|    Dec 10 Mon, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വരള്‍ച്ചാ ദുരിതാശ്വാസം; മഹാരാഷ്ട്രയില്‍ ആയിരങ്ങളുടെ കര്‍ഷക മാര്‍ച്ച്

Published : 22nd November 2018 | Posted By: kasim kzm

മുംബൈ: വരള്‍ച്ച നേരിടുന്ന തങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും വനാവകാശം ആദിവാസികള്‍ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ താനെയില്‍ നിന്നു മുംബൈയിലേക്ക് മാര്‍ച്ച് തുടങ്ങി. രണ്ടു ദിവസം നീളുന്ന മാര്‍ച്ച് ഇന്ന് മുംബൈയിലെത്തും. എട്ടുമാസം മുമ്പ് നാസിക്കില്‍ നിന്നു മുംബൈയിലേക്ക് ഇത്തരമൊരു മാര്‍ച്ച് കര്‍ഷകര്‍ സംഘടിപ്പിച്ചിരുന്നു.
മഗ്‌സാസെ അവാര്‍ഡ് ജേതാവായ ഇന്ത്യന്‍ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ഷകരുടെ കാല്‍നടജാഥ ഇന്നു കാലത്ത് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിലെത്തും. നിയമസഭാ സമ്മേളനം നടക്കുന്ന വിധാന്‍ സഭയ്ക്കു സമീപം പ്രകടനം നടത്താന്‍ കര്‍ഷകര്‍ ശ്രമിക്കുമെന്ന് ഒരു നേതാവ് പറഞ്ഞു. 30,000ഓളം കര്‍ഷകരും ആദിവാസികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ മിക്കവരും താനെ, ഭുസവാള്‍, മറാത്ത്‌വാദ മേഖലകളിലുള്ളവരാണ്. സ്വാമിനാഥന്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കണമെന്നും ഭൂമിയുടെയും വെള്ളത്തിന്റെയും നിയന്ത്രണം കര്‍ഷകരില്‍ നിക്ഷിപ്തമാക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഷികോല്‍പന്നങ്ങളുടെ ചുരുങ്ങിയ താങ്ങുവില വര്‍ധിപ്പിക്കണമെന്നും അതു നടപ്പാക്കുന്നതിന് ജുഡീഷ്യല്‍ സംവിധാനം ഉറപ്പുവരുത്തണമെന്നുമാണ് മറ്റ് ആവശ്യം.
മഹാരാഷ്ട്രാ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ എഴുതിത്തള്ളല്‍ പദ്ധതി ശരിയായി നടപ്പാക്കണം, കര്‍ഷകര്‍ക്ക് ഭൂമിയുടെ അവകാശം നല്‍കണം, കര്‍ഷകത്തൊഴിലാളികള്‍ക്കു നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകര്‍ ഉന്നയിക്കുന്നുണ്ട്.
കര്‍ഷകരുടെ ആവശ്യങ്ങളോട് സര്‍ക്കാരിന് തണുത്ത പ്രതികരണമാണെന്നും വീണ്ടും പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും സമരം സംഘടിപ്പിച്ച ലോക് സംഘര്‍ഷ് മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി പ്രതിഭ ഷിന്‍ഡെ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss