|    Oct 20 Sat, 2018 11:29 pm
FLASH NEWS

വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യും: മന്ത്രി

Published : 31st January 2017 | Posted By: fsq

 

കോഴിക്കോട്: ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ്. ജലം ശുദ്ധീകരിച്ച് നല്‍കുന്നതിനാണ് മുന്‍തൂക്കം. ജില്ലകളിലെ ജലവിതരണം സംബന്ധിച്ച പണിതീരാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ചെറുകിട ശുദ്ധജല പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമല്ലാത്തത് പ്രവര്‍ത്തിപ്പിക്കും. 555 ചെറുകിട ശുദ്ധജല പദ്ധതികള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജലം സംഭരിച്ച് ശുദ്ധീകരിച്ച് എത്തിക്കാന്‍ നടപടി സ്വീകരിക്കും. ജലനിധി പദ്ധതി പല പ്രദേശങ്ങളിലും എത്തിയിട്ടില്ല. ഇവിടെ കുടിവെള്ളം വിതരണം ചെയ്യാന്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കും. ജലനിധി കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ 44 പഞ്ചായത്തുകളി ല്‍ പൂര്‍ത്തീകരിക്കും. മാര്‍ച്ച് 31ന് മുമ്പ് പദ്ധതി കമ്മീഷന്‍ ചെയ്യും. വരള്‍ച്ചയെ നേരിടാന്‍ സാധ്യമായ മുഴുവന്‍ കാര്യങ്ങളും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കര്‍ണാടകയില്‍ പെയ്ത മഴ കാസര്‍ഗോഡ്, വയനാട് എന്നിവിടങ്ങളിലെ ജല നിരപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ആശ്വാസ്യകരമാണ്. കുടിവെള്ളം വിതരണം ചെയ്യുന്നതിനാണ് ഇത്തവണ മുന്‍ഗണന, രണ്ടാമതായാണ് കൃഷിക്ക് വേണ്ടി നല്‍കുക. ജല സേചന വകുപ്പിന്റെ നിരവധി സ്ഥലങ്ങളില്‍ കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വകുപ്പിന്റെ സ്ഥലങ്ങളില്‍ ആവശ്യമായതേത്, ആവശ്യമില്ലാത്തത് എന്നിങ്ങനെ തരംതിരിച്ചുള്ള റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കനാല്‍ വൃത്തിയാക്കുന്നത് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളക്ഷാമം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ 18004255313 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജലം പൊതുസ്വത്താണെങ്കിലും സംസ്ഥാനത്തിന്റെ പട്ടികയില്‍ നിന്നു നദികളെ മാറ്റുന്നത് ശരിയല്ല. സംസ്ഥാന ലിസ്റ്റില്‍പ്പെട്ട നദികളെ കണ്‍ഗറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പെട്ടെന്ന് നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വരള്‍ച്ച നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ ജലസേചനം, ഭൂജല വികസനം, കേരള ജല അതോറിറ്റി, ജലനിധി എന്നിവയിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss