|    Nov 21 Tue, 2017 7:36 pm
FLASH NEWS

വരിഞ്ഞം തണ്ണീര്‍കോണം ഏലായില്‍ വയല്‍ നികത്തല്‍ വ്യാപകം

Published : 20th October 2016 | Posted By: SMR

ചാത്തന്നൂര്‍: വരിഞ്ഞം തണ്ണീര്‍കോണം ഏലായില്‍ വയല്‍ നികത്തല്‍ വ്യാപകം. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ അടുതല കുന്നിന്റെ താഴ്‌വാരത്തെ ഏലായാണ് വ്യാപകമായി നികത്തുന്നത്. അടുതല കുന്നില്‍നിന്ന് ഉത്ഭവിക്കുന്ന നീരുറവകളിലെ ജലമാണ് പ്രദേശവാസികളുടെ കിണറുകളിലെത്തുന്നത്.കടുത്ത വേനലിലും വറ്റാത്ത തണ്ണീര്‍കോണം ഏലായില്‍ മുടങ്ങാതെ നെല്‍കൃഷി നടത്തിവരികയായിരുന്നു. അടുത്തകാലത്തായി പ്രദേശവാസികള്‍ ഏലായുടെ വശങ്ങള്‍ മണ്ണിട്ട് നികത്തിയതോടെ നിരുറവയും നടുത്തോടും ഇല്ലാതായി. ഇപ്പോള്‍ പ്രദേശത്തെ കിണറുകള്‍ പലതും വറ്റിവരണ്ടു. നീര്‍ച്ചാലുകള്‍ മണ്ണിട്ടുമൂടിയതോടെ ജലം ഒഴുക്ക് തടസപ്പെട്ടതിനാല്‍ ഏലായില്‍ നെല്‍കൃഷി മുടങ്ങി.ഏലായുടെ താഴ്വശത്തെ വരിഞ്ഞംചാത്തന്നൂര്‍ ഏലായുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് സമീപവാസി കുടില്‍കെട്ടി താമസം ആരംഭിച്ച് തോട്ടില്‍നിന്ന് മണ്ണ് വാരി വയല്‍ നികത്തല്‍ തുടങ്ങി. വയലില്‍ മണ്ണിട്ട സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചു. ഏലായിലെ മിക്ക പ്രദേശങ്ങളും കൈയേറ്റക്കാരുടെ പിടിയിലാണ്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയാണ് നികത്തല്‍. പാലക്കുഴിക്കല്‍-തണ്ണീര്‍കോണം റോഡ് അവസാനിക്കുന്ന ഭാഗത്തും അനധികൃത നിര്‍മാണം തുടങ്ങി.നിലത്തില്‍നിന്ന് മണ്ണും ചെളിയും കോരി വരമ്പിട്ട ശേഷമാണ് നിര്‍മാണം. വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. വില്ലേജ് അധികൃതരുടെ നടപടിക്ക് വില കല്‍പ്പിക്കാതെ മൂന്നു വര്‍ഷത്തിനു മുകളില്‍ വളര്‍ച്ചയുള്ള വലിയ വൃക്ഷത്തെ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഇപ്പോഴും തോടിന്റെ കരയില്‍ വൃക്ഷത്തൈകള്‍ നിരത്തിവെച്ചിരിക്കുകയണ്. നാട്ടുകാര്‍ ഇല്ലാത്ത തക്കം നോക്കി അവ വച്ചുപിടിപ്പിക്കാനാണ് ശ്രമം.പ്രദേശവാസികളുടെ കുടിവെള്ളം മുടക്കുന്ന നിലംനികത്തലിനെതിരേ കര്‍ഷക സംഘത്തിന്റെയും കര്‍ഷക ത്തൊഴിലാളി യൂനിയന്റെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ഒരുങ്ങുകയാണ്. നിയമസഭ പാസാക്കിയ നെല്‍വയല്‍ നീര്‍ത്തട തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിലം നകിത്തലിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഏലായില്‍ വെച്ചുപിടിപ്പിച്ച വൃക്ഷങ്ങള്‍ നീക്കം ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക