|    Apr 26 Wed, 2017 7:10 pm

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം: കെ എം എബ്രഹാമിനെതിരേ അന്വേഷണത്തിന് ഉത്തരവ്

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിന്റെ വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി നവംബര്‍ 7ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി എ ബദറുദ്ദീനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.
മുംബൈ സിറ്റിയിലുള്ള കോഹിനൂര്‍ ഫേസ് മൂന്നിലെ 950 സ്‌ക്വയര്‍ ഫീറ്റ് വരുന്ന 110 ലക്ഷം രൂപ വിലയുള്ള ഫഌറ്റിന്റെ ലോണ്‍ തിരിച്ചടവ് പ്രതിമാസം 84,000 രൂപയോളമാണ്. തൈക്കാട് വില്ലേജിലെ മില്ലേനിയം അപാര്‍ട്ട്‌മെന്റിനും ദശലക്ഷങ്ങളാണ് വില. ഈ ഫഌറ്റിന്റെ പേരിലുള്ള വായ്പയില്‍ പ്രതിമാസ അടവ് കഴിഞ്ഞാല്‍ ദൈനംദിന ചെലവിനുള്ള തുക അഴിമതിയിലൂടെയുള്ളതാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. കൂടാതെ കെ എം എബ്രഹാമിന്റെ പേരില്‍ കൊല്ലം കടപ്പാക്കടയില്‍ മൂന്നുനില ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് കോടികള്‍ ചെലവായതിന്റെ കണക്ക് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റില്‍ കാണിക്കാത്തത് അദ്ദേഹം അവിഹിതസ്വത്ത് സമ്പാദിച്ചതുകൊണ്ടാണെന്നും ഹരജിക്കാരന്‍ പറയുന്നു.
സിവില്‍ സര്‍വീസ് നിയമപ്രകാരം 15,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ വരുമാനമുള്ള ആശ്രിതരുടെ സ്വത്തുവിവരവും ചീഫ് സെക്രട്ടറിക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, 33 വര്‍ഷത്തെ സര്‍വീസിനിടെ എബ്രഹാം ഒരിക്കല്‍പ്പോലും ഭാര്യയുടെയും ഏകമകളുടെയും സ്ഥാവരജംഗമവസ്തുക്കളുടെ സ്വത്തുവിവരം നല്‍കിയില്ലെന്നും 1988 മുതല്‍ 94 വരെ സ്വത്തുവിവര പ്രസ്താവം നല്‍കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. കെ എം എബ്രഹാമിനെതിരേ നടപടി ആവശ്യപ്പെട്ട് മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടാവാത്ത സാഹചര്യത്തിലാണ് ഹരജിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹരജിക്കാരനു വേണ്ടി അഡ്വ. ശാസ്തമംഗലം എസ് അജിത്കുമാര്‍ ഹാജരായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day