|    Jan 19 Thu, 2017 7:55 am
FLASH NEWS

വരള്‍ച്ചയില്‍ നടുങ്ങി വയനാട്; പ്രതീക്ഷ കേന്ദ്രസംഘത്തില്‍

Published : 2nd April 2016 | Posted By: SMR

കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ കാര്‍ഷിക മേഖല കരിഞ്ഞുണങ്ങുമ്പോഴും നഷ്ടം കണക്കാക്കാന്‍ നടപടികളില്ലാത്തതു കര്‍ഷകരെ നിരാശയിലാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ മൗനംദീക്ഷിക്കുകയാണ് ഭരണാധികാരികള്‍. വരള്‍ച്ചയുടെ തോതും നഷ്ടങ്ങളും വിലയിരുത്താന്‍ കേന്ദ്രസംഘം ജില്ലയിലെത്തണമെന്നു കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
കൊടും ചൂടില്‍ വെന്തുരുകുകയാണ് വയനാട്. വരള്‍ച്ച തൊട്ടുതീണ്ടാത്ത ഒരു പ്രദേശവും ജില്ലയിലില്ല. ഇടയ്ക്കു വേനല്‍മഴ പെയ്‌തെങ്കിലും വരള്‍ച്ചയെ മറികടക്കാന്‍ പര്യാപ്തമായിരുന്നില്ല. വേനലില്‍ ജലാശയങ്ങള്‍ വറ്റുകയും ജലസേചനത്തിന് മാര്‍ഗമില്ലാതാവുകയും ചെയ്തതോടെ കൃഷികള്‍ കരിഞ്ഞുണങ്ങി. വയനാടന്‍ അതിര്‍ത്തി ഗ്രാമങ്ങളാണ് വരള്‍ച്ചയുടെ കെടുതികള്‍ ഏറ്റവുമധികം പേറുന്നത്.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളില്‍ പച്ചപ്പെല്ലാം മാഞ്ഞു. ഇവിടുത്തെ വേനലിന്റെ ദുരന്തക്കാഴ്ചകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാണ്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മാത്രം ഈ വര്‍ഷം ഇതുവരെ വരള്‍ച്ചയില്‍ 100 ഹെക്റ്ററോളം സ്ഥലത്തെ കുരമുളക്, കാപ്പി കൃഷികള്‍ നശിച്ചു. ഏകദേശം ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍, ഇത്രയൊക്കെയായിട്ടും കൃഷിനാശം കണക്കാക്കാനോ വരള്‍ച്ചയുടെ തോത് വിലയിരുത്താനോ സര്‍ക്കാരും ജില്ലാ ഭരണകൂടവും മുതിര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണ് ഇതിനു തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, പ്രശ്‌നത്തിന്റെ ഗൗരവം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുകയും ആശ്വാസ പദ്ധതികള്‍ നടപ്പാക്കുവാനും സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും കഴിയുമെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ അയഞ്ഞമട്ട് തുടരുന്നു. ഇതോടെ കര്‍ഷകര്‍ വിഷമസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദഗ്ധസംഘം വരള്‍ച്ചബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന മുറവിളി ശക്തമാവുന്നത്.
വരള്‍ച്ചാ കെടുതികള്‍ വിലയിരുത്താനായി 13 വര്‍ഷത്തിനിടെ രണ്ടു തവണ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കേന്ദ്രസംഘം വന്നതു 2014 ജൂണ്‍ 14നാണ്. അന്നു മഴ പെയ്ത് വരള്‍ച്ചയുടെ അടയാളങ്ങളെല്ലാം നീങ്ങിയിരുന്നു. കേന്ദ്രസംഘം വന്നുപോയതല്ലാതെ കാര്യമായ ഗുണമൊന്നും ഉണ്ടായില്ല. 2004ല്‍ അന്നു മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷിമന്ത്രി കെ പി മോഹനന്‍, ജില്ലയിലെ മന്ത്രി പി കെ ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘം 2013 ഏപ്രില്‍ ആറിന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
മുഖ്യമന്ത്രി വന്ന സമയത്തും മഴ പെയ്തിരുന്നതിനാല്‍ വരള്‍ച്ചയുടെ തീവ്രത കുറഞ്ഞു. എന്നാല്‍, പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യന്ത്രിക്ക് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും വരള്‍ച്ചയെ പ്രതിരോധിക്കാനായി വയനാട്ടില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍, ഇതൊന്നും യാഥാര്‍ഥ്യമായില്ല. അന്നു കെപിസിസി അധ്യക്ഷനും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയും അതേ മാസം 22ന് മുള്ളന്‍കൊല്ലിയിലെ ദുരന്തബാധിത പ്രദേശങ്ങളിലെത്തി കര്‍ഷകരെ കണ്ടിരുന്നു. ആശ്വാസ നടപടികള്‍ നടപ്പാക്കാമെന്നു ചെന്നിത്തല നല്‍കിയ വാക്കും പാഴായി.
പലപ്പോഴും പ്രകൃതിദുരന്തങ്ങളിലെ നാശം വിലയിരുത്താനായി ജില്ലയിലേക്ക് വിദഗ്ധസംഘമെത്തുന്നത് കെടുതികളെല്ലാം അസ്തമിച്ച ശേഷമാണ്. ഇതിനാല്‍ തന്നെ കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാവാറില്ല. ഇത്തവണയെങ്കിലും പതിവ് രീതി ആവര്‍ത്തിക്കരുതെന്നാണ് കര്‍ഷകരുടെ അപേക്ഷ. വരള്‍ച്ചയുടെ വറുതികള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്രത്തെ നേരിട്ട് ബോധ്യപ്പെടുത്താന്‍ ജില്ലയിലെ ജനപ്രതിനിധികള്‍ കൂട്ടായി ശ്രമിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം നിമിത്തം വര്‍ഷാവര്‍ഷം വേനല്‍ച്ചൂടും വരള്‍ച്ചയും അധികരിക്കുന്ന പശ്ചാലത്തില്‍ ഇതു പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികളും കൃഷിനാശമുണ്ടായി കടക്കെണിയാലാവുന്ന കര്‍ഷകരുടെ വായ്പ എഴുതിത്തള്ളലടക്കമുള്ള നടപടികളും ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക