|    Mar 21 Wed, 2018 10:35 am

വരള്‍ച്ചാ പ്രതിരോധം; ജനകീയ തടയണകള്‍ നിര്‍മിക്കാന്‍ ആസൂത്രണ സമിതി തീരുമാനം

Published : 18th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയില്‍ ആസന്നമായ വരള്‍ച്ചയെ നേരിടുന്നതിന് ജനകീയ ഇടപടെല്‍ അനിവാര്യമാണെന്നു വരള്‍ച്ചാ പ്രതിരോധത്തിനായി വിളിച്ചുചേര്‍ത്ത ജില്ലാ ആസൂത്രണ സമിതി പ്രത്യേക യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴരേഖപ്പെടുത്തിയ ജില്ലയെന്ന നിലയില്‍ വലിയതോതിലുള്ള വരള്‍ച്ചാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. തുലാം മാസത്തില്‍ പെയ്തുവീഴുന്ന മഴവെള്ളം സംഭരിച്ച് ഭൂമിയുടെ അടിത്തട്ടിലെത്തിക്കാന്‍ താല്‍ക്കാലിക തടയണകള്‍ ഗ്രാമങ്ങള്‍ തോറും നിര്‍മിക്കാന്‍ ജില്ലയിലെ മുഴുവന്‍ ആളുകളുടെയും സഹകരണം യോഗം ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ തോടുകള്‍ക്കും പുഴകള്‍ക്കും കുറുകെ തടയണ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി. 20നകം തടയണകള്‍ ഒരോ പഞ്ചായത്തും പൂര്‍ത്തിയാക്കണം. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ അടിയന്തര ഭരണസമിതിയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ നടത്തണം. തുലാം മാസത്തിലെ ആദ്യ ആഴ്ചയില്‍ കിട്ടുന്ന മഴവെള്ളത്തെ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതു വഴി കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് നിലനിര്‍ത്താന്‍ കഴിയും. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കാഡറ്റ്‌സ്, എന്‍സിസി, നാഷനല്‍ സര്‍വീസ് സ്‌കീം, ക്ലബ്ബുകള്‍, സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക സംഘങ്ങള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, എന്‍ജിഒകള്‍ തുടങ്ങി എല്ലാവിധ കൂട്ടായ്മകളുടെയും സഹകരണമാണ് തടയണ നിര്‍മാണത്തിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഉറപ്പുവരുത്തേണ്ടത്. പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ചാക്കുകള്‍ കഴിയുന്നതും ഒഴിവാക്കി പ്രകൃതി സൗഹൃദ തടയണകള്‍ നിര്‍മിക്കാന്‍ ശ്രമിക്കണമെന്ന് അഡ്‌ഹോക് കമ്മിറ്റി മെംബര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി നിര്‍ദേശിച്ചു. കവുങ്ങുകള്‍, പാഴ്മരങ്ങള്‍, മുളകള്‍ എന്നിവയെല്ലാം ഉപയോഗിച്ചുള്ള തടണകളാണ് അഭികാമ്യം. കൃഷിയിടങ്ങളില്‍ മഴക്കുഴികളുമുണ്ടാക്കാം. സുസ്ഥിര തടയണകള്‍ നിര്‍മിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങളും ഫണ്ടും ആവശ്യമാണ്. അടിയന്തര ഘട്ടത്തില്‍ താല്‍ക്കാലിക തടയണകളും പരമ്പരാഗത ജലസംരക്ഷണ മാര്‍ഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. എല്ലായിടങ്ങളിലും ഒരു ദിവസം കൂട്ടമായി ഇറങ്ങി തടയണകളും മറ്റും നിര്‍മിക്കാനാണ് പദ്ധതി. പഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ച് ദിനങ്ങള്‍ നിശ്ചയിക്കാം. പഞ്ചായത്ത് ഈ പ്രവൃത്തികള്‍ ഏകോപിപ്പിക്കണം. തൃശൂരില്‍ നടപ്പാക്കിയതുപോലെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള മഴപ്പൊലിമ പദ്ധതി ജില്ലയിലും നടപ്പാക്കും. കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍, സ്വഭാവിക ജലസ്രോതസ്സുകളുടെ പരിപാലനം എന്നിവയെല്ലാം ഏറ്റെടുത്തു നടത്താനും തദ്ദേശീയ തലത്തില്‍ ആലോചന വേണം. കുടിവെള്ളം, ഗാര്‍ഹികാവശ്യത്തിനുള്ള ജലം, വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കുമുള്ള ദാഹജലം, കൃഷിക്കുള്ള ജലം എന്നിങ്ങനെ മുന്‍ഗണനാക്രമത്തില്‍ ജലം ഉപയോഗത്തെ കാണണം. വന്യമൃഗ സങ്കേതങ്ങളിലും പരമാവധി മഴവെള്ളം ശേഖരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ബി എസ് തിരുമേനി, എഡിഎം കെ എം രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ഇസ്മായില്‍, ഒ ആര്‍ രഘു സംസാരിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, എന്‍ജിഒ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss