|    Nov 24 Fri, 2017 2:11 am
FLASH NEWS

വരട്ടാര്‍ പുനരുജ്ജീവനം: വീതി കൂട്ടും, മണ്ണ് ലേലം ചെയ്യും

Published : 5th August 2017 | Posted By: fsq

 

പത്തനംതിട്ട: വരട്ടാറിന്റെ വിസ്തൃതി കൂട്ടുന്നതിനുള്ള നടപടി സമയബന്ധിതമായി നടത്താനും നിലവില്‍ എടുത്തു മാറ്റിയ മണ്ണ് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയില്‍ ലേലം ചെയ്യാനും തീരുമാനമായി. പുനരുജ്ജീവന പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും ഭാവിപ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനും മന്ത്രിമാരായ മാത്യു ടി തോമസ്,ഡോ. ടി എം തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മണ്ണ് ലേലം ചെയ്തു വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക വരട്ടാര്‍ പുനരുജ്ജീവനത്തിനുള്ള ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. വരട്ടാറിന്റെ ആഴം കൂട്ടുന്നത് വിശദമായ പരിസ്ഥിതി പഠനത്തിന് ശേഷം മതിയെന്നാണ് തീരുമാനം. വരട്ടാര്‍ ഗ്രാമസഭകള്‍ ഈ മാസം ചേരണം. നിലവിലെ പ്രവൃത്തികള്‍ ജനങ്ങളോട് വിശദീകരിക്കണം. വരവുചെലവു കണക്കുകളും ജനത്തെ അറിയിക്കണം. ഇരവിപേരൂര്‍ പഞ്ചായത്തിന്റെയും ചെങ്ങന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തിയിലുള്ള പുതുക്കുളങ്ങര ചപ്പാത്ത് പൊളിക്കുന്നതു ള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ പത്തിനകം  പൂര്‍ത്തിയാക്കും. തുടര്‍ന്ന് നദിയുടെ തീരത്ത് അഞ്ച് അടി വീതിയില്‍ നടപ്പാത ഒരുക്കും. ഇതിനുള്ള ടെന്‍ഡര്‍ സെപ്തംബര്‍ ഒന്നിന് നല്‍കും. നടപ്പാതയ്ക്കരികില്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ ഈ വര്‍ഷം തന്നെ നടപ്പാക്കും. പുഴയോര നടപ്പാതയ്ക്ക് സമീപം വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ ക്രമം, മരങ്ങളുടെ വിവരങ്ങള്‍ മനസിലാക്കുന്നതിനുള്ള ക്യു ആര്‍ കോഡ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി കോളജുകളിലെ വിവിധ വകുപ്പുകള്‍, വന ഗവേഷണ ഇന്‍സ്റ്റിട്ട്യൂട്ട് എന്നിവയുടെ സഹായത്തോടെ പദ്ധതി തയാറാക്കും.  നിലവില്‍ അതിര്‍ത്തി നിശ്ചയിക്കാത്ത ഇടങ്ങളില്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി. കാട് തെളിക്കുന്നതും അതിര്‍ത്തി കല്ല് നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ചെയ്ത് നല്‍കണമെന്നും യോഗം തീരുമാനിച്ചു. എംഎല്‍എമാരായ കെ കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജില്ലാ കലക്ടര്‍മാരായ ആര്‍ ഗിരിജ. വീണാ മാധവന്‍,  ജോണ്‍ മുളങ്കാട്ടില്‍,  നിര്‍മ്മലാ മാത്യൂസ്, ഈപ്പന്‍ കുര്യന്‍,  ജോജി ചെറിയാന്‍,  ഗീത അനില്‍കുമാര്‍, മോന്‍സി കിഴക്കേടത്ത്, ശ്രീലേഖ രഘുനാഥ്, എന്‍ രാജീവ് പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക