|    Dec 17 Mon, 2018 11:39 am
FLASH NEWS

വയോധികര്‍ക്കായി സായംപ്രഭ ഹോം പദ്ധതി മലപ്പുറത്തും

Published : 22nd May 2018 | Posted By: kasim kzm

മലപ്പുറം:  അറുപത് വയസ് കഴിഞ്ഞവര്‍ക്കായി സാമൂഹികനീതി വകുപ്പിന്റെ സായംപ്രഭ ഹോം പദ്ധതി മലപ്പുറത്തും ആരംഭിക്കും. പകല്‍ സമയത്ത് വീടുകളില്‍ തനിച്ചാവുന്നവര്‍ക്ക് സായംപ്രഭ ഹോമുകള്‍ അത്താണിയാവും. സമപ്രായക്കാരുമായി ഇടപെടാനുള്ള അവസരമൊരുക്കുക, ഒറ്റപ്പെടല്‍ ഒഴിവാക്കുക, പോഷക സമൃദ്ധമായ ആഹാരം രണ്ടു നേരം നല്‍കുക, കൗണ്‍സിലിങ് ഏര്‍പ്പെടുത്തുക, നിയമസഹായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരസഭയിലെ ഇരുപത് ഗുണഭോക്താക്കളുള്ള വാര്‍ഡുകളില്‍ പദ്ധതി തുടങ്ങാനാണ് അനുമതി. പദ്ധതിയുടെ നടത്തിപ്പിനായി മുന്‍സിപ്പല്‍തല മാനേജിങ് കമ്മിറ്റി രൂപീകരിക്കും. നിപ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നഗരസഭയില്‍ കൂടുതല്‍ വവ്വാലുകളുള്ള പ്രദേശങ്ങളില്‍ ബോധവല്‍കരണം നടത്താനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജാഗ്രതപാലിക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കും. നഗരസഭാ പരിധിയില്‍ തകരാറിലായ തെരുവുവിളക്കുകള്‍ ശരിയാക്കാന്‍ കരാറുകാരന്‍ തയാറാവുന്നില്ലെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പരാതിപ്പെട്ടു. കരാറുകാരനെ ഫോണില്‍ വിളിച്ചിട്ടു എടുക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും വീഴ്ച്ച വരുത്തിയാല്‍ കരാറുകാരന് നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കുന്നുമ്മല്‍, കോട്ടപ്പടി, കിഴക്കേത്തല എന്നിവടങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കാലാവധി തീര്‍ന്നതിനാല്‍ പുതിയ ആളെ കണ്ടെത്തുന്നതുവരെ നിലവിലുള്ള കരാറുകാരനെ സപ്ലിമെന്ററി കരാര്‍ വച്ച് കാലാവധി ദീര്‍ഘിപ്പിക്കും. ടെണ്ടര്‍, റീടെണ്ടര്‍, ഓഫര്‍ എന്നിങ്ങനെ പരസ്യം ചെയ്ത് യോഗ്യമായ ടെണ്ടര്‍ ലഭിച്ചെങ്കിലും നിരക്ക് സംബന്ധിച്ച് പരിഗണനാര്‍ഹമല്ലെന്ന കൗണ്‍സിലില്‍ തീരുമാനമപ്രകാരം വീണ്ടും ഓഫര്‍ ക്ഷണിച്ചിരുന്നു.
എന്നാല്‍, ആരും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം നഗരസഭയില്‍ കുടിവെള്ളവിതരണം നടത്തിയതിന് ചെലവായ തുകയായ 8.26 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നു അനുവദിച്ച് ഉത്തരവായതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. കുടിവെള്ള വിതരണം ചെയത വകയില്‍ ലോറിയുടമകള്‍ക്കാണ് പണം നല്‍കാനുള്ളത്. നഗരസഭയിലെ മുഴുവന്‍ വീടുകളിലെയും മാലിന്യം ശേഖരിച്ച് കയറ്റിക്കൊണ്ടുപോവാനും ഇതിനായി ഓരോ വീടുകളില്‍നിന്നു നൂറുരൂപ വീതം ഈടാക്കാനും തീരുമാനിച്ചു. പിഎംഎവൈ ഭവന പദ്ധതിക്കായി നഗരസഭയില്‍നിന്ന് മൊത്തം 1469 അപേക്ഷകള്‍ ലഭിച്ചിരുന്നുവെങ്കിലും കരാര്‍വച്ചത് 785 പേര്‍ മാത്രമാണ്. ബാക്കിയുള്ളവരില്‍ ഈ വര്‍ഷം പ്രവൃത്തി തുടങ്ങാന്‍ സാധ്യതയില്ലാത്തവരെ നീക്കംചെയ്ത് പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കും. ഭൂമിയുള്ള ഭവന രഹിതരെയും കൂടി ഉള്‍ക്കൊള്ളിച്ച് പുതിയ ലിസ്റ്റ് തയാറാക്കാനും യോഗത്തില്‍ തീരുമാനമായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള നഗരസഭയുടെ ആദരം 30ന് സംഘടിപ്പിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss