|    Oct 21 Sun, 2018 9:07 pm
FLASH NEWS

വയോധികയുടെ കൊലപാതകം: സ്ത്രീയുടെ ചെരിപ്പുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു

Published : 26th September 2017 | Posted By: fsq

 

ചേലക്കര: വയോധികയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ കേസില്‍ മരിച്ച പൂജാരിയുടെ പറമ്പില്‍ നിന്ന് സ്ത്രീയുടെ ചെരിപ്പുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അതേ സമയം നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല. കൃത്യത്തില്‍ പങ്കുണ്ടെന്ന് പോലിസ് സംശയിച്ചിരുന്ന ക്ഷേത്ര പൂജാരിയുടെ ആത്മഹത്യയെ തുടര്‍ന്ന് പോലിസിന് അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്. സുബ്രഹ്മണ്യന്‍ സ്വാമി ക്ഷേത്ര പൂജാരിയായിരുന്ന കോട്ടപ്പുറം വീട്ടില്‍ ഗോപി(34) വീട്ടില്‍ തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് പോലിസിന് വീട്ടില്‍ നിന്ന് ലഭിച്ച കത്തില്‍ സംഭവത്തില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് ചൂണ്ടികാണിക്കുന്നത്. ഭക്തജനങ്ങളോട് ക്ഷമാപണം നടത്തിയ കത്തില്‍ മേല്‍മുണ്ട് സുഹൃത്തിനു നല്‍കിയിരുന്നതായും അയാള്‍ ചതിച്ചെന്നും സൂചനയുണ്ട്. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി പോലിസ് കരുതുന്നില്ല. ബോംബ് സ്‌ക്വാഡിന്റെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുക്കുന്നതിനായി വീടും പരിസരവും പരിശോധിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച പൂജാരിയുടെ പറമ്പില്‍ നിന്നും ചെരിപ്പുകള്‍ കണ്ടെടുത്തത്. ഇത് കൊല്ലപ്പെട്ട കല്ല്യാണി അമ്മയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഭരണം കണ്ടെത്താനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം ഊര്‍ജ്ജിതമായി തുടരുകയാണ്. പ്രദേശവാസിയായ കല്ല്യാണി അമ്മ(70)യുടെ മൃതദേഹം സുബ്രഹ്മണ്യന്‍ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യാന്‍ ഇയാളെ വിളിപ്പിച്ചതിനിടെയാണ് വീട്ടില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss