|    Mar 23 Thu, 2017 4:03 pm
FLASH NEWS

വയോധികയുടെ കൊലപാതകം; മകളുടെ മകനും ഭാര്യയും അറസ്റ്റില്‍

Published : 27th June 2016 | Posted By: SMR

മണ്ണാര്‍ക്കാട്: തോട്ടരക്കടുത്ത ആര്യമ്പാവില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മകളുടെ മകനും ഭാര്യയും അറസ്റ്റിലായി. ആര്യമ്പാവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കരിമ്പുഴ തോട്ടര ഈങ്ങക്കോടന്‍ മമ്മിയുടെ ഭാര്യ നബീസ (71)കൊല്ലപ്പട്ട കേസിലാണ് നബീസയുടെ മകള്‍ ഫാത്തിമയുടെ മകന്‍ തോട്ടര പടിഞ്ഞാറേതില്‍ ബഷീര്‍ (33) ഭാര്യ ഫസീല (27)എന്നിവര്‍ അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ചു പോലിസ് പറയുന്നതിങ്ങനെ: മൂന്ന് വര്‍ഷം മുമ്പ് ഫസീലയുടെ 43 പവന്‍ സ്വര്‍ണാഭരണം നഷ്ടപ്പെട്ടിരുന്നു. ഇത് കൊല്ലപ്പെട്ട നബീസ എടുത്തതായി ഫസീല അരോപിച്ചിരുന്നു. പിന്നീട് മറ്റൊരു ബന്ധുവിന്റെ ആഭരണം ഫസീല മോഷ്ടിച്ചത് അവര്‍ കൈയോടെ പിടികൂടി. ഇതോടെ പഴയ സ്വര്‍ണം പ്രതിയായ ഫസീല തന്നെയാണ് മാറ്റിയത് എന്ന് ബന്ധുക്കള്‍ക്ക് മനസ്സിലാവുകയും ഇതേത്തുടര്‍ന്ന് ഇവരെ അകറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. 2015 മാര്‍ച്ചില്‍ ബഷീറിന്റെ പിതാവിന് കറിയില്‍ വിഷം ചേര്‍ത്ത് കൊടുത്തതായി ശ്രീകൃഷ്ണപുരം സ്‌റ്റേഷനില്‍ ഫസീലക്കെതിരേ പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കി.
വിദേശത്തായിരുന്ന ബഷീര്‍ മെയ് പന്ത്രണ്ടിനാണ് നാട്ടിലെത്തിയത്. 21ന് തൊട്ടമലയിലെ ബന്ധുവിന്റെ വീട്ടില്‍ നോമ്പ് തുറക്കുപോയിരുന്ന നബീസയെ 22ന് ബഷീറിന്റെ നമ്പിയംകുന്നിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നഷ്ടപ്പെട്ട ആഭരണത്തെക്കുറിച്ച് ചോദ്യംചെയ്തു. തുടര്‍ന്നു നബീസയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാത്രി കഞ്ഞിക്കൊപ്പം നല്‍കിയ ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കി. വിഷത്തിന്റെ ചെറിയ അംശം മാത്രമായതിനാല്‍ ഒരു മണിക്കൂറിനു ശേഷമാണ് ക്ഷീണം അനുഭവപ്പെട്ടത്. തുടര്‍ന്ന് പലതവണയായി വായില്‍ ബലം പ്രയോഗിച്ച് വിഷം ഒഴിച്ചു കൊടുത്ത് മരണം ഉറപ്പാക്കി. ബലപ്രയോഗത്തിനിടയില്‍ ഇടതു കൈയിനും തലയ്ക്കും പരിക്കേറ്റു. പുലര്‍ച്ചെ മരണം ഉറപ്പാക്കി ആ ദിവസം ബോഡി അവിടെത്തന്നെ സൂക്ഷിച്ചു. 23ന് പുലര്‍ച്ചെ ബഷീറും ഫസീലയും ചേര്‍ന്ന് മൃതദേഹം വാടകക്കെടുത്ത കാറില്‍ ആര്യമ്പാവില്‍ ഉപേക്ഷിച്ചു. നബീസയുടെ ചെരിപ്പ് കുന്തിപ്പുഴയില്‍ എറിയുകയും ചെയ്തു.
നഷ്ടപ്പെട്ട ആഭരണം നബീസയാണ് എടുത്തതെന്നും ബഷീറിന്റെ പിതാവിന് വിഷം കൊടുത്തത് രണ്ടാം ഭാര്യ ജമീല ആണെന്നും മൃതദേഹത്തിന് സമീപത്തുള്ള ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ഫസീലയിലുള്ള ആരോപണം മാറിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊലപാതകം നടത്തിയതെന്നു പ്രതികള്‍ പോലിസിനോട് സമ്മതിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നബീസയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തെ സഞ്ചിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. ഈ കുറിപ്പാണ് കൊലപാതക വിവരം പുറത്തറിയാന്‍ പോലിസിനെ സഹായിച്ചത്. 71 കാരിയായ നബീസയ്ക്ക് എഴുതാന്‍ അറിയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പോലിസിനോട് പറഞ്ഞത് കേസില്‍ വഴിത്തിരിവാവുകയായിരുന്നു.

(Visited 513 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക