|    Oct 22 Mon, 2018 1:52 pm
FLASH NEWS

വയല്‍ നികത്തി ബൈപാസ്: കീഴാറ്റൂരില്‍ ഇന്ന് സിപിഎം വിശദീകരണം

Published : 24th September 2017 | Posted By: fsq

 

തളിപ്പറമ്പ്: വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭം നടക്കുന്ന കീഴാറ്റൂരില്‍ സിപിഎം ഇന്നു വിശദീകരണ യോഗം നടത്തുന്നു. പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ പാര്‍ട്ടി ബന്ധുകളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണുഇന്നു രാവിലെ 10നു കീഴാറ്റൂര്‍ വായനശാല പരിസരത്ത് വിശദീകരണ യോഗം നടത്തുന്നത്. യോഗത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ  രാഗേഷ് എംപി, ജെയിംസ് മാത്യു എംഎല്‍എ പങ്കെടുക്കും. വയല്‍കിളികളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാന്‍ പോലും നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടായതോടെയാണ് ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ട് വിശദീകരണവുമായെത്തുന്നത്.സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പിലെ കീഴാറ്റൂരിലാണ് സര്‍ക്കാരിനെതിരേയും സിപിഎം ജില്ലാ നേതൃത്വത്തെയും വെല്ലുവിളിച്ച് വയല്‍കിളികള്‍ എന്ന പേരില്‍ ജനകീയ മുന്നണിയുണ്ടാക്കി സമരവുമായി രംഗത്തെത്തിയിട്ടുള്ളത്. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയും ഹരിത രാഷ്ട്രീയം ചര്‍ച്ചയാക്കിയും അധികാരത്തിലേറിയ സര്‍ക്കാര്‍ സ്വീകരിക്കുന്ന പരിസ്ഥി വിരുദ്ധ നിലപാടുകള്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനിറങ്ങുന്നത്. തളിപ്പറമ്പ് മേഖലയിലെ ഗതാഗത പ്രശ്‌നത്തിന് പരിഹാരമായി കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍ വിജ്ഞാപനം അട്ടിമറിച്ച് പുതിയ നീക്കത്തിലൂടെ ഏക്കര്‍ കണക്കിന് നെല്‍വയല്‍നികത്തിയുള്ള പുതിയ വികസന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. എട്ടു മാസം മുമ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍ വഴി പുതിയ ബൈപാസ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വയലിലേക്ക് കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയല്‍ പ്രദേശത്തു കൂടി കൊണ്ടുപോവാനുള്ള സര്‍വേ നടപടിയില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ജനകീയ പ്രക്ഷോഭം ശക്തമായതോടെ രണ്ടു ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ, കീഴാറ്റൂരില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് മുമ്പേ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുടുംബയോഗങ്ങളും ചേരുന്നുണ്ട്. കീഴാറ്റൂര്‍ തെക്ക്, കീഴാറ്റൂര്‍ വടക്ക്, കീഴാറ്റൂര്‍ സെന്‍ട്രല്‍ എന്നിങ്ങനെ മൂന്ന് ബ്രാഞ്ചുകളാണ് സിപിഎമ്മിന് ഈ പ്രദേശത്തുള്ളത്. ഇതില്‍ സെന്‍ട്രലിലെയും കിഴക്കിലെയും ഭൂരിഭാഗം അംഗങ്ങളും പാര്‍ട്ടി തീരുമാനം ലംഘിച്ച് വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനൊപ്പമാണ്. അതേസമയം, സമരത്തിനെതിരാണ് തെക്ക് ബ്രാഞ്ചിലുള്ളവരില്‍ പലരും. പാത കടന്നുപോകുന്ന പ്രദേശത്തുനിന്ന് ഏറെ അകലെയുള്ളവരാണ് ഈ ബ്രാഞ്ചിലെ അംഗങ്ങള്‍. തളിപ്പറമ്പ് നോര്‍ത്ത്, സൗത്ത് ലോക്കലുകളിലെ വിവിധ സ്ഥലങ്ങളില്‍ വിഷയം വിശദീകരിക്കാന്‍ കുടുംബയോഗങ്ങള്‍ ചേരുന്നുണ്ട്. അതിനിടെ, വയല്‍ക്കിളി നേതൃത്വത്തില്‍ കര്‍ഷകത്തൊഴിലാളി ജാനകിയുടെ നിരാഹാര പന്തല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് ഒപ്പമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss