|    Feb 27 Mon, 2017 5:43 am
FLASH NEWS

വരള്‍ച്ച രൂക്ഷമാവുന്നു: അലംഭാവത്തിന് നേര്‍സാക്ഷ്യമായി മുടങ്ങിയ പദ്ധതികള്‍

Published : 7th November 2016 | Posted By: SMR

പുല്‍പ്പള്ളി: ജില്ലയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വരള്‍ച്ച പിടിമുറുക്കിയേക്കുമെന്ന് പഠനങ്ങള്‍ പുറത്തുവരുമ്പോഴും ജല പദ്ധതികള്‍ നോക്കുകുത്തിയായി നിലനില്‍ക്കുന്നു. വരണ്ടുണങ്ങുന്ന നാടിന് ആശ്രയമാകേണ്ട പദ്ധതികള്‍ മിക്കതും പ്രവര്‍ത്തനരഹിതമാണ്. കുടിവെള്ളത്തിനായി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച കിണറും പമ്പ് ഹൗസും ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷം. പാളക്കൊല്ലി പദ്ധതിക്കാണ് ഈ ദുര്‍ഗതി.
2002ലാണ് ഇവിടെ രജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്. 10 എച്ച്പിയുടെ ഒരു മോട്ടോറാണ് ഇവിടെയുള്ളത്. പാളക്കൊല്ലി പ്രദേശത്തെ ആറ് ആദിവാസി കോളനികളിലേക്ക് ഇവിടെനിന്ന് വെള്ളമെത്തിക്കാന്‍ കഴിയും. പദ്ധതിയുടെ ഭാഗമായി ഉദയക്കര കോളനിയില്‍ ടാങ്കും സ്ഥാപിച്ചു. ഉയര്‍ന്നപ്രദേശമായ ഇവിടുത്തെ ടാങ്കില്‍നിന്ന് പ്രദേശത്തെ എല്ലാ കോളനികളിലേക്കും എളുപ്പത്തില്‍ വെള്ളമെത്തിക്കാന്‍ കഴിയും. 15 വര്‍ഷമായി കുടിവെള്ള പദ്ധതി മുടങ്ങിക്കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വൈദ്യുതിബില്‍ അടയ്ക്കാത്തതാണ് ഇവിടെ പമ്പിങ് മുടങ്ങാ ന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കിണറില്‍നിന്ന് വെള്ളമെത്തിക്കുന്ന പൈപ് പല ഭാഗങ്ങളിലും പൊട്ടിയിട്ടുമുണ്ട്. പമ്പ് ഹൗസ് സ്ഥാപിച്ച് ആദ്യത്തെ രണ്ടുമാസം മാത്രമാണ് പമ്പിങ് നടത്തിയിട്ടുള്ളത്. പിന്നീട് വെദ്യുതി ബില്‍ അടയ്ക്കാത്തതുകാരണം കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നു. 15 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന കിണറില്‍ ഏതുവേനലിലും നിറയെ ഉറവയുണ്ട്.
കടുത്തവേനലില്‍ പോലും കിണര്‍ വറ്റിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ വൈദ്യുതി കണക്ഷന്‍ വീണ്ടെടുത്ത് പമ്പിങ് തുടങ്ങിയാല്‍ ഉദയക്കര നായ്ക്ക കോളനി, പണിയ കോളനി, കാരക്കണ്ടി പണിയകോളനി, നായ്ക്ക കോളനി, അക്കരെ കോളനി എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കഴിയും.
ഉദയക്കര കോളനിയിലെ കിണര്‍ ഇപ്പോള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. കോളനി വാസികള്‍ കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള വെള്ളത്തിനായി ആശ്രയിക്കുന്നത് കാട്ടിലുള്ള നീര്‍ച്ചാലാണ്. അരക്കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചുവേണം നീര്‍ച്ചാലില്‍നിന്ന് വെള്ളമെടുക്കാന്‍. വന്യമൃഗശല്യം രൂക്ഷമായ ഇവിടെ ജിവന്‍ പണയംവെച്ചാണ് ആദിവാസികള്‍ കുടിവെള്ളം സംഭരിക്കുന്നത്.
കടുത്തവേനലില്‍ കാട്ടരുവിയിലെയും നീരൊഴുക്ക് വറ്റിക്കൊണ്ടിരിക്കുകയാണ്. വെള്ളമെടുക്കാന്‍ പോകുന്നവരെ കാട്ടാന അക്രമിക്കുന്നത് ഇവിടെ സ്ഥിരം സംഭവമാണ്. കിണറും പമ്പ് ഹൗസും വീണ്ടെടുക്കുന്നതിനായി പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ബ്ലോക്ക് പഞ്ചായത്തിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day