|    Oct 17 Wed, 2018 9:23 pm
FLASH NEWS
Home   >  Sports  >  Cricket  >  

വരവറിയിച്ച് ഓസീസ് : സന്നാഹ മല്‍സരത്തില്‍ ഗംഭീരജയം

Published : 12th September 2017 | Posted By: ev sports


ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ആസ്‌ത്രേലിയക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ 103 റണ്‍സിനാണ് കംഗാരുക്കള്‍ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ബോര്‍ഡ് പ്രസിഡന്റ് ഇലവന് 48.2 ഓവറില്‍ 244 റണ്‍സിന് കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗറിന്റെ ബൗളിങ് പ്രകടനമാണ് പ്രസിഡന്റ് ഇലവനെ തകര്‍ത്ത് കളഞ്ഞത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ടീമിന്റെ നയം വ്യക്തമാക്കുന്ന ബാറ്റിങാണ് താരങ്ങള്‍ പുറത്തെടുത്തത്. സൂപ്പര്‍ ഓപണര്‍ ആരോണ്‍ ഫിഞ്ചിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം (64) ഇന്നിങ്‌സ് ആരംഭിച്ച ഹിള്‍ട്ടണ്‍ കാര്‍ട്ട്‌വ്രൈറ്റ് (0) അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലെ വാര്‍ണര്‍ സ്റ്റീവ് സ്്മിത്ത് (55) കൂട്ടുകെട്ട് ഓസീസിന് അടിത്തറ പാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇരുവരും മുന്നേറവെ വാര്‍ണറെ കുശാങ് പട്ടേല്‍ മടക്കി. അധികം വൈകാതെ സ്റ്റീവ് സ്മിത്തും മടങ്ങിയെങ്കിലും മധ്യനിരയില്‍ ട്രവിസ് ഹെഡ് (65) മാര്‍ക്കസ് സ്റ്റോണിസ് (76) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് ഓസീസിനെ 347 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവെച്ച മാത്യു വേഡ് 24 പന്തില്‍ നാല് സിക്‌സറും രണ്ട് ഫോറും പറത്തി തിളങ്ങി. പ്രസിഡന്റ് ഇലവനുവേണ്ടി വാഷിങ്ടണ്‍ സുന്ദര്‍, കുശാങ് പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ആവേഷ് ഖാന്‍, കുല്‍വന്ത് ഗെജോലിയ, അക്ഷയ് കര്‍ണവര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.
മറുപടിക്കിറങ്ങിയ പ്രസിഡന്റ് ഇലവന്‍ നിരയില്‍ ഓപണര്‍ പ്രത്യുഷ ഗോസാമി (43) ടോപ് സ്‌കോററായി. മധ്യനിരയിലെ ബാറ്റിങ് തകര്‍ച്ചയാണ് പ്രസിഡന്റ്‌സ് ഇലവന് തിരിച്ചടി നല്‍കിയത്. മായങ്ക അഗര്‍വാള്‍ (42), കുശാങ് പട്ടേല്‍ (41), അക്ഷയ് കര്‍ണവര്‍ (40) എന്നിവരും ഇന്ത്യക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഓസീസിന് വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ രണ്ട് വിക്കറ്റുകളുമായി അഗറിന് മികച്ച പിന്തുണയേകിയപ്പോള്‍ ജെയിംസ് ഫോക്‌നര്‍, ആദം സാംബ, മാര്‍ക്കസ് സ്‌റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
17ാം തീയ്യതിയാണ് ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരം നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss