|    Nov 14 Wed, 2018 5:14 pm
FLASH NEWS

വരള്‍ച്ചാ പ്രതിരോധത്തിനും പരിസ്ഥിതിക്കും പ്രാമുഖ്യം

Published : 1st March 2018 | Posted By: kasim kzm

കല്‍പ്പറ്റ: വരള്‍ച്ചാ പ്രതിരോധത്തിനും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 2018-19 വാര്‍ഷിക ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അവതരിപ്പിച്ചു. ലൈഫ് പദ്ധതി വിഹിതമായി 7.58 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കിടയിലും ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്രയമായിരുന്ന ക്ഷീരമേഖലയില്‍ ഇന്‍സെന്റീവ് നല്‍കുന്നതിനായി രണ്ടുകോടി രൂപ നീക്കിവച്ചു. പാലാഴി പദ്ധതിലാണ് തുക വകയിരുത്തിയത്.
വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കബനി നദീതട സംരക്ഷണം ലക്ഷ്യമാക്കി 50 ലക്ഷം രൂപ നീക്കിവച്ചു. ജലസേചന-മണ്ണുസംരക്ഷണ പദ്ധതിയില്‍ ചെക്ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി രൂപ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചു പൊതുകുളങ്ങളുടെ സംരക്ഷണവും നവീകരണവും നിര്‍മാണവും നടത്തുന്നതിനായി ജലബൂത്തുകള്‍ക്ക് 40 ലക്ഷം, സ്‌കൂളുകളില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതിക്കായി 15 ലക്ഷം, വരള്‍ച്ചാ ദുരിതാശ്വാസമായി പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് 50 ലക്ഷം എന്നിങ്ങനെ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
നെല്‍കര്‍ഷകരെ സഹായിക്കുന്നതിനായി ഈ വര്‍ഷം രണ്ടു കോടി 10 ലക്ഷം രൂപ വിവിധ ഫണ്ടുകളിലായി നീക്കിവച്ചു. പട്ടികവര്‍ഗ സങ്കേതങ്ങളില്‍ സാംസ്‌കാരിക നിലയങ്ങള്‍ നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ ബജറ്റില്‍ വകകൊള്ളിച്ചു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം ആരംഭിച്ച വയോജനങ്ങള്‍ക്കായുള്ള പുനര്‍ജനി പദ്ധതി തുടരും. ഇവര്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 50 ലക്ഷം രൂപ നീക്കിവച്ചു.  സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയും പെണ്‍കുട്ടി സൗഹൃദ ശൗച്യാലയങ്ങള്‍ സ്ഥാപിക്കാന്‍ 80 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് സ്‌നേഹ വാഹനം എന്ന പേരില്‍ മുച്ചക്രവാഹനങ്ങള്‍ നല്‍കുന്നതിനായി 30 ലക്ഷം രൂപയും വകയിരുത്തി. സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഓഡിറ്റോറിയങ്ങളുടെയും നവീകരണവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ആസ്ബസ്റ്റോസ് മേഞ്ഞ മേല്‍ക്കൂരകള്‍ മാറ്റിസ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ നീക്കിവച്ചു.  തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഹൈടെക് സ്‌കൂള്‍, സ്മാര്‍ട്ട് ക്ലാസ് എന്ന പേരില്‍ പദ്ധതിക്കായി 50 ലക്ഷം രൂപ, 51 ശതമാനത്തിലധികം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഏര്‍പ്പെടുത്തുന്നതിനായി 75 ലക്ഷം രൂപ എന്നിങ്ങനെ ഉള്‍പ്പെടുത്തി. ജില്ലയിലെ സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നതിന് ഒരു കോടി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ കായികകേന്ദ്രം സ്ഥാപിക്കുന്നതിനായി ദ്വിവല്‍സര പദ്ധതിയായി രണ്ടു കോടി രൂപ നീക്കിവച്ചു.
ടെറസ് സൗകര്യമുള്ള സ്്കൂളുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ, സ്‌കൂളുകളുടെ വൈദ്യുതീകരണത്തിന് 30 ലക്ഷം, പട്ടികജാതി-വര്‍ഗ വിഭാഗത്തിന് പഠനമുറിക്കായി 50 ലക്ഷം, ഊരുകളില്‍ സാമൂഹിക പഠനകേന്ദ്രം സ്ഥാപിക്കുന്നതിന് 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി. ലൈബ്രറികള്‍ക്ക് പുസ്തകങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് 32 ലക്ഷം, ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിന് 25 ലക്ഷം, സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് 10 ലക്ഷം, ഐടി അറ്റ് ഗോത്രഗൃഹം കോളനികളിലെ കെട്ടിട സൗകര്യമുള്ളിടത്ത് കംപ്യൂട്ടര്‍ സാക്ഷരത (അക്ഷയ സെന്റര്‍ മാതൃകയില്‍) 50 ലക്ഷം, മാവിലാംതോട് പഴശ്ശി സ്മാരക കെട്ടിടനിര്‍മാണത്തിന് 30 ലക്ഷം വകയിരുത്തി.
ജില്ലയിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒമ്പതുകോടി 50 ലക്ഷം രൂപയും വനിതാ സാംസ്‌കാരിക നിലയങ്ങള്‍ക്ക് 70 ലക്ഷം രൂപയും ജില്ലയില്‍ കാര്‍ഷിക ഫാം സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുന്നതിന് ഒന്നര കോടി രൂപയും ബജറ്റില്‍  വകയിരുത്തി. കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 50 ലക്ഷം രൂപയും ഹരിത മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ  ഉറവിട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപയും നീക്കിവച്ചു. ജില്ലാ ആശുപത്രിയുടെ സമഗ്ര വികസന പരിപാടികള്‍ക്കായി ഒന്നര കോടി രൂപ നീക്കിവച്ചു. ഇവിടത്തെ മൊബൈല്‍ ഐസിയു സൗകര്യം  വാങ്ങുന്നതിന് 20 ലക്ഷവും ആശുപത്രിയിലെ സീവേജ് പ്ലാന്റ് നിര്‍മാണം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷവും വകയിരുത്തി. 95,89, 76000 കോടി രൂപയുടെ വരവും 95,41,35000 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss