|    Mar 23 Thu, 2017 10:03 pm
FLASH NEWS

വയോജനക്ഷേമ നിയമം നടപ്പാക്കുന്നതില്‍ വീഴ്ചയെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍

Published : 22nd December 2015 | Posted By: SMR

തിരുവനന്തപുരം: അവഗണന നേരിടുന്ന വയോജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി വയോജനക്ഷേമ നിയന്ത്രണബോര്‍ഡ് രൂപീകരിക്കുന്നത് സംബന്ധിച്ച ഇടക്കാല പഠന റിപോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ അഡ്വ. വി കെ ബീരാന്‍.
വയനാട്, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍കൂടി സന്ദര്‍ശനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന് മൂന്നാഴ്ചത്തെ സമയംകൂടി വേണമെന്ന് തിരുവനന്തപുരത്തെ സിറ്റിങ്ങിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്‌പെഷ്യല്‍ ഓഫിസര്‍ അറിയിച്ചു. വയോജന സംരക്ഷണത്തിനായി 2007ല്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്രനിയമം പാസാക്കിയിട്ടുണ്ട്. 2009ലെ നിയമവും വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍, നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. വയോജനങ്ങള്‍ക്ക് നീതിനിഷേധമുണ്ടായാല്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കാനും അത് സമയബന്ധിതമായി പരിഹരിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, ട്രൈബ്യൂണലുകളിലും കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
ട്രൈബ്യൂണലില്‍ ഹാജരാവാന്‍ ചുമതലപ്പെട്ട സാമൂഹികനീതി വകുപ്പ് ഒരു കേസില്‍പോലും ഹാജരായി നീതി നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. പരാതി ലഭിച്ച് മൂന്നു മാസത്തിനുള്ളിലോ എന്തെങ്കിലും തടസ്സമുണ്ടായാല്‍ പരമാവധി നാലു മാസത്തിനുള്ളിലോ പരിഹരിക്കണമെന്നാണ് നിയമം. എന്നാല്‍, നാലു വര്‍ഷമായി തീര്‍പ്പാക്കാത്ത കേസുകള്‍ വരെയുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലയിലാണ് നിയമലംഘനം കൂടുതലും. പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട വയോജനങ്ങളുടെ കൃത്യമായ കണക്കും അവസ്ഥയും ഓരോ മാസവും പുതുക്കണമെന്നാണ് നിയമം.
എന്നാല്‍, സംസ്ഥാനത്ത് വയോജനങ്ങളെക്കുറിച്ചുള്ള വ്യക്തമായ കണക്ക് എവിടെയും ലഭ്യമല്ല. വയോജനസംരക്ഷണ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് പോലിസ് സ്‌റ്റേഷനുകളിലും മാധ്യമങ്ങള്‍വഴിയും നിരന്തരമായ പ്രചാരണം നടത്തണമെന്നാണ് ചട്ടം. അതേസമയം, വയോജനസംരക്ഷണം ഉറപ്പുവരുത്തേണ്ട ഉത്തരവാദത്തപ്പെട്ടവര്‍ നിയമങ്ങളെക്കുറിച്ച് അജ്ഞരാണ്. ഈ സാഹചര്യത്തില്‍ ആര്‍ഡിഒമാരെയും വയോജന സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കും. കൊച്ചിയില്‍ നടക്കുന്ന ശില്‍പശാലയില്‍ വയോജനസംരക്ഷണവുമായി ബന്ധപ്പെട്ട് നിയമവിദഗ്ധര്‍ ക്ലാസെടുക്കും.
വയോജനസൗഹൃദ സംസ്ഥാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ഥ്യമാക്കുന്നതിനായാണ് വയോജനക്ഷേമ സംരക്ഷണ റഗുലേറ്ററി ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി പ്രത്യേകസമിതി രൂപീകരിച്ചത്. ഓരോ ജില്ലയിലെയും സാമൂഹികക്ഷേമനീതി ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് സിറ്റിങ് നടത്തുന്നത്. ഇതുവരെ 850ഓളം സംഘടനകള്‍ സിറ്റിങ്ങില്‍ ഹാജരായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(Visited 89 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക