|    Nov 18 Sun, 2018 7:00 am
FLASH NEWS

വരട്ടാറിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയ അമിതം

Published : 15th June 2017 | Posted By: fsq

 

ആലപ്പുഴ:  വരട്ടാറിലെ ജലത്തില്‍ ഇകോളി ബാക്ടീരിയയുടെ അളവ് അമിതമെന്ന് ലാബ് റിപ്പോര്‍ട്ട്. വെള്ളത്തിന് ഇരുണ്ട നിറവും അസഹനീയമായ ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്   നാട്ടുകാരുടെ  പരാതിയുടെ അടിസ്ഥാനത്തില്‍ അക്ഷയ പമ്പാ മിഷന്റെ സഹകരണത്തോടെ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് അയ്യപ്പാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മൈക്രോ ബയോളജി വിഭാഗത്തില്‍  നിന്നും ആറംഗസംഘം  വരട്ടാറിലെ വഞ്ചിമൂട്ടില്‍ കടവിന് സമീപമുള്ള അഞ്ച് ഇടങ്ങള്‍, നദിക്കരയിലെ വീടുകളിലെ, കിണറ്റിലെ വെള്ളം ശേഖരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ദുര്‍ഗന്ധം വമിക്കുന്നത് വഞ്ചിമൂട്ടില്‍ കടവിന് സമീപമാണ്. ഇവിടെ പുറത്തു നിന്നും കക്കൂസ് മാലിന്യം ടാങ്കറില്‍ തള്ളിയതാകാം എന്ന് സമീപവാസികള്‍ പറയുന്നു. ദേശീയ നിലവാരമുള്ള മൈക്രോ ബയോളജി ലാബില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. നിത, ഡോ. ഗംഗ എന്നിവരുടെ നേതൃത്വത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് വെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജ്യം തള്ളിയതിനെ തുടര്‍ന്നുണ്ടായ ഇകോളി ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കണ്ടത്.വരട്ടാറിലെ ജലത്തില്‍ ടോട്ടല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് നവംബറില്‍ കോഴിക്കോട് സിഡബ്ല്യൂ, ആര്‍ഡിഎം പരിശോധിച്ച അളവിനേക്കാള്‍ (120 എംപിഎന്‍/100 എംഎല്‍ ) പതിനാല് മടങ്ങ് കൂടുതലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് (1600 എംപി എന്‍ / 100 എംഎല്‍) അതില്‍ തന്നെ ഇകോളിയുടെ സാന്നിധ്യം വളരെ ഉയര്‍ന്ന തോതില്‍ ഉണ്ടായിട്ടുണ്ട്. ഇത് വെള്ളത്തില്‍ നിശ്ശേഷം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ജലത്തില്‍ അടങ്ങിയിരിക്കുന്ന ഓക്‌സിജന്റെ വളരെ താഴ്ന്ന അളവ് വരട്ടാറിലെ രൂക്ഷ ഗന്ധത്തിനും. അതിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു ലിറ്റര്‍ ജലത്തില്‍ 45 മില്ലി: അവശ്യം വേണ്ടിടത്ത് വരട്ടാറിലെ ജലത്തില്‍ അത് ഭീകരമാംവിധം താഴ്ന്ന് 0.8 മി: ഗ്രാം / ലിറ്റര്‍ ആയി എന്നത്  ഈ നദിയുടെ ജൈവഘടനയെയും, നദീതടത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയേയും എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. നദിയില്‍ ഈസ്റ്റിന്റെ സാന്നിദ്ധ്യം വളരെ കൂടുതല്‍ ആണ് .ഈ വെള്ളത്തില്‍ സ്പര്‍ശിക്കുന്നത് പ്രത്യേകിച്ച് (കുട്ടികള്‍) ത്വക് രോഗങ്ങള്‍ക്കും അലര്‍ജിക്കും കാരണമായേക്കാം.ജലത്തില്‍ അമ്ലത്വവും ഉണ്ടായിട്ടുണ്ട്. അഞ്ചുമുതല്‍ ആറുവരെയാണ് പരിശോധനാ ഫലം. എന്നാല്‍ ആരോഗ്യകരമായ നദീ ജലത്തിന്റെ പി.എച്ച്  മൂല്യം 6.5 മുതല്‍ 7.4 വരെയാണ്. അനേയ്‌റോബിക് ബാക്ടീരിയ യുടെ പ്രവര്‍ത്തനത്തില്‍ (ഓക്‌സിജന്റെ അഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ ) അയണിന്റെ വിഘടനം നടക്കുന്നതു മൂലമാണ് ജലോപരിതലത്തി ല്‍ എണ്ണമയം കാണപ്പെടുന്നത് .ഇത് യൂട്രോഫിക്കേഷന് വഴിതെളിക്കുകയും ചെയ്യുന്നു (അമിതമായ ന്യൂട്രിയന്റുകളുടെ പോഷണം).കെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് ( സിഒഡി) 0.8 മാത്രം വേണ്ടിടത്ത് വരട്ടാറില്‍ ഇത്   8മടങ്ങ് വര്‍ദ്ധിച്ച് 6.4 മില്ലി / ലിറ്റര്‍ ആണ് പരിശോധനയില്‍ കണ്ടെത്തിയത്. ടിഡിഎസ് (ടോട്ടല്‍ ഡിസോള്‍വ്ഡ് സോളിഡ്‌സ്  ഫ്യൂറൈഡ്, നൈട്രേറ്റ് ഇവ വളരെകൂടുതല്‍ ആന്നെന്നും കണ്ടെത്തി. ഇത് കൂടാതെയാണ് അടക്കള മാലിന്യങ്ങളും, അറവ് മാലിന്യങ്ങള്‍ ,മത്സ്യമാംസാദികളുടെ അവശിഷ്ടങ്ങള്‍ ,ആധുനിക കാലത്തെ വില്ലനായി  മാറിയ പ്ലാസ്റ്റിക് തുടങ്ങിയവ തള്ളി മനുഷ്യന്‍ കാട്ടുന്ന ക്രൂരത. ഇതോടാപ്പമാണ് നൂറ്റാണ്ട് കണ്ട കടുത്ത വരള്‍ച്ചമൂലം നദി സസ്യങ്ങള്‍ക്കുണ്ടായ കരിവും നദിയെ ബാധിച്ചത്.   ഘന ലോഹങ്ങളുടെയും, രാസപദാര്‍ത്ഥങ്ങളുടേയും വിശദമായ പരിശോധന ഇനിയും ആവശ്യമാണെന്നും ബിഒഡി റിപ്പോര്‍ട്ട് അടുത്ത അഞ്ചുദിവസത്തിനകത്ത് തയ്യാറാകുമെന്നും പഠനസംഘം അറിയിച്ചു.  ഈക്കാരണങ്ങളാല്‍ തീരപ്രദേശങ്ങളിലെ കുടിവെള്ളം എട്ടുമുതല്‍ 10 മിനിറ്റ് വരെ വെട്ടിത്തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാവു എന്നും, വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss