|    Jun 24 Sat, 2017 2:17 am
FLASH NEWS

വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തീരുമാനം

Published : 15th November 2016 | Posted By: SMR

കൊല്ലം:ജില്ലയിലെ വരള്‍ച്ച നേരിടുന്നതിന് കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കൃഷിക്കും മറ്റും ആവശ്യമായ വെള്ളം വിതരണം ചെയ്യുന്നതിന് കെ ഐ പി കനാലുകള്‍ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകള്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി അധികൃതരുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കണമെന്നും ജനുവരി മാസത്തോടെ കനാലുകള്‍ ഉപയോഗയോഗ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ചയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം. ഏറ്റവും അധികം വരള്‍ച്ചക്കെടുതി നേരിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക ജില്ലാ കലക്ടര്‍ ശേഖരിച്ച് മുന്‍ഗണനാ ക്രമം നിശ്ചയിക്കണം. ഇറിഗേഷന്‍ വകുപ്പും വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കലക്ടറുടെ ഏകോപനത്തില്‍ സമയബന്ധിതമായി പദ്ധതി നിര്‍വഹണത്തില്‍ നടപടി സ്വീകരിക്കണം. ജലാശങ്ങളുടെ പുനരുദ്ധാരണം, കുടിവെള്ളപദ്ധതികളുടെ അറ്റകുറ്റപ്പണി, ടാങ്കര്‍ ലോറിയിലെ ശുദ്ധജല വിതരണം തുടങ്ങിയ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ടി മിത്ര, ആര്‍ഡിഒ വി രാജചന്ദ്രന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക