|    Dec 16 Sun, 2018 10:51 pm
FLASH NEWS

വരപ്രതിരോധം

Published : 12th December 2015 | Posted By: swapna en

കെ വി ഷാജി സമത

ഫാഷിസം അതിന്റെ കട്ടിയേറിയ പുറന്തോട് പതുക്കെ പിളര്‍ന്ന് പുറത്തേക്കിറങ്ങുന്നതേയുള്ളൂ. പതിറ്റാണ്ടുകളുടെ സുഷുപ്തിയില്‍നിന്നു നേടിയ പക്വതയോടെ അത് പുറത്തേക്കു തല നീട്ടുമ്പോള്‍ തന്നെ, ജനാധിപത്യ ജീവിതത്തിന്റെ താളം മുറിയുന്നത് ഇന്ത്യയിലെ ഓരോ മനുഷ്യനും ഉള്ളാലെ ഏറ്റുവാങ്ങുന്നുണ്ട്. ഇന്ത്യയുടെ ഉള്ളകം ഫാഷിസത്തിന്റെ അസഹിഷ്ണുതയാല്‍ വിറകൊള്ളുമ്പോള്‍, സഹിഷ്ണുതയുടെ കൂടാരത്തിനകത്ത് എത്രനാള്‍ എന്ന ചോദ്യം ഉയര്‍ത്തിയാണ് ദിശാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് വേഴ്‌സസ് ഫാഷിസ്റ്റ് എന്ന ചിത്രപ്രദര്‍ശനം സമാപിച്ചത്.goat

കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ അസഹിഷ്ണുതയോട് സഹിഷ്ണുതയില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ഇരുപത് സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്. ഫാഷിസത്തിന്റെ മുഖലക്ഷണമാണ് അസഹിഷ്ണുതയെന്ന് അതിന്റെ ചരിത്രം വ്യാഖ്യാനിച്ചവരെല്ലാം നിരീക്ഷിച്ചിട്ടുണ്ട്. അസഹിഷ്ണുതയോടൊഴികെ സകലതിനോടും അസഹിഷ്ണുവായിരിക്കാന്‍ ഫാഷിസം പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ കാലികപ്രസക്തമായി ദിശയുടെ ഫാഷിസ്റ്റ് വിരുദ്ധ ചിത്രപ്രദര്‍ശനം.wom

ഫാഷിസവും അതിന്റെ പ്രായോജകരായ ആഗോള മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും സ്ത്രീയെ വില്‍പ്പനയ്ക്കു വയ്ക്കാനും ഭൂമിയെ എന്ന പോലെ ചൂഷണം ചെയ്യാനുമുള്ള ഒന്നായി കാണുന്നു. ഫാഷിസത്തിന്റെ വര്‍ത്തമാനകാല ശീലങ്ങള്‍ ഇരയാക്കി മാറ്റിയ ബംഗ്ലാദേശി പെണ്‍കുട്ടി സായ, അവരുടെ വരയും എഴുത്തും പൊതുസമക്ഷം പ്രദര്‍ശനത്തിനു വച്ച അതേ ഗാലറിച്ചുവരില്‍ തന്നെയാണ് അസഹിഷ്ണുതയോട് കലാപം കുറിക്കുന്ന രചനകളും നിരന്നുനിന്നത്.
പുരുഷ കേന്ദ്രീകൃത അധികാരം സ്ഥാപിക്കുന്ന ഫാഷിസം, സ്ത്രീ വിരുദ്ധമാവുന്നതിന്റെ നേര്‍വരയായിരുന്നു പ്രദര്‍ശ                നത്തിലെ കബിത മുഖോപാധ്യായയുടെ രചന. ആധിപത്യ            പ്രയോഗങ്ങളുടെ അടയാളങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്ന സ്ത്രീമുഖം. ചുവന്ന പൊട്ടില്‍നിന്ന് ഉദ്ഭവിച്ചൊഴുകുന്ന രക്തച്ചാല്‍. അമര്‍ന്നുപതിച്ച കാല്‍പാദം മുഖത്ത് തെളിമയോടെ തെറിച്ചുനില്‍ക്കുന്നു. തുളുമ്പി വീഴാനൊരുങ്ങുന്ന കണ്ണുനീര്‍. അപ്പോഴും ആത്മസ്ഥൈര്യം വിടാത്ത ഭാവത്തോടെ ഈ മുഖം ചിലത് വിളിച്ചു പറയുന്നുണ്ട്. അസഹിഷ്ണുതയുടെ ഫാഷിസ്റ്റ് കാലത്ത് സ്ത്രീത്വത്തിന്റെ സ്വത്വം പ്രകടമാക്കുന്നു കബിതയുടെ ചിത്രം.book

സ്വന്തം വീടിന് തീ പിടിക്കുമ്പോഴുള്ള സ്വാഭാവിക പ്രതികരണം പോലും അസഹിഷ്ണുതയുടെ കാര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നില്ലെന്ന് കബിത മുഖോപാധ്യായ പറഞ്ഞു. ഉള്ള പ്രവര്‍ത്തനങ്ങളാവട്ടെ, ഇവന്റ് മാനേജ്‌മെന്റ് നിലവാരത്തിലേക്ക് താഴ്ന്നുപോവുകയും ചെയ്യുന്നു. ഇതേ സമയം ഫാഷിസത്തിന്റെ തിക്തമായ അനുഭവങ്ങളിലൂടെ ഓരോ മനുഷ്യരും കടന്നുപോവുന്നുമുണ്ട്. ഫാഷിസത്തിനെതിരേ ബോധപൂര്‍വം വരച്ച ചിത്രമല്ല ഇവിടെ പ്രദര്‍ശിപ്പിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍, സൃഷ്ടിക്കപ്പെടുന്ന ഏത് രചനയിലും അസഹിഷ്ണുതയുടെ സാമൂഹികപരിസരം കടന്നുവരും. വരകളിലും സൃഷ്ടികളിലും കാണുന്നതിന് അപ്പുറമാണ് അസഹിഷ്ണുതയുടെ വേരുകള്‍ എത്തിനില്‍ക്കുന്നത്- കബിത പറഞ്ഞു.wall

സംഭ്രമാത്മകമായ ഒരു നിലവിളിയാണ് സി ശാന്തയുടെ ചിത്രങ്ങള്‍ അനുഭവിപ്പിക്കുന്നത്. സംഭ്രമിപ്പിക്കുകയും സ്വയം സംഭ്രമിക്കുകയും ചെയ്യുന്ന നിഴല്‍രൂപങ്ങള്‍. ചുറ്റും തിരിച്ചറിയാനാവുന്ന പ്രകാശമില്ലെങ്കിലും പരസ്പരം പേടിപ്പെടുത്തുക തന്നെയാണവ. മുഖം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ വര്‍ത്തമാന ജീവിതം തന്നെയാണ് ശാന്ത വരച്ചുകാട്ടിയത്. കാന്‍വാസില്‍നിന്ന് ഒരു നിലവിളിയായി ഈ ചിത്രം മനസ്സിലേക്ക് തറച്ചുകയറുന്നു. സഹിഷ്ണുതയുടെ അതിര് ഭേദിച്ച് ആക്രമണത്തിന് ഒരുങ്ങിനില്‍ക്കുന്ന വനജീവി. പൂര്‍ണചന്ദ്രന്റെ തെളിമയിലും ഇരുള്‍ മൂടിയ കാട് വിറങ്ങലിച്ചു നില്‍ക്കുന്നു. ലക്ഷ്യം ഉറപ്പിച്ച അതിന്റെ കണ്ണുകളില്‍ ഇരയുടെ നിസ്സഹായതയും ഭയവും. പ്രകൃതിപോലും ഭയന്നുനില്‍ക്കുന്നു.

man
കൂര്‍ത്ത കൊമ്പുകള്‍ ഇരയുടെ ശരീരത്തിലേക്ക് ഏതു സമയവും ആഴ്ന്നിറങ്ങാം. സ്മിത ജി എസ്സിന്റെ ചിത്രം, വര്‍ത്തമാനകാലത്തിന്റെ ഭയപ്പാടുകളെ ഒന്നാകെ ആവാഹിക്കുന്നതായി. ഇന്ത്യയില്‍ അസഹിഷ്ണുത അതിന്റെ എല്ലാ വൈകൃതത്തോടും കൂടി ആടിയലറുകയാണ്. എം എഫ് ഹുസൈനും കല്‍ബുര്‍ഗിയും കുല്‍ക്കര്‍ണിയും പെരുമാള്‍ മുരുകനും തുടങ്ങി നിരവധി മനുഷ്യരുടെ അനുഭവങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ ഫാഷിസം നടത്തിക്കൊണ്ടിരിക്കുന്ന കൈയേറ്റങ്ങളെ സ്ഥാപിക്കുന്നു.

ഭിന്നസ്വരങ്ങളെ ഭയക്കുകയും ആ സ്വരങ്ങളെ ഭയപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന് ഫാഷിസം അതിന്റെ ചരിത്രത്തില്‍ വ്യക്തതയോടെ കുറിച്ചിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വരച്ച ഒരു ചിത്രത്തേക്കാള്‍ വരയ്ക്കാനിരിക്കുന്ന ചിത്രം അസഹിഷ്ണുക്കളെ പരിഭ്രമിപ്പിക്കുന്നു. കെ ഷെരീഫിന്റെ ചിത്രം, വരയ്ക്കപ്പെടാത്ത ചിത്രത്തിന്റെ ശക്തി സൗന്ദര്യങ്ങളെ അപ്പാടെ ആവാഹിക്കുന്നതാണ്. കാന്‍വാസിനെ കറുത്ത തുണിക്കു മുകളില്‍ നിരോധനത്തിന്റെ വെളുത്ത അക്ഷരങ്ങള്‍. കാന്‍വാസിനു മുകളിലെ കറുത്ത തുണി നീങ്ങിനില്‍ക്കുന്ന മൂലയില്‍ ചിത്രകാരന്റെ കൈയൊപ്പു മാത്രം. അസഹിഷ്ണുതയ്ക്ക് ഒരു നിറം മാത്രമല്ല, അതിന് പല നിറങ്ങളും ഭാവങ്ങളുമുണ്ട്. കലാപ്രവര്‍ത്തകരെ സംബന്ധിച്ച് ഈ നിറങ്ങളെല്ലാം ഒരുപോലെയാണെന്ന് പ്രദര്‍ശനത്തിന്റെ സാമൂഹികപശ്ചാത്തലം വിവരിച്ചുകൊണ്ട് ഷെരീഫ് പറഞ്ഞു.swasti

കെ ജി സുബ്രഹ്മണ്യത്തിന്റെ പ്രസിദ്ധമായ പെയിന്റിങ് ഉള്‍ച്ചേര്‍ത്ത്, വര്‍ത്തമാനത്തെ വ്യാഖ്യാനിക്കുകയാണ് കെ പ്രഭാകരന്റെ ചിത്രം. വൈര ചിന്തയില്ലാത്ത ദൈനംദിന ജീവിതത്തിന്റെ പിന്നിലായി ഒളിഞ്ഞിരിക്കുന്ന ഒരു കണ്ണ്. നമ്മളറിയാതെ തന്നെ അത് നമ്മെ പിന്തുടരുന്നുണ്ട്. സാമൂഹികജീവിതത്തെ അളന്നെടുക്കുന്ന ഈ കണ്ണില്‍ തന്നെയാണ് ഇനിയുള്ള ജീവിതം ഉരുവപ്പെടുന്നത്. സ്‌തോഭജനകമായ ഇന്ത്യന്‍ പരിസരത്തെ ഈ രചന വിശാലമായി അവതരിപ്പിക്കുന്നുണ്ട്. ബറോഡയിലെ വര്‍ഗീയ കലാപങ്ങള്‍ക്കിടയില്‍, അതിന്റെ ആക്രോശങ്ങളില്‍ നിന്നെല്ലാം മാറി തെരുവില്‍ കഴിയുന്ന ഒരു മുസ്‌ലിം വൃദ്ധനെയും അദ്ദേഹത്തിനൊപ്പം കഴിയുന്ന ഹിന്ദു സ്ത്രീയെയും കുറിച്ചു വന്ന വാര്‍ത്തയില്‍ നിന്നാണ് പ്രഭാകരന്റെ ഈ ചിത്രം രൂപപ്പെടുന്നത്. ഫാഷിസത്തിനെതിരേയും അതിന്റെ അസഹിഷ്ണുതയ്‌ക്കെതിരേയും ഇന്ത്യയില്‍ കൂട്ടായ പ്രതിരോധം ഉണ്ടായി വരുന്നില്ല എന്നതാണ് കാലം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രഭാകരന്‍ വിലയിരുത്തുന്നു.

സാമൂഹികജീവിതത്തിന്റെ ചലനാത്മകതയെ തടഞ്ഞുനിര്‍ത്തുന്ന ഫാഷിസം, നമുക്കു ചുറ്റും എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നു എന്നാണ് സുനില്‍ അശോകപുരത്തിന്റെ രചന കാണിച്ചു തരുന്നത്. പുരാതന പ്രതലങ്ങളെല്ലാം വിണ്ടുകീറി ഇടിഞ്ഞൊടുങ്ങുന്ന വേളയില്‍, വര്‍ത്തമാനത്തിന്റെ കാഴ്ചകളെന്തെല്ലാമെന്ന് ചിത്രം ബോധ്യപ്പെടുത്തുന്നു. വര്‍ത്തമാനകാല സംഘര്‍ഷങ്ങള്‍ക്കിടയില്‍ പകച്ചുനില്‍ക്കുകയാണ് പുതിയ തലമുറ. അസഹിഷ്ണുതയുടെ ഉച്ചവെയില്‍ കാലത്ത് ഇന്ത്യന്‍ ജീവിതത്തിന്റെ നിസ്സഹായതയും യാഥാര്‍ഥ്യവും ചിത്രം മുന്നോട്ടു വയ്ക്കുന്നു. മുന്നോട്ട് ചലിക്കുന്നവനേ കാലില്‍ ചങ്ങലയുണ്ടെന്ന യാഥാര്‍ഥ്യം തിരിച്ചറിയാനാവൂ എന്ന റോസാ ലക്‌സംബര്‍ഗിന്റെ വാക്കുകള്‍ ഈ ചിത്രത്തിന്റെ അര്‍ഥതലങ്ങളെ വിപുലപ്പെടുത്തുകയും ചെയ്യുന്നു.  ജാതിയുടെ പേരിലും മതത്തിന്റെ പേരിലും മനുഷ്യനെ വിഭജിച്ച്, സ്പര്‍ധയുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യുന്ന കാലത്ത് അസഹിഷ്ണുതയോട് സഹിഷ്ണുതയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രപ്രദര്‍ശനം ഫാഷിസത്തോടുള്ള പ്രതിരോധം തന്നെയാണെന്ന് ആര്‍ട്ടിസ്റ്റ് വേഴ്‌സസ് ഫാഷിസ്റ്റിന്റെ കോ-ഓഡിനേറ്റര്‍ കൂടിയായ സുനില്‍ അശോകപുരം വിശദീകരിച്ചു.

യുക്തിയെയും സ്വതന്ത്രചിന്തയെയും ഭയപ്പെടുന്ന, സംസ്‌കാരത്തേയും കലയേയും അവിശ്വാസത്തോടെ വീക്ഷിക്കുന്ന, തങ്ങള്‍ക്കിഷ്ടമില്ലാത്ത വാദത്തെ എതിര്‍വാദം കൊണ്ടല്ലാതെ, കത്തികൊണ്ടും തോക്കുകൊണ്ടും കരിഓയില്‍ കൊണ്ടും നേരിടുന്ന, അസഹിഷ്ണുത നിറഞ്ഞ ദുഷിച്ച അന്തരീക്ഷത്തില്‍ ഒരു കലാകാരനും നിശ്ശബ്ദനായിരിക്കാനാവില്ല. കാരണം. അവനറിയാം ഭരണകൂടം ഫാഷിസത്തിലേക്കാണ് നീങ്ങുന്നതെന്ന്. ഈയൊരു അവസ്ഥയാണ് തന്റെ ചിത്രമെന്ന് ഇ സുധാകരന്‍ പറയുന്നു.ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പിക്കാസോയുടെ ഗൂര്‍ണിക്ക എന്ന ചിത്രത്തെ അപനിര്‍മിക്കുകയാണ് പോള്‍ കല്ലാനോടിന്റെ ഗോര്‍ണിന്ത്യ. മുഖം നഷ്ടപ്പെട്ട കൈകള്‍. ഇന്ത്യന്‍ ദേശീയപതാക പകുത്തുവച്ചിരിക്കുന്നു. സ്ഥാനം തെറ്റിയ കാഴ്ചകളും രൂപങ്ങളും. താഴെ വീണു നിലവിളിക്കുന്ന പശുവിന്റെ രൂപം, തീന്‍ മേശയിലെ മെനുപോലും ഫാഷിസത്താല്‍ നിശ്ചയിക്കപ്പെടുന്ന ഇന്ത്യന്‍ വര്‍ത്തമാനകാലത്തെ ഓര്‍മിപ്പിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിന്റെ ഗൂര്‍ണിക്കന്‍ അവസ്ഥയില്‍നിന്ന് പുതിയ കാലത്തിന്റെ അനിശ്ചിതത്വത്തില്‍ തറഞ്ഞുനില്‍ക്കുന്നു ഈ ചിത്രം.face

ഫാഷിസത്തിന്റെ മാനവിക വിരുദ്ധതയെ കുറിച്ചാണ് ദേവപ്രകാശിന്റെ ചിത്രം സംസാരിക്കുന്നത്. സ്വസ്ഥികാ ചിഹ്ന മുദ്രിതമായ കൈകള്‍ മനുഷ്യന്റെ ഇന്ദ്രിയ സംവേദനങ്ങളെ മാറ്റി പണിയുമ്പോഴും ഒരു കണ്ണ് തടസ്സങ്ങള്‍ക്കപ്പുറത്തെ ലോകത്തെ കാണുന്നുണ്ട്. ഈ കണ്ണില്‍ നിന്നാണ് അസഹിഷ്ണുതയുടെ ആന്തരികാര്‍ഥങ്ങളെ ലോകം തിരിച്ചറിയേണ്ടതെന്ന് വിളിച്ചുപറയുന്നു ദേവപ്രകാശ്. ശാന്തവും ആഹ്ലാദകരവുമായ സാമൂഹിക ജീവിതത്തോടു ചേര്‍ന്നുള്ള ഒരു വരയലിനപ്പുറത്ത് അസഹിഷ്ണുത തിടംവയ്ക്കുന്നതിന്റെ കാഴ്ചകളാണ് മദനന്‍ വരച്ചത്. സാധാരണ ജീവിതങ്ങള്‍ക്കു മുന്നില്‍ നേര്‍ക്കാഴ്ച സാധ്യമല്ലാത്ത രീതിയില്‍ ഫാഷിസം അതിന്റെ സന്നാഹങ്ങള്‍ ഒരുക്കുകയാണ്. മതവും ജാതിയും രാഷ്ട്രീയവും ഇഴചേര്‍ന്ന്, ആക്രോശങ്ങളുടെയും കീഴ്‌പ്പെടുത്തലുകളുടെയും പരിസരം സൃഷ്ടിച്ചെടുക്കുന്നത് ഈ ചിത്രത്തില്‍ നിന്നു വായിച്ചെടുക്കാം. ജോണ്‍സ് മാത്യു, അജയന്‍ കാരാടി, കെ സുധീഷ്, സന്തോഷ് നിലമ്പൂര്‍, രാമു കൊച്ചാട്ട് എന്നിവരുടെ പെയിന്റിങുകളും അസഹിഷ്ണുതയുടെ ജീവിതപരിസരങ്ങളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ആനയിക്കുന്നതായിരുന്നു. ഇവയ്‌ക്കൊപ്പം സഗീര്‍, ഗായത്രി, ഉസ്മാന്‍ ഇരുമ്പഴി, പി വി കൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍ ഐ പി എന്നിവരുടെ കാര്‍ട്ടൂണുകളും പ്രദര്‍ശിപ്പിക്കപ്പെട്ടു.

MADANANഫാഷിസത്തെ കുറിച്ച് ഉമ്പര്‍ട്ടോ എക്കോ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ച ലക്ഷണങ്ങളെല്ലാം ആര്‍ട്ടിസ്റ്റ് വേഴ്‌സസ് ഫാഷിസ്റ്റ് എന്ന ചിത്രപ്രദര്‍ശനത്തില്‍ നിരന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് കാണാനായി. ഫാഷിസത്തിന്റെ ലക്ഷണമൊത്ത ഇന്ത്യന്‍ പരിസരം വരകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും അനാവരണം ചെയ്യപ്പെട്ടു. ഫാഷിസത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും അസഹിഷ്ണുതാ കാലത്ത് ഈ ചിത്രപ്രദര്‍ശനം, അതിന്റെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം വ്യക്തതയോടെ വരച്ചിട്ടു എന്നതു തന്നെയാണ് പ്രസക്തം. GUERNINDIA

SAPHRON

raj

ചിത്രങ്ങള്‍
1. സ്മിത ജി എസ്
2. കബിത മുഖോപാധ്യായ
3. രാമു കൊച്ചാട്ട്
4. സുനില്‍ അശോകപുരം
5. ഇ സുധാകരന്‍
6. ദേവ്പ്രകാശ്
7. ജോണ്‍ മാത്യൂ
8. മദനന്‍
9. പോള്‍ കല്ലാനോട്
10. അജയന്‍ കാരാടി
11. പ്രഭാകരന്‍

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss