|    Oct 20 Sat, 2018 5:59 am
FLASH NEWS
Home   >  News now   >  

വയല്‍ നികത്തി ബൈപ്പാസ് കൊണ്ടുവരാനുള്ള സിപിഎം ‘സമരത്തിന്’തുടക്കം

Published : 24th March 2018 | Posted By: G.A.G

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ വയല്‍കാവല്‍ സമരത്തിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നാടുകാവല്‍ സമരത്തിന് തുടക്കമായി. വയല്‍നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ വയല്‍ക്കിളി ഐക്യദാര്‍ഢ്യ സമിതിയുടെ രണ്ടാംഘട്ട സമരം ഇന്ന് തുടങ്ങാനിരിക്കെയാണ്  കീഴാറ്റൂര്‍ ജനകീയ സംരക്ഷണസമിതി രൂപീകരിച്ച് സിപിഎം ഇന്നലെ പ്രതിരോധ സമരം സംഘടിപ്പിച്ചത്. ബൈപാസ്‌വിരുദ്ധ പ്രക്ഷോഭത്തിന്റെ പൊള്ളത്തരവും അധാര്‍മികതയും തുറന്നുകാട്ടാന്‍ എന്ന പേരിലാണു സമരം. വൈകീട്ട് 4.30ന് കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപത്തുനിന്ന് കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി രൂപീകരിക്കുകയും കണ്‍വീനറായി പുല്ലായിക്കൊടി ചന്ദ്രനെയും ചെയര്‍മാനായി ടി ബാലകൃഷ്ണനെയും തിരഞ്ഞെടുത്തു. പിന്നീട് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ പ്രകടനമായി പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ വയലിലെത്തി കൊടിനാട്ടി പ്രതിജ്ഞയെടുത്തു. അഖിലേന്ത്യാ കിസാന്‍ സഭ, സിപിഎം എന്നിവയുടെ പതാകകള്‍ നാട്ടി. വികസനാവശ്യത്തിനു ഭൂമി വിട്ടുനല്‍കാന്‍ എനിക്ക് സമ്മതമാണ്, പരമാവധി നഷ്ടപരിഹാരം അനുവദിക്കണം എന്നാവശ്യപ്പെട്ട് വയലില്‍ സര്‍വേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ ഉടമകളുടെ പേരെഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാത സ്ഥലം ചുവന്ന റിബണ്‍ കെട്ടി അടയാളപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നാടിന്റെ വികസനത്തിന് ഞങ്ങള്‍ ഒറ്റക്കെട്ട്, വികസനവിരുദ്ധരെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പ് ടൗണിലേക്ക് പ്രകടനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍, കെ കെ രാഗേഷ് എംപി, പികെ ശ്രീമതി എംപി, ജെയിംസ് മാത്യു എംഎല്‍എ നേതൃത്വം നല്‍കി. പൊതുസമ്മേളനം ടൗണ്‍ സ്‌ക്വയറില്‍ സംസ്ഥാന കമ്മറ്റിയംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ഒഴികെയുള്ള ഘടകകക്ഷികളും സമ്മേളനത്തില്‍ പങ്കെടുത്തു. ദേശീയപാത വികസനത്തെ ഇല്ലാതാക്കലാണ് ബൈപാസ്‌വിരുദ്ധ പ്രക്ഷോഭകരുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. നാട്ടുകാരെ പരസ്പരം തമ്മിലടിപ്പിക്കാന്‍ ആസുത്രിത നീക്കങ്ങളാണ് സംഘപരിവാരവും മറ്റു തീവ്രവാദ സംഘടനകളും നടത്തുന്നത്. വളരെ ന്യൂനപക്ഷമാണ് വയല്‍ക്കിളികള്‍. ഇവരുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കി മുതലെടുപ്പിന് ശ്രമിക്കുകയാണ് പലരും. വയല്‍ക്കിളികള്‍ മാര്‍ച്ച് നടത്തേണ്ടത് ഡല്‍ഹിയിലേക്കാണ്. ദേശീയപാത അതോറിറ്റിയാണ് കീഴാറ്റൂരിലൂടെ ബൈപാസ് നിര്‍മിക്കാന്‍ അലൈന്‍മെന്റ് തയ്യാറാക്കിയത്. വയലില്‍കൂടി തന്നെ ദേശീയപാത വേണമെന്ന് സിപിഎമ്മിനോ സര്‍ക്കാരിനോ നിര്‍ബന്ധമില്ല. ബൈപാസ് തീര്‍ച്ചയായും വരും. വികസനത്തിന് പാരവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ, വി വി കുഞ്ഞികൃഷ്ണന്‍, കെ കെ ജയപ്രകാശ്, സി വല്‍സന്‍ മാസ്റ്റര്‍, സി കെ നാരായണന്‍, കെ സാജന്‍, കെ എം ലത്തീഫ്, സന്തോഷ് കീഴാറ്റൂര്‍, ഷെറി ഗോവിന്ദ്, പുല്ലായിക്കൊടി ചന്ദ്രന്‍ സംസാരിച്ചു. ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കീഴാറ്റൂരിലും തളിപ്പറമ്പിലും ശക്തമായ പോലിസ് സുരക്ഷ ഒരുക്കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss