|    Oct 23 Tue, 2018 12:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വയോധികയെ തലയ്ക്കടിച്ചുകൊന്ന് മൃതദേഹം പൊന്തക്കാട്ടില്‍ തള്ളി

Published : 21st September 2017 | Posted By: fsq

 

ചേലക്കര: പുലാക്കോട് വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊന്ന് മൃതദേഹം ചാക്കില്‍കെട്ടി ക്ഷേത്ര സമുച്ചയത്തിന് സമീപം പൊന്തക്കാട്ടില്‍ തള്ളി. ചേലക്കര പുലാക്കോട് ഒടുവതൊടി വീട്ടില്‍ പരേതനായ ചന്ദ്രനെഴുത്തച്ഛന്റെ ഭാര്യ  കല്യാണിയമ്മ  (70 )യുടെ മൃതദേഹമാണ് കോട്ടപ്പുറം സുബ്രഹ്മണ്യന്‍ കോവില്‍ ക്ഷേത്ര പരിസരത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍  കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇവരെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിവരുകയായിരുന്നു. എറണാംകുളത്തുള്ള മകന്‍ നാട്ടിലെത്തി പോലിസില്‍ പരാതിപ്പെടാനിരിക്കെയാണ്  ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തില്‍ അടിച്ചുവാരാനെത്തിയ യുവതി മാലിന്യം പൊന്തക്കാട്ടില്‍ നിക്ഷേപിക്കാനെത്തിയപ്പോഴാണ് ചാക്ക്‌കെട്ട് കണ്ടത്. വയോധികയ്ക്ക് രണ്ട് ആണ്‍മക്കള്‍ ഉണ്ടെങ്കിലും ഒറ്റയ്ക്കാണ് താമസം. ഒരു മകന്‍ എറണാകുളത്തും മറ്റൊരു മകന്‍  പുലാക്കോടുമാണ് താമസം. കല്യാണിയമ്മ അണിഞ്ഞിരുന്ന രണ്ട് വള, മൂന്നര പവന്‍ തൂക്കമുള്ള മാല, കമ്മല്‍ എന്നിവയടക്കം ആറ് പവന്‍ സ്വര്‍ണം  നഷ്ടപ്പെട്ടിട്ടുണ്ട്. ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ വയോധികയെ കൊലപ്പെടുത്തിയതാവാം എന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വീടിന്റെ  താക്കോലും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ റൂറല്‍ എസ്പി യതീഷ് ചന്ദ്ര ഐപിഎസ്, കുന്നുംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍, വടക്കാഞ്ചേരി സിഐ പി ജെ സ്റ്റീഫന്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധന്‍ ഡോ. വി അനി സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ പറമ്പില്‍ മരം മുറി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ചേലക്കര സിഐ വിജയകുമാരമേനോനാണ് അന്വേഷണ ചുമതല. സമഗ്ര അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss