|    Oct 19 Fri, 2018 1:29 am
FLASH NEWS

വയല്‍ നികത്തി ബൈപാസ് : കുമ്മനത്തിന് ഇരട്ടത്താപ്പെന്ന് കോടിയേരി

Published : 28th September 2017 | Posted By: fsq

 

കണ്ണൂര്‍: സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരേ നാട്ടുകാരുടെ പ്രക്ഷോഭം ശക്തിയാര്‍ജിക്കവെ സമരത്തെ തള്ളി സിപിഎം സംസ്ഥാന നേതൃത്വവും. വികസിത കേരളമെന്നത് എല്‍ഡിഎഫ് പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനമാണെന്നും വികസന പദ്ധതികള്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു. റോഡുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ കണക്ടിവിറ്റി, പാലങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ പ്രകടനപത്രികയിലുണ്ട്. കൂടാതെ, ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുകയെന്നതും എല്‍ഡിഎഫ് നയമാണ്. വികസന പദ്ധതികള്‍  നടപ്പാക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണു പ്രധാനം. ബൈപാസ് പദ്ധതികള്‍ കേന്ദ്ര ദേശീയപാത അതോറിറ്റിയാണു നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ പദ്ധതിയല്ല. എന്നാല്‍, അവര്‍ നിര്‍ദേശിക്കുന്ന സ്ഥലം കണ്ടെത്തുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതും. ബൈപാസിന് അനുയോജ്യമായ സ്ഥലം കീഴാറ്റൂരിലാണു എന്‍എച്ച് അധികൃതര്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. അല്ലാതെ സിപിഎമ്മിന്റെ തീരുമാനമല്ല. ഇതിനായി കുറച്ച് വയല്‍ നികത്തേണ്ടി വരും. ബൈപാസുകള്‍ അത്യന്താപേക്ഷികമാണ്. വയല്‍ നികത്തിയാണ് ഒട്ടുമിക്ക ബൈപാസുകളും നിര്‍മിച്ചത്.   എന്നാല്‍, തെറ്റിദ്ധാരണ പരത്താനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുമാണ് സിപിഎം വിരുദ്ധരുടെ ശ്രമം.  വരുന്നവര്‍ വന്നോട്ടെ. വിഷയത്തില്‍ ഇരട്ടത്താപ്പ് നയമാണ് ബിജെപി സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ളതാണ് ദേശീയപാത അതോറിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാണ് കേരളത്തിലെ ബിജെപിയും. ഇതെല്ലാം മറച്ചുവച്ചാണ് കുമ്മനവും കൂട്ടരും കീഴാറ്റൂര്‍ ബൈപാസ് വിഷയത്തില്‍ സിപിഎമ്മിനെതിരേ യുദ്ധം നടത്തുന്നത്. ജനവികാരം ആളിക്കത്തിക്കാനാണ് ഇവരുടെ ശ്രമം. ഇത് കീഴാറ്റൂര്‍ ജനത തിരിച്ചറിയുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കീഴാറ്റൂരി ല്‍ സിപിഎം സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍, പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ നാട്ടുകാര്‍ രൂപീകരിച്ച വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ പ്രക്ഷോഭത്തെ ജില്ലാ സെക്രട്ടറി പി ജയരാജനും തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, സമരം ശക്തമാക്കുമെന്ന നിലപാടില്‍ നാട്ടുകാര്‍. നമ്പ്രാടത്ത് ജാനകി (68) നിരാഹാരം തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss