|    Apr 20 Fri, 2018 8:58 am
FLASH NEWS

വരള്‍ച്ച നേരിടാന്‍ പദ്ധതി

Published : 8th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയില്‍ മഴലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വരള്‍ച്ചയെ നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി. ജലസംരക്ഷണത്തിന്റെ വിവിധ മാര്‍ഗങ്ങളും സാധ്യതകളും ചര്‍ച്ച ചെയ്ത യോഗത്തില്‍ ജലസ്രോതസ്സുക—ളുടെ പുനരുജ്ജീവനത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കാന്‍ തീരുമാനമായി. പറമ്പുകളില്‍ കൊത്തിക്കിള പ്രോല്‍സാഹിപ്പിക്കുക, മഴക്കുഴികള്‍ നിര്‍മിക്കുക, പറമ്പുകളില്‍ മണ്ണു കൊണ്ടും മറ്റും വരമ്പുകള്‍ കെട്ടുക തുടങ്ങിയ രീതികള്‍ അവലംബിച്ച് മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങാനാവശ്യമായ നടപടി സ്വീകരിക്കുക, വൃത്തിഹീനമായ പൊട്ടക്കിണറുകളും കുളങ്ങളും ഭൂജലമലിനീകരണത്തിന് ഇടവരുത്തുമെന്നതിനാല്‍ അവ പെട്ടെന്ന് ശുചീകരിക്കുക, തോടുകളിലും ചെറിയ പുഴകളിലും നിലവില്‍ വിവിധ വകുപ്പുകള്‍ നിര്‍മിച്ച ചെക്ക് ബണ്ടുകളും ചെക്ക് ഡാമുകളും അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുക, മേല്‍ക്കൂര മഴവെള്ളം സംഭരിച്ച് ഫില്‍ട്ടര്‍ ടാങ്കുകളുടെ സഹായത്തോടെ അവ കിണറുകളിലെത്തിക്കുക, അമിത ജല ഉപയോഗത്തിനെതിരേ ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ പദ്ധതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായി കിടക്കുന്ന ജലസ്രോതസ്സുകള്‍ വൃത്തിയാക്കിയാല്‍ തന്നെ ജില്ലയിലെ ജലദൗര്‍ലഭ്യം ഒരു പരിധിവരെ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങള്‍ പണിയുമ്പോള്‍ മഴവെള്ള സംഭരണികള്‍ നിര്‍ബന്ധമാക്കണം. പൊതുടാപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് പരിശോധിക്കണം. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുക വഴി കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും സന്ദേശം പ്രചരിപ്പിക്കാം. ജലസംരക്ഷണം സംബന്ധിച്ച് വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കപ്പെടുന്ന വിജയമാതൃ—കകള്‍ ഗുണഭോക്താക്കളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ചിത്രീകരിച്ച് നവമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍ വിഷയാവതരണം നടത്തി. മണ്ണ് സംരക്ഷണ വകുപ്പ് ഓഫിസര്‍ വി വി പ്രകാശന്‍, കൃഷിവകുപ്പ് ഡയറക്ടര്‍ വി കെ രാംദാസ്, ഭൂജല വകുപ്പ് അസി. എന്‍ജിനീയര്‍ ധനേഷ്, ചെറുകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി സുഹാസിനി, ജല അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഗോപാലന്‍, ദാരിദ്ര്യ ലഘൂകരണ വകുപ്പ് ഓഫിസര്‍ കെ എം രാമകൃഷ്ണന്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തടയണ, മഴക്കുഴി, മഴവെള്ള സംഭരണം തുടങ്ങി ജലസംരക്ഷണത്തിന് സഹായകമായ മാര്‍ഗങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ഡിഡിപി എം എസ് നാരായണന്‍ നമ്പൂതിരി സംസാരിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, കുടുംബശ്രീ പ്രതിനിധികള്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss