|    Jul 18 Wed, 2018 2:34 am
FLASH NEWS

വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ലഭിച്ചില്ലെന്നു പരാതി

Published : 11th September 2017 | Posted By: fsq

 

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണെന്ന് കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം. 80 കോടി രൂപ ചെലവില്‍ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍ പൂര്‍ണമായും പൂതാടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളുമുള്‍പ്പെടുത്തി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടപ്പാക്കിയ പദ്ധതിയാണ് ഫണ്ട് അനുവദിക്കാത്തതിനാല്‍ പ്രവര്‍ത്തനമാരംഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂണ്‍ ഒന്നിന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചിരുന്നു. ഇതിനു മുന്നോടിയായി ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പദ്ധതി പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചനായോഗം ചേരുകയുമുണ്ടായി. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ നീര്‍ത്തടാധിഷ്ഠിത മേഖലകളായി തിരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഇതിനായി തൊഴിലുറപ്പ് പദ്ധതിയിലെ ജോലികള്‍ ഈ പദ്ധതിയിലൂടെ നടപ്പാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ജൂണ്‍ ആദ്യവാരം തന്നെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ബൈരക്കുപ്പ മുതല്‍ ഇരുളം വരെയുള്ള മേഖലകളില്‍ വനവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നതിനായി മരങ്ങള്‍ നടുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചില്ല. സര്‍വേ നടത്തിയതല്ലാതെ ഫണ്ട് അനുവദിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാവാതിരുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss