|    Feb 27 Mon, 2017 10:23 am
FLASH NEWS

വരള്‍ച്ച: ജല ഉപയോഗത്തിന് കര്‍ശന നിയന്ത്രണം

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: സംസ്ഥാനത്തെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഓരോ ജില്ലയും കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ജലക്ഷാമം നേരിടാനുള്ള എല്ലാ മാര്‍ഗങ്ങളും മുന്‍കൂട്ടി സജ്ജീകരിക്കാനാണ് നിര്‍ദേശം. ജല ഉപയോഗം കര്‍ശനമായി നിയന്ത്രിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ജലം കുടിവെള്ളമായി ഉപയോഗിക്കാനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. അതുകഴിഞ്ഞ് വീട്ടാവശ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, വന്യജീവികള്‍, കൃഷി, വ്യവസായം എന്നിങ്ങനെയായിരക്കണം മുന്‍ഗണനാക്രമം. വ്യവസായശാലകള്‍ ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറയ്ക്കണം. കുടിവെള്ളം ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നതും മറ്റും പൂര്‍ണമായും ഒഴിവാക്കണം. വീട്ടാവശ്യങ്ങള്‍ക്കായി ഉപയോഗിച്ച വെള്ളം ചെടി നനയ്ക്കാനും മറ്റും ഉപയോഗപ്പെടുത്തി ജലത്തിന്റെ പുനരുപയോഗം പ്രോല്‍സാഹിപ്പിക്കണം. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും. തുലാവര്‍ഷത്തില്‍ ലഭിക്കുന്ന മഴ പൂര്‍ണമായും ഭൂമിയിലേക്ക് ഇറക്കാന്‍ കൊത്തിക്കിള ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. ജലക്ഷാമം നേരിടാനിടയുള്ള എല്ലാ വാര്‍ഡുകളിലും ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപനവുമായി ആലോചിച്ച് ജല അതോറിറ്റി സ്രോതസ്സുകളില്‍ നിന്ന് ഇവിടേക്കുള്ള വെള്ളം എത്തിക്കും. അനിവാര്യഘട്ടങ്ങളില്‍ മാത്രമായി ടാങ്കര്‍ ലോറികളുടെ സേവനം പരിമിതപ്പെടുത്തും. കൃത്യമായി ജലവിതരണം നടക്കുന്നുവെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ ജിപിഎസ് ഘടിപ്പിക്കും. പോലിസ്, തദ്ദേശ സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ നിലവിലെ ജലസ്രോതസ്സുകള്‍ മലിനമാവുന്നത് തടയാന്‍ സംവിധാനമൊരുക്കും. ജലവിതരണത്തിനായി ഉപയോഗിക്കുന്ന സ്രോതസ്സുകളില്‍ മലിനീകരണമില്ലെന്നും ജലം ഉപയോഗ യോഗ്യമാണെന്നും കേരള ജല അതോറിറ്റിയോ ഭക്ഷ്യസുരക്ഷാ വകുപ്പോ സാക്ഷ്യപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് വരള്‍ച്ചാ ദുരിതാശ്വാസത്തിനുള്ള പ്രധാന ചുമതല. അവരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയും ചെക്ക് ഡാമുകള്‍ നിര്‍മിക്കുകയും കനാലുകളും കുളങ്ങളും വൃത്തിയാക്കുകയും വേണം. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ജലസംഭരണികള്‍ ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദേശമുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കും വന്യജീവികള്‍ക്കും ആവശ്യമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണം. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജലഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തും. ഇതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി വിളിച്ച് വിശദീകരിക്കും. വരള്‍ച്ചാ മുന്നൊരുക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day