിരുന്നു. 2012ലാണ് അവര്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞത്. എല്ലാ വിവരങ്ങളും ലഭിച്ചിട്ടും കുംഭകോണത്തിലകപ്പെട്ട സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകള്‍ വിറ്റ താലസ് കസ്‌യനിയെ ബിജെപി സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. താലസ് കമ്പനിക്കെതിരായ ഏതു നടപടിയും റഫേല്‍ കരാറിനെ തകിടംമറിക്കുമെന്ന് ഭൂഷണ്‍ പറഞ്ഞു.
പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സിബിഐ, എന്‍എസ്‌ഐ എന്നിവര്‍ക്ക് എല്ലാ വിവരങ്ങളും സഹിതം ഈ വര്‍ഷം ആഗസ്തിലും സപ്തംബറിലുമാണ് അലന്‍ എഴുതിയത്. എന്നാല്‍, തനിക്കെതിരായ ആരോപണം വരുണ്‍ഗാന്ധി നിഷേധിച്ചു. ഭൂഷണും യാദവിനുമെതിരേ അപകീര്‍ത്തിക്കേസ് കൊടുക്കും. തനിക്ക് 22 വയസ്സുള്ളപ്പോള്‍ ലണ്ടനില്‍ ബിരുദാനന്തര വിദ്യാര്‍ഥിയായിരിക്കെയാണ് താന്‍ അഭിഷേക് വര്‍മയെ അവസാനമായി കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക