|    Jan 21 Sat, 2017 11:17 pm
FLASH NEWS

വരും വര്‍ഷങ്ങളില്‍ നഷ്ടമുണ്ടാവും: കെഎസ്ഇബി

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: 2016-17 വര്‍ഷത്തില്‍ 1677 കോടി രൂപയുടെയും 2017-18 സാമ്പത്തികവര്‍ഷത്തില്‍ 2127 കോടിയുടെയും നഷ്ടമുണ്ടാവുമെന്ന് വൈദ്യുതി ബോര്‍ഡ്. റെഗുലേറ്ററി കമ്മീഷന്‍ സിറ്റിങില്‍ ബോര്‍ഡ് സമര്‍പ്പിച്ച വരവുചെലവു കണക്കിലാണ് ഭീമമായ നഷ്ടമുണ്ടാവുമെന്നു ചൂണ്ടിക്കാട്ടിയത്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് നിശ്ചിതസമയത്തിനകം വരവുചെലവു കണക്കു സമര്‍പ്പിക്കാത്ത പശ്ചാത്തലത്തില്‍ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ തയ്യാറാക്കിയ വരവുചെലവു കണക്കില്‍ അടുത്ത രണ്ടു സാമ്പത്തികവര്‍ഷത്തില്‍ കെഎസ്ഇബിക്ക് വന്‍ലാഭമാണ് ഉണ്ടാവുകയെന്നു പറയുന്നു.
2016-17 വര്‍ഷത്തേക്ക് കമ്മീഷന്‍ തയ്യാറാക്കിയ 10,547 കോടി രൂപയുടെ വരവുചെലവു കണക്കില്‍ 574 കോടി രൂപയുടെ ലാഭവും 2017-18 സാമ്പത്തികവര്‍ഷത്തില്‍ 13,087 കോടിയുടെ വരവുചെലവു കണക്കില്‍ 600 കോടി രൂപയുടെ ലാഭവുമാണു കണക്കാക്കിയിരിക്കുന്നത്. സമയപരിധിക്കുള്ളില്‍ ബോര്‍ഡിന് കണക്കു സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിലവിലെ ചട്ടമനുസരിച്ച് കമ്മീഷന്‍ സ്വമേധയാ വരവുചെലവു കണക്ക് തയ്യാറാക്കുമെന്ന് നേരത്തെതന്നെ ബോര്‍ഡ് നേതൃത്വത്തെ അറിയിച്ചിരുന്നു.
ഓരോവര്‍ഷവും ബോര്‍ഡ് സമര്‍പ്പിക്കുന്ന വരവുചെലവു കണക്ക് അനുസരിച്ചാണ് നിരക്കുവര്‍ധനയ്ക്കും സര്‍ചാര്‍ജ് പിരിക്കുന്നതിനും കമ്മീഷന്‍ അനുമതി നല്‍കുന്നത്. വൈദ്യുതി ബോര്‍ഡ് വരവുചെലവു കണക്ക് അവതരിപ്പിക്കാത്തതിനാലാണ് റഗുലേറ്ററി കമ്മീഷന്‍ വരവുചെലവു തയ്യാറാക്കിയതെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി എന്‍ മനോഹരന്‍ വ്യക്തമാക്കി. കമ്മീഷനും ബോര്‍ഡും അവരുടെ വാദങ്ങള്‍ സിറ്റിങില്‍ നിരത്തി. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാല്‍ കമ്മീഷന്‍ ആവശ്യപ്പെട്ട തരത്തിലുള്ള വരുമാന- ചെലവ് റിപോര്‍ട്ട് നല്‍കാന്‍ നിര്‍വാഹമില്ലെന്ന് ബോര്‍ഡ് അറിയിച്ചു.
നഷ്ടത്തിലോടുന്ന വൈദ്യുതി ബോര്‍ഡിന് വൈദ്യുതിനിരക്കു കുറയ്ക്കാനാവില്ലെന്നും താരിഫ് പരിഷ്‌കരണത്തിനുള്ള അപേക്ഷ നല്‍കാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. വൈദ്യുതി ബോര്‍ഡിന്റെ താരിഫ് കാലാവധി ഈവര്‍ഷം മാര്‍ച്ചിലാണ് അവസാനിച്ചത്. 2014ല്‍ ബോര്‍ഡിന് അനുവദിച്ച താരിഫ് നിലനില്‍ക്കുന്നതായും കോടതി വിധിക്കുശേഷം പ്രാബല്യത്തിലുള്ള വിധി പരിശോധിച്ചുമാത്രമേ മുന്നോട്ടുപോവാന്‍ കഴിയൂവെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.
കായംകുളം, ബിഎസ്ഇഎസ് താപവൈദ്യുത നിലയത്തില്‍നിന്ന് വൈദ്യുതി വാങ്ങാനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. വര്‍ഷം 250 കോടി രൂപ കൊടുക്കുന്നുണ്ടെങ്കിലും കായംകുളത്തുനിന്ന് വൈദ്യുതി വാങ്ങിയിട്ടില്ല. ഒരു യൂനിറ്റ് വൈദ്യുതിക്ക് 2014ല്‍ 12 രൂപയുണ്ടായിരുന്നപ്പോള്‍ അനുവദിച്ച നിരക്കുപ്രകാരമാണ് ഉപയോക്താക്കളില്‍നിന്ന് വൈദ്യുതിച്ചാര്‍ജ് ഈടാക്കുന്നതെന്ന് ഗാര്‍ഹിക ഉപയോക്താക്കളെ പ്രതിനിധീകരിച്ച് ഹിയറിങില്‍ പങ്കെടുത്ത ഡിജോ കാപ്പന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഒരു യൂനിറ്റ് വൈദ്യുതി രണ്ടുരൂപ നിരക്കില്‍ ലഭിക്കും. അതിനാല്‍, നിരക്കുകുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക