|    Jun 22 Fri, 2018 1:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വരും നാളില്‍… സഭയിലാരെന്നും എന്തെന്നും ആര്‍ക്കറിയാം

Published : 11th May 2016 | Posted By: SMR

01പിഎഎം ഹനീഫ്

14ാം നിയമസഭയില്‍ കൊലകൊമ്പന്മാര്‍ പലരും ഇത്തവണ ‘കാട്’ ഇളക്കാന്‍ ഉണ്ടാവില്ല. 19ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഷെഡ്ഡില്‍ കയറാന്‍ നിരവധി വമ്പന്മാര്‍ തയ്യാറെടുപ്പിലാണ്. 1957ലെ ആദ്യ മന്ത്രിസഭ മുതല്‍ കഴിഞ്ഞ നിയമസഭയില്‍ വരെ ജീവസ്സുള്ള സാന്നിധ്യമായിരുന്നു കെ ആര്‍ ഗൗരിയമ്മ. ചേര്‍ത്തല യക്ഷി… എന്നൊക്കെ കോണ്‍ഗ്രസുകാര്‍ മുദ്രാവാക്യം വിളിച്ചെങ്കിലും കുറച്ചുകാലം അവരുടെ തമ്പിലും ഗൗരിയമ്മ ചേക്കേറി. ഇക്കുറി ഏതു ഭാഗത്ത് എന്നതിനെച്ചൊല്ലി ‘കലഹങ്ങള്‍ പലതുണ്ടായെങ്കിലും വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെ വിശ്വസിച്ച് ചെങ്കൊടിത്തണലില്‍. മല്‍സരിക്കാന്‍ ‘ഞാനില്ല’ എന്നു പറഞ്ഞ് മാറിനില്‍ക്കുന്നു.
സരിതയും സോളാറുമായി കെട്ടിപിണഞ്ഞ് തമ്പാനൂര്‍ രവി ഇത്തവണ എവിടെയും ആശ്രയമില്ലാതെ വിശ്രമത്തിലാണ്. നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞതവണ ആര്‍ ശെല്‍വരാജിനോട് തോറ്റെങ്കിലും രവിക്ക് ചിരിക്കാന്‍ വകയുണ്ട്. പ്രസ്തുത ആര്‍ ശെല്‍വരാജ് ഇപ്പോള്‍ യുഡിഎഫ് ക്യാംപിലാണ്. കേരളം കണ്ട പ്രഗല്‍ഭനായ ജനകീയാരോഗ്യ വിദഗ്ധനാണ് ഡോ. ബി ഇക്ബാല്‍. തലമുറകളായി കമ്മ്യൂണിസ്റ്റ് കുടുംബം. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍. കഴിഞ്ഞ ഇലക്ഷന് സിപിഎം ഇക്ബാലിന്റെ ജന്മനാടായ ചങ്ങനാശ്ശേരിയില്‍ തന്നെ സീറ്റു നല്‍കി. ജയിച്ചാല്‍ ആരോഗ്യമന്ത്രി എന്ന ഉറപ്പും. നിര്‍ഭാഗ്യം!! കേരളാകോണ്‍ഗ്രസ് മാണി ഗ്രൂപ്പിനോട് ഇക്ബാലിനു പിടിച്ചുനില്‍ക്കാനായില്ല. ഇത്തവണ സിപിഎം സീറ്റ് നല്‍കിയതുമില്ല. മാണി ഗ്രൂപ്പിലെ പിളര്‍പ്പാണ് പ്രശ്‌നമായത്.
കഴിഞ്ഞ തവണ ചടയമംഗലത്ത് കോണ്‍ഗ്രസ് ടിക്കറ്റില്‍ തോറ്റ ഷാഹിദ കമാല്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ സീറ്റ് പിടിച്ചുവാങ്ങി തോറ്റ ചരിത്രമുള്ള ആളാണ്. ഇക്കുറി യുഡിഎഫ് പരീക്ഷണത്തിനു നിന്നില്ല. ഷാഹിദയ്ക്കു സീറ്റില്ല. ഷാഹിദയും വിട്ടില്ല. നേരെ സിപിഎം ഗെയ്റ്റില്‍ മുട്ടി. അവര്‍ തുറന്നു ഇടതുപക്ഷം ജയിച്ചുവന്നാല്‍ വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനം ഉറപ്പ്. വര്‍ഷങ്ങളായി ചവറയെ പ്രതിനിധീകരിച്ച എന്‍ കെ പ്രേമചന്ദ്രനും ഇത്തവണ നിയമസഭയിലുണ്ടാവില്ല.
പാര്‍ലമെന്റംഗം എന്നതു മാത്രമല്ല പിണറായി സഖാവിന്റെ പരനാറി’ പ്രയോഗത്തില്‍ കുടുങ്ങി ”രണ്ടും കെട്ടനിലയിലാണ്. ആര്‍എസ്പി നല്ലൊരു ഗണം ‘പരനാറി’ പ്രയോഗം മറന്ന് കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിലാണ്. ചെറിയാന്‍ ഫിലിപ്പ് താത്വികാചാര്യനായിട്ടൊക്കെ ‘വേഷം’ കെട്ടിയെങ്കിലും ഇന്നോളം നിയമസഭ കാണാനൊത്തിട്ടില്ല. എംഎല്‍എ ഹോസ്റ്റലിലെ സ്ഥിരം പറ്റു പടിക്കാരനായി ജീവിതം മുമ്പോട്ടു നീങ്ങിയെങ്കിലും ഇക്കുറി എല്‍ഡിഎഫ് വന്നാലും എന്തെങ്കിലും ‘കസേരകിട്ടാനുള്ള സാധ്യത അനതിവിദൂരം മാത്രമാണ്.
മികച്ച പാര്‍ലമെന്റേറിയനായിരുന്ന ടി എം ജേക്കബ് പരേതനായപ്പോള്‍ മകന്‍ എംഎല്‍എ ആയി… മന്ത്രിയായി. അഴിമതി കൂടാരവും ആയി. കേസുകള്‍ നിരവധി സ്വന്തം പേരിലുണ്ട്. അനൂപ് ജയിച്ചാലും ടി എം ജേക്കബില്ലാത്ത നിയമസഭ എന്നത് കറതീര്‍ന്ന സത്യം. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് കൊട്ടിഘോഷം ഒന്നും ഉണ്ടായില്ലെങ്കിലും തൃക്കാക്കരയില്‍ ഇക്കുറി ബെന്നി ബെഹനാന്‍ ഇല്ല. കെപിസിസി അധ്യക്ഷന്റെ ‘ഗുഡ്ബുക്കില്‍’ കയറാന്‍ പറ്റാത്തതു തന്നെ പ്രശ്‌നം.
കൊടുങ്ങല്ലൂര്‍ നിന്ന് ടി എന്‍ പ്രതാപന്‍, തൃശൂര്‍ നിന്ന് തേറമ്പില്‍ രാമകൃഷ്ണന്‍, തലമുതിര്‍ന്ന തൃശൂര്‍ കോണ്‍ഗ്രസ്സുകാരന്‍ സി എന്‍ ബാലകൃഷ്ണന്‍, മുസ്‌ലിം ലീഗിലെ വാഗ്മി അബ്ദുസമദ് സമദാനി, കെ എന്‍ എ ഖാദര്‍ മുതല്‍പ്പേര്‍ 14ാം സഭയിലുണ്ടാവില്ല.
വമ്പന്‍ സ്രാവുകളായ ആര്യാടന്‍ മുഹമ്മദ്; തെങ്ങിന്‍മണ്ടയി ല്‍ വ്യവസായം അന്വേഷിച്ച എളമരത്തെ കരിം സാഹിബ്, സിപിഎം സംസ്ഥാന സെക്രട്ടറി ആയിപ്പോയതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍… എന്നിങ്ങനെ ഗഡാഗഡിയന്മാരില്ലാത്ത 14ാം സഭയില്‍ ആരൊക്കെ… എന്തൊക്കെ… ഇനി പോളിങിന് ഒരാഴ്ച… വോട്ടെണ്ണലും കഴിഞ്ഞ് 19ന് സന്ധ്യമയങ്ങുമ്പോളറിയാം ആരൊക്കെ… എന്തൊക്കെ?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss