|    Apr 22 Sun, 2018 5:55 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വരമ്പത്തു കൂലി; കോടിയേരി സ്‌റ്റൈല്‍

Published : 31st July 2016 | Posted By: SMR

ഫെഡറല്‍ ഭരണഘടന നിലവിലുള്ള രാജ്യമെന്ന നിലയില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാവണം കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ മുന്നോട്ടുപോവേണ്ടത് എന്നാണു വ്യവസ്ഥ. അവിടെ കക്ഷിരാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നു മാത്രമല്ല, രാഷ്ട്രീയ വൈര്യവും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ കളത്തിനു പുറത്തുവച്ചുകൊണ്ടു മാത്രമേ ഭരണം നടത്താന്‍ പാടുള്ളു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതിലോ, മോദി കേരളത്തില്‍ എത്തി പിണറായിയുടെ ആതിഥ്യം സ്വീകരിക്കുന്നതിലോ പൊരുത്തക്കേട് കാണാന്‍ കഴിയാത്തത് അതുകൊണ്ടാണ്. ഇനി അന്ധമായ രാഷ്ട്രീയം തലയില്‍ കയറി പരസ്പരം കാണുകയും മിണ്ടുകയും ഒന്നും വേണ്ടെന്ന് പിണറായിയോ മോദിയോ തീരുമാനിച്ചാല്‍ പോലും അതു നടപ്പാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാധ്യമങ്ങളെ ഒഴിവാക്കുന്നതുപോലെ സിംപിളായ ഒരു ഏര്‍പ്പാടല്ല അത്.
ഏതായാലും ഭരണത്തിലെന്നപോലെ രാഷ്ട്രീയത്തിലും ചില കൊടുക്കല്‍ വാങ്ങലുകള്‍ ഒക്കെ ആവാമെന്ന നിലപാടിലാണ് കേന്ദ്രവും കേരളവും ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിനേതാക്കളുടെ നിലപാട്. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ സ്വഭാവം ഇത്തിരി സ്‌പെഷ്യല്‍ ആണെന്നതു മാത്രമാണു വ്യത്യാസം. സംഗതി കുറേക്കാലമായി കേരളത്തില്‍, പലയിടത്തും നടന്നുവരുന്നതാണെങ്കിലും കഴിഞ്ഞയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരിലെ പാര്‍ട്ടിവേദിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ ചര്‍ച്ച സജീവമാക്കിയത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ നേതാവെന്ന പദവിയെ അന്വര്‍ഥമാക്കുന്ന ഭാഷയിലായിരുന്നു അദ്ദേഹം അണികളെ അഭിസംബോധന ചെയ്തത്. വരമ്പത്തു തന്നെ കൂലി കൊടുക്കുക, ശത്രുവര്‍ഗത്തെ നേരിടാനുള്ള സംവിധാനം ഒരുക്കുക, ആക്രമിക്കാന്‍ വന്നവനെ വെറുംകൈയോടെ തിരിച്ചയക്കരുത്, അണികള്‍ ഇനിമുതല്‍ രാഷ്ട്രീയത്തോടൊപ്പം കുറച്ച് കായിക പരിശീലനം കൂടി തരപ്പെടുത്തണം തുടങ്ങി ഭാവിതലമുറയെ വാര്‍ത്തെടുക്കാനുള്ള കനപ്പെട്ട സംഭാവനകള്‍ നിറഞ്ഞുതുളുമ്പുന്നതായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം. പയ്യന്നൂരില്‍ സിപിഎമ്മിന് ഒരു രക്തസാക്ഷിയെയും ബിജെപിക്ക് ഒരു ബലിദാനിയെയും സമ്മാനിച്ച രക്തച്ചൊരിച്ചിലിന്റെ ചൂര് പൂര്‍ണമായി മാറുന്നതിനു മുമ്പായിരുന്നു അണികളെ ത്രസിപ്പിക്കുന്ന പ്രസംഗം.
കോടിയേരിയുടെ പ്രസംഗം അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലിസ് അത്തരം സാധ്യതകളുടെ വിവിധ വശങ്ങള്‍ ഇപ്പോള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ വിദഗ്ധ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, സെക്രട്ടറി പറഞ്ഞതിന്റെ ഉള്ളറിഞ്ഞ് പ്രവര്‍ത്തിക്കാനറിയാവുന്ന സഖാക്കള്‍ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ആവോളമുള്ള സിപിഎമ്മിന് ഇനി ഇക്കാര്യത്തില്‍ അധികം ഗവേഷണവും നിയമോപദേശവും ഒന്നും ആവശ്യമില്ല. പ്രസംഗം നേരിട്ടും അല്ലാതെയും കണ്ടും കേട്ടുമൊക്കെ മനസ്സിലാക്കിയ സാമാന്യജനത്തിനും കാര്യങ്ങള്‍ ഏറക്കുറേ പിടികിട്ടിയിട്ടുണ്ട്. പിണറായി ഭരിക്കുന്ന പോലിസ് കോടിയേരിക്കെതിരേ കേസെടുക്കുകയെന്നൊക്കെ പറഞ്ഞാല്‍ സ്വപ്‌നത്തില്‍ പോലും നടക്കില്ലെന്ന് നാട്ടുകാര്‍ക്കു മുഴുവന്‍ അറിയാം. എന്നിട്ടും ജനത്തെ പറ്റിക്കാന്‍ വേണ്ടി എന്തിനാണ് പോലിസ് ഇത്ര ആഴത്തില്‍ പരിശോധന നടത്തുന്നതെന്നാണു മനസ്സിലാവാത്തത്. ഭരിക്കുന്നവന്റെ മനസ്സറിഞ്ഞ് പാദസേവ ചെയ്യാന്‍ വിധിക്കപ്പെട്ട പോലിസ് ആ പണി വൃത്തിയായിട്ടങ്ങ് ചെയ്യുക എന്നതു മാത്രമാണ് ഈ കേസിലും അവശേഷിക്കുന്നത്. അതിനുമപ്പുറമുള്ള അദ്ഭുതങ്ങള്‍ സംഭവിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ജനകീയ ജനാധിപത്യ വിപ്ലവമൊന്നും സംഭവിച്ചിട്ടുമില്ല.
കോടിയേരി ബാലകൃഷ്ണന്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, ഭരണം നടത്തുകയല്ല, പാര്‍ട്ടി വളര്‍ത്തലാണ് അദ്ദേഹത്തില്‍ ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്ന പ്രധാന ചുമതല എന്നതാണ്. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ നാഡിമിടിപ്പ് കോടിയേരിയോളം അടുത്തറിഞ്ഞവരല്ല ആക്ഷേപം ഉന്നയിക്കുന്നവര്‍. അതുകൊണ്ട് പയ്യന്നൂരിലും പയ്യാമ്പലത്തും പിണറായിയിലും ഒക്കെ എപ്പോള്‍ എന്ത് എങ്ങനെ പ്രസംഗിക്കണമെന്ന് കോടിയേരിക്ക് കൃത്യമായി അറിയാം. വേണ്ടിവന്നാല്‍ പോലിസ് സ്‌റ്റേഷനുള്ളില്‍ വച്ചും ബോംബ് നിര്‍മിക്കാനറിയാമെന്ന് പ്രസംഗിച്ച് ഇക്കാര്യത്തിലുള്ള പ്രാവീണ്യം അദ്ദേഹം പണ്ടേ തെളിയിച്ചിട്ടുള്ളതുമാണ്. മുന്‍ ആഭ്യന്തരമന്ത്രി, ദീര്‍ഘകാലം നിയമസഭാ സാമാജികനായിരുന്ന വ്യക്തി എന്നീ നിലകളിലൊക്കെ അദ്ദേഹം വഹിച്ചിട്ടുള്ള പദവികള്‍ വച്ച് പ്രസംഗത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തബോധം പ്രകടിപ്പിക്കേണ്ടതായിരുന്നില്ലേ എന്ന അഭിപ്രായമുള്ളവരാണ് മറ്റൊരു കൂട്ടര്‍. ഇട്ടിരിക്കുന്ന കുപ്പായത്തിനനുസരിച്ച് നിറവും നിലപാടുകളും മാറ്റാന്‍ കഴിയുകയെന്ന പ്രായോഗിക രാഷ്ട്രീയത്തെ കുറിച്ചുള്ള തിരിച്ചറിവാണ് ഇക്കൂട്ടര്‍ക്ക് ഉണ്ടാവേണ്ടത്. രാഷ്ട്രീയ എതിരാളികളെ തലയെണ്ണി കൊന്നുതള്ളിയത് വീരേതിഹാസം പോലെ വിളിച്ചുപറഞ്ഞ എം എം മണിയെ പാര്‍ട്ടി സെക്രട്ടേറിയറ്റിലേക്കും അവിടെ നിന്ന് നിയമസഭയിലേക്കും അയച്ച പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയാത്തവര്‍ക്കേ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍ കഴിയുകയുള്ളു.
പാര്‍ട്ടി സെക്രട്ടറിയുടെ വിവാദ പ്രസംഗത്തിന് പിന്തുണയുമായി എത്തിയവരെല്ലാം തന്നെ കണ്ണൂരില്‍ നിന്നുള്ള പ്രധാനികളായിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ആയുസ്സിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഉള്ളതിനേക്കാള്‍ വലിയ ഉല്‍ക്കണ്ഠയായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് പാര്‍ട്ടി സെക്രട്ടറിക്കെതിരായ വിമര്‍ശനങ്ങളോടുണ്ടായത്. ജയരാജന്‍മാരുടെ പ്രകടനം കോടിയേരിയെയും കടത്തിവെട്ടി. വാളെടുത്ത് വരുന്നവനോട് ജ്യൂസ് കുടിച്ചിട്ടു പോവാന്‍ പറയില്ലെന്ന ജയരാജന്റെ കമന്റ് കേട്ട് പ്രകോപിച്ചിട്ടാവണം തങ്ങള്‍ അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ജയരാജന്‍ പ്രസംഗിക്കാന്‍ ഉണ്ടാവുമായിരുന്നില്ലെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ തിരിച്ചടിച്ചത്. പച്ചയ്ക്കു പറഞ്ഞാല്‍ വാളും വെട്ടും കുത്തും കൊലയുമൊക്കെത്തന്നെയായിക്കഴിഞ്ഞു നേതാക്കന്‍മാരുടെ ഇഷ്ടവിഷയം. കൂലി പാടത്ത് വേണോ വരമ്പത്ത് വേണോ എന്നതിലേ തര്‍ക്കമുള്ളു. നേതാക്കളുടെ പരസ്യമായ പോര്‍വിളി കണ്ട ലക്ഷണമൊന്നും മുഖ്യമന്ത്രി പിണറായി വിജയനില്ല. ഇക്കാര്യത്തിലൊന്നും ചാടിക്കയറി പ്രതികരിക്കേണ്ടതില്ലെന്ന ഉപദേശമാണ് അടുത്തകാലത്തായി അദ്ദേഹത്തിനു കിട്ടിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, പെട്ടെന്ന് കൊല്ലാന്‍ പഠിപ്പിക്കുന്ന പാര്‍ട്ടികളുടെ പട്ടിക തയ്യാറാക്കുന്നതിനിടയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അദ്ദേഹത്തിന് നേരം കിട്ടിയിട്ടും ഉണ്ടാവില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss