|    Oct 20 Fri, 2017 2:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വരള്‍ച്ച: മല്‍സ്യ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്

Published : 26th March 2017 | Posted By: fsq

fish

എച്ച് സുധീര്‍

തിരുവനന്തപുരം: കടുത്ത വരള്‍ച്ച മല്‍സ്യബന്ധന മേഖലയെയും രൂക്ഷമായി ബാധിക്കുന്നു. ഇതുമൂലം പൂര്‍ണ വളര്‍ച്ചയെത്താത്ത മല്‍സ്യങ്ങളെ വിളവെടുക്കേണ്ടിവരുന്നത് മല്‍സ്യ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുവരുത്തുന്നുണ്ട്. വരള്‍ച്ച കൂടുതല്‍ സ്ഥലത്തേക്കു വ്യാപിക്കാതിരിക്കാനായി കുളം വറ്റിച്ചുള്ള മല്‍സ്യബന്ധനം ഒഴിവാക്കിയിട്ടുണ്ട്. ഫാമുകളിലെ വെള്ളം കുറയുന്നതിനാല്‍ വളര്‍ച്ചയെത്തുന്നതിനു മുമ്പുതന്നെ വിളവെടുപ്പ് നടത്താനാണു നിര്‍ദേശം. മല്‍സ്യ കുളങ്ങള്‍ക്ക് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഹെക്ടറിന് 8,200 രൂപ നഷ്ടപരിഹാരം നല്‍കും. ഇതിനായി ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ജില്ലാ ഓഫിസര്‍മാര്‍ക്ക് ഫീഷറീസ് വകുപ്പ് നിര്‍ദേശം നല്‍കി. വരള്‍ച്ചയുടെ ഫലമായി ജലത്തിന്റെ ചൂടു കൂടിയതായും  മല്‍സ്യങ്ങളുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞതായും ഫിഷറീസ് വകുപ്പ് വ്യക്തമാക്കുന്നു. ചൂടിനൊപ്പം വെള്ളത്തിന്റെ ഓക്‌സിജന്റെ അളവ് കുറയുകയും ലവണാംശം വര്‍ധിക്കുകയും ചെയ്യുന്നതു ദോഷകരമായ പ്ലവഗങ്ങള്‍ വളരാനും കാരണമാവും. ഇതോടെ അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്ക് മല്‍സ്യങ്ങള്‍ പലായനം ചെയ്യുന്നതും മല്‍സ്യലഭ്യത കുറച്ചു.  ഡാമുകളിലും നദികളിലും ജലനിരപ്പ് കുറയുന്നതിനാല്‍ സ്വാഭാവിക മല്‍സ്യസമ്പത്തിലും ഗണ്യമായ കുറവുണ്ടായി. മല്‍സ്യത്തൊഴിലാളികളും പ്രതിസന്ധിയിലാണ്. ഇതിനുപുറമെ, ഉള്‍നാടന്‍ ജലാശയങ്ങളിലും കടലിലും വ്യാപകമായ തോതില്‍ മല്‍സ്യസമ്പത്ത് കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിനു പരിഹാരമായി മല്‍സ്യ, കൊഞ്ച് കുഞ്ഞുങ്ങളെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിക്ഷേപിക്കുക, സാങ്ച്വറികള്‍ നിര്‍മിക്കുക, കൃത്രിമപാരുകള്‍ സ്ഥാപിക്കുക എന്നീ പദ്ധതികള്‍ വിപുലമാക്കാനാണ് വകുപ്പിന്റെ തീരുമാനം. ഉള്‍നാടന്‍ മല്‍സ്യോല്‍പാദനം വര്‍ധിപ്പിക്കാന്‍ മല്‍സ്യസമൃദ്ധി, ഇന്നവേറ്റീവ് അക്വാകള്‍ച്ചര്‍, ബ്ലൂ റവല്യൂഷന്‍ പദ്ധതികളും നിലവിലുണ്ട്. അണക്കെട്ടുകളില്‍ മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള പദ്ധതികളും മല്‍സ്യബന്ധന വിപുലമാക്കിയിട്ടുണ്ട്. 2017-18 സാമ്പത്തികവര്‍ഷം കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ബ്ലൂ റവല്യൂഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ അണക്കെട്ടുകളില്‍ കൂടുകൃഷി സംബന്ധിച്ച പ്രപ്പോസല്‍ കേന്ദ്രസര്‍ക്കാരിലേക്കു സമര്‍പ്പിക്കാന്‍ നടപടികളായി. സാങ്ച്വറികളായി പ്രഖ്യാപിക്കപ്പെട്ട നെയ്യാര്‍, പേപ്പാറ, ഇടുക്കി, പെരിയാര്‍, പറമ്പിക്കുളം എന്നിവ ഒഴികെയുള്ള അണക്കെട്ടുകളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ് ഇനത്തില്‍പ്പെട്ട മല്‍സ്യക്കുഞ്ഞുങ്ങളെയും നെയ്യാര്‍, ഇടുക്കി, പെരിയാര്‍, പറമ്പിക്കുളം അണക്കെട്ടുകളില്‍ തദ്ദേശീയ മല്‍സ്യ ചെമ്മീന്‍ ഇനങ്ങളേയും നിക്ഷേപിക്കാന്‍ മുമ്പു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ധാരണയായിരുന്നു. തുടര്‍ന്ന്, മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപള്ളം, തൂണക്കടവ്, പീച്ചി, വാഴാനി, ചിമ്മിനി, കക്കയം, ഇടുക്കി, പരപ്പാര്‍(തെന്‍മല), പേപ്പാറ, നെയ്യാര്‍ എന്നീ അണക്കെട്ടുകള്‍ ഒഴികെയുള്ള അണക്കെട്ടുകളില്‍ ഇന്ത്യന്‍ മേജര്‍ കാര്‍പ് ഇനത്തില്‍പ്പെട്ട മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് ഫീഷറീസ് വകുപ്പിന്റെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക