|    Jun 25 Mon, 2018 1:54 pm

വരള്‍ച്ച നേരിടാന്‍ വീടുകളില്‍ മഴവെള്ളസംഭരണി ഒരുക്കണം

Published : 9th November 2016 | Posted By: SMR

മലപ്പുറം: കാലവര്‍ഷവും തുലാവര്‍ഷവും ഗണ്യയമായി കുറഞ്ഞതിനാല്‍ ഈ വര്‍ഷം വരാനിരിക്കുന്ന വരള്‍ച്ചയുടെ കാഠിന്യം മുന്‍കൂട്ടിക്കണ്ട് വീടുകളില്‍ മഴവെള്ള സംഭരണ സംവിധാനം ഒരുക്കാന്‍ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അഭ്യര്‍ഥിച്ചു. ഭൂമിയിലേക്ക് വെള്ളം ആഴ്ന്നിറങ്ങുന്നതിന് മഴക്കുഴികള്‍ നിര്‍മിക്കുകയും പാടത്തും പറമ്പിലും വെള്ളം കെട്ടിനിര്‍ത്താന്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണം. ഇനി പെയ്യുന്ന ഒരു മഴത്തുള്ളിയും പാഴാക്കാതിരിക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കുന്നത് വരാനിരിക്കുന്ന വേനലില്‍ നമുക്ക് ആശ്വാസമായിരിക്കും. മഴവെള്ളം റോഡുകളിലേക്കോ തോടുകളിലേക്കോ ഒഴുക്കികളയുന്നതിന് പകരം വീടുകളുടെ ചുറ്റുപാടില്‍ തന്നെ ചെറിയ മഴക്കുഴികള്‍ നിര്‍മിച്ച് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന് അവസരമൊരുക്കിയാല്‍ അതിലൂടെ കിണറുകളിലെ ജലനിരപ്പ് ഉയരും. ഇത്തരത്തില്‍ മഴവള്ളത്തിന്റെ ശാസ്ത്രീയ സംഭരണത്തിലൂടെ മാത്രമേ വരാനിരിക്കുന്ന ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ കഴിയു. മഴവെള്ള സംഭരണവും ഭൂഗര്‍ഭജല റീച്ചാര്‍ജിങും ലക്ഷ്യംവച്ച് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതികളോടൊപ്പം പൊതുജന പങ്കാളിത്തത്തോടെയുള്ള മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വരള്‍ച്ചയെ ഫലപ്രദമായി   പ്രതിരോധിക്കാന്‍ കഴിയുവെന്ന് കലക്ടര്‍ പറഞ്ഞു.ഒരു മീറ്റര്‍ നീളവും അര മീറ്റര്‍ വീതിയും ഒരു മീറ്റര്‍ ആഴവുമുള്ള ഒരു കുഴിയില്‍ ഏകദേശം 500 ലിറ്റര്‍ ജലം സംഭരിക്കാം. പറമ്പുകളുടെ വലിപ്പവും ഭൂപ്രകൃതിയുമനുസരിച്ച് മഴക്കുഴികളുടെ എണ്ണം നിശ്ചയിച്ച് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ പെയ്യുന്ന മഴയുടെ 75 ശതമാനവും മണ്ണിലേക്ക് ഇറക്കി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താമെന്നും കലക്ടര്‍ പറഞ്ഞു. ജില്ല അതിരൂക്ഷമായ വരള്‍ച്ചയാണ് മുന്നില്‍ കാണുന്നത്. നമ്മുടെ കിണറുകളും ഉപരിതല ജലസംഭരണിരകളും അതിവേഗം വറ്റിവരളുകയണ്. ലഭ്യമാകുന്ന മഴവെള്ളം യഥാവിധി സംഭരിക്കുന്നതിനും ഭൂഗര്‍ഭജലമായി റീച്ചാര്‍ജ് ചെയ്യുന്നതിനും ക്രിയാത്മകമായ പൊതുജനപങ്കാളിത്തം അനിവാര്യമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളും  സര്‍ക്കാര്‍ വരള്‍ച്ചാബാധിത ജില്ലകളായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ വരള്‍ച്ചയെ നേരിടാന്‍ ഒരുങ്ങണം. ഒരു വര്‍ഷം ശരാശരി 2800 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന ജില്ലയില്‍  1000 ച.അടി മേല്‍ക്കൂര വിസ്തീര്‍ണ്ണമുള്ള വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഏകദേശം 2,57,600 ലിറ്റര്‍ ജലം ശേഖരിക്കാന്‍ സാധിക്കും. നാല് അംഗങ്ങളുള്ള കുടുംബത്തിന് ഏകദേശം  ഒരു വര്‍ഷം 1,97,100 ലിറ്റര്‍ വെള്ളമാണ് ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss