|    May 30 Tue, 2017 12:43 am
FLASH NEWS

വരയും പുസ്തകവും കാക്കുമോ? അങ്കത്തട്ടില്‍ ലോഗോ ശശിയും

Published : 20th October 2015 | Posted By: swapna en

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: ആര്‍ട്ടിസ്റ്റ് ശശികലയെ കണ്ണൂരില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. ഒരുപക്ഷേ മറ്റു ജില്ലകളിലും ഇദ്ദേഹത്തിന്റെ മുഖം സുപരിചിതമായിരിക്കും. അതിനു പ്രധാന കാരണം ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ തന്നെ. സ്‌കൂളുകളില്‍ നടക്കുന്ന മേളകളോ സാംസ്‌കാരിക പരിപാടികളോ ഏതുമാവട്ടെ അതില്‍ മിക്കതിനും ലോഗോ സംഭാവന ചെയ്തിട്ടുണ്ടാവുക ശശികലയായിരിക്കും. എന്നാല്‍, ഇത്തവണ സ്വതന്ത്രവേഷത്തില്‍ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങുകയാണ് ശശികല. കണ്ണൂര്‍ കോര്‍പറേഷനിലെ വെത്തിലപ്പള്ളി വാര്‍ഡില്‍നിന്നാണ് പുസ്തകം അടയാളത്തില്‍ ശശികല ജനവിധി തേടുന്നത്. താന്‍ വരച്ച ചിത്രങ്ങളും അക്ഷരങ്ങള്‍ കുറിക്കുന്ന പുസ്തകങ്ങളും കാക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഈ 56കാരന്‍ ഗോദയിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ശാസ്‌ത്രോല്‍സവം, സംസ്ഥാന സ്‌പെഷ്യല്‍ കലോല്‍സവം, 2010ല്‍ കോഴിക്കോട്ടു നടന്ന 50ാമത് സുവര്‍ണ ജൂബിലി സംസ്ഥാന സ്‌കൂള്‍ കലോല്‍സവം, അതേ വര്‍ഷം തിരുവല്ലയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള, കേരള സര്‍ക്കാരിന്റെ വയോജന നയം, സംസ്ഥാന കേരളോല്‍സവം, കേരള സാക്ഷരതാ മിഷന്‍, ശിവഗിരി തീര്‍ത്ഥാടനം പ്ലാറ്റിനം ജൂബിലി തുടങ്ങി 60ഓളം ലോഗോ രൂപകല്‍പന ചെയ്ത ഇദ്ദേഹത്തിന് 400ഓളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2011 സപ്തംബറില്‍ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ഭീമന്‍ പൂക്കളം ഗിന്നസ് വേള്‍ഡ് റെക്കോഡിലും ലിംകാ ബുക്ക് ഓഫ് റെക്കോഡിലും ഇടംനേടിയപ്പോള്‍ അതിനു പിന്നിലും ആര്‍ട്ടിസ്റ്റ് ശശികലയുടെ വരയുണ്ടായിരുന്നു. പൂക്കളത്തിന്റെ ശില്‍പി ശശികലയായിരുന്നു. അതതു പ്രദേശങ്ങളുടെ ചരിത്രപരമായ പശ്ചാത്തലം ഉള്‍ക്കൊള്ളിച്ചാണ് ഇദ്ദേഹം ലോഗോ തയ്യാറാക്കുന്നത്. നിരവധി ചിത്രങ്ങളും ശില്‍പങ്ങളും ഇദ്ദേഹത്തിന്റെ കലാവൈഭവം വെളിവാക്കുന്നതാണ്. ഇതിനുപുറമെ, ശശികലയുടെ മുടിയും ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലാക്കിത്തരും. ന്യൂജെന്‍ തരംഗം വരുന്നതിനു മുമ്പുതന്നെ ശശികലയുടെ മുടി ന്യൂജെന്‍ ആയിരുന്നു. എത്ര ദൂരെ നിന്നു നോക്കിയാലും ആളെ തിരിച്ചറിയുന്നത് ഈ മുടി കാരണം തന്നെ. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശശികല സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്. ഫോക്‌ലോര്‍ അക്കാദമി അംഗം, ഉപഭോക്തൃ ഫെഡറേഷന്‍, ലളിതകലാ അക്കാദമി അംഗം, വിവരാവകാശ ഫെഡറേഷന്‍ തുടങ്ങിയ സാംസ്‌കാരിക-സാമൂഹിക രംഗത്തും ശശികല സജീവമാണ്. എന്നാല്‍, കോണ്‍ഗ്രസ്സിലുണ്ടായ തര്‍ക്കമൊന്നുമല്ല സ്ഥാനാര്‍ഥിത്വത്തില്‍ കലാശിച്ചതെന്ന് ശശികല പറയുന്നു. പൊതുസമ്മതരായ കലാകാരന്‍മാര്‍ക്കും അവസരം കൊടുക്കണമെന്ന കെപിസിസി പ്രസിഡന്റിന്റെ പരാമര്‍ശമാണ് സ്ഥാനാര്‍ഥിത്വത്തിനു കാരണം. 1981, 1982 കാലങ്ങളില്‍ തോട്ടട എസ്എന്‍ കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിന്റെ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി മല്‍സരിച്ചതു മാത്രമാണ് ഇതിനുമുമ്പുള്ള തിരഞ്ഞെടുപ്പു പാരമ്പര്യം. എന്നാല്‍, പാരമ്പര്യമായി കോണ്‍ഗ്രസ്സുകാരന്‍ തന്നെ. കോര്‍പറേഷനില്‍ ഏഴിടത്ത് കോണ്‍ഗ്രസ്സിനു വിമതരുണ്ടെങ്കിലും അവര്‍ക്കൊപ്പം കൂടാനും ഇദ്ദേഹം തയ്യാറായിട്ടില്ല. ഇവിടെ  യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് നിലവില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ്സിലെ അഡ്വ. ടി ഒ മോഹനനാണ്. ലീഗ് കൗണ്‍സിലറും സ്വതന്ത്രവേഷത്തിലുണ്ട്. കണ്ണൂര്‍ താവക്കരയില്‍ താമസിക്കുന്ന ശശികലയുടെ ഭാര്യ കലയാണ്. ശില്‍പ ശശികല, കാവ്യ ശശികല, കലേഷ് ശശികല എന്നിവരാണു മക്കള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day