|    Dec 18 Mon, 2017 5:03 am
FLASH NEWS

വരുംതലമുറയ്ക്ക് നല്ല നാളെയെ സമ്മാനിക്കാനുള്ള ഉത്തരവാദിത്ത്വം നമുക്ക്: മുഖ്യമന്ത്രി

Published : 12th November 2016 | Posted By: SMR

തൃശൂര്‍: കാലഘട്ടം മാറ്റം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ വരും തലമുറയ്ക്ക് നല്ല നാളയെ കൊടുക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്്‌സങ് ഫൗണ്ടേഷന്‍, വിലങ്ങന്‍കുന്ന് ട്രക്കേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിലങ്ങന്‍കുന്നില്‍  രക്തചന്ദനത്തൈ നടുന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. രാജ്യത്തിന്റെ ചെറിയ നേട്ടങ്ങള്‍ക്കു വരെ അഭിമാനം കൊള്ളുന്നവരാണ് നമ്മള്‍. പക്ഷേ അതിനനുസരിച്ച് ദൗര്‍ബല്യങ്ങളും കൂടുതലാണ്. പ്രകൃതി കൈയേറി അതിന്റെ ആവാസ വ്യവസ്ഥ തന്നെ നശിപ്പിക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അങ്ങനെയുള്ളപ്പോഴാണ് പ്രകൃതിയെ സ്‌നേഹിക്കുന്ന ചിലര്‍ മണ്ണിനേയും മരത്തേയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. നാം കരുതി വെക്കുന്നതെല്ലാം വരും തലമുറയ്ക്ക് വേണ്ടിയായതിനാല്‍ സ്വഛവും സുന്ദരവുമായ നശിക്കാത്ത പ്രകൃതിയെ അവര്‍ക്ക് സമ്മാനിക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാമുണ്ട്. നേട്ടങ്ങള്‍ കൊയ്യുന്നതിനൊപ്പം കോട്ടങ്ങളെ പരിഹരിക്കാനും നമുക്കു കഴിയണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കനത്ത വരള്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ലഭ്യമാകുന്ന വെള്ളം സൂക്ഷിച്ചു വയ്ക്കുന്ന രീതിയില്ലാത്തതു കൊണ്ട് പ്രതീകൂലമായി തന്നെയാണ് ഇനിയുള്ള മാസങ്ങളെ നാം കാണേണ്ടത്. വന്‍തോതില്‍ നടക്കുന്ന പ്രകൃതി ചൂഷണത്തെ ചെറുത്തു നില്‍ക്കണമെങ്കില്‍ നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ് വീണ്ടെടുക്കുക, മാലിന്യങ്ങള്‍ കുന്നുകൂടുന്നത് ഒഴിവാക്കുക, കഴിക്കുന്ന ഭക്ഷണം ആരോഗ്യമുള്ളതാക്കാന്‍ ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുക എന്നിവ നടപ്പിലാക്കിയേ പറ്റൂ. സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നവകേരള പദ്ധതിയിലൂടെ ചെറിയ കുഞ്ഞു മുതല്‍ പ്രായമായവര്‍ വരെ പങ്കാളികളായി കേരളത്തിന്‍ ഇപ്പോഴുള്ള മുഖഛായ മാറ്റി ഭാവി തലമുറയ്ക്ക് നല്ല ഒരു നാളയെ സമ്മാനിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മേയര്‍ അജിത ജയരാജന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, എംഎല്‍എ അനില്‍ അക്കര, മുന്‍ എംഎല്‍എ ബാബു.എം പാലിശ്ശേരി, ഡിസിസി ജില്ലാ പ്രസിഡന്റ് പിഎ മാധവന്‍, കൗണ്‍സിലര്‍ എംഎസ് സമ്പൂര്‍ണ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ്  വിഒ ചുമ്മാര്‍, മുന്‍ സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.കൃഷ്ണന്‍ നായര്‍, ഔഷധി എഡി കെവി ഉത്തമന്‍, സൂപ്രണ്ട് ഡോ.കെഎസ് രജിതന്‍, സ്വാമി സത്ഭവാനന്ദ, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖഫി, ശ്രീനിവാസന്‍, കലാമണ്ഡലം ക്ഷേമാവതി, അയൂബ്, സിവി കുഞ്ഞിരാമന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss