|    Oct 17 Wed, 2018 8:35 am
FLASH NEWS

വയല്‍ നികത്തി ദേശീയപാത നിര്‍മാണം; ചര്‍ച്ച പരാജയം

Published : 18th September 2017 | Posted By: fsq

 

കണ്ണൂര്‍: വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരേ പ്രക്ഷോഭത്തിലുള്ള കീഴാറ്റൂര്‍ ജനതയെ അനുനയിപ്പിക്കാന്‍ സമരസമിതി നേതാക്കളെ പങ്കെടുപ്പിച്ച് സ്ഥലം എംഎല്‍എയും ജില്ലാ കലക്ടറും വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. വിശാലമായ വയല്‍ നികത്തിയുള്ള ഒരു പദ്ധതിയും അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. സമരക്കാര്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ 9.30ന് കലക്ടറുടെ ചേംബറിലായിരുന്നു യോഗം. ജെയിംസ് മാത്യു എംഎല്‍എയും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും സമരസമിതിയുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എട്ടുമാസം മുമ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് പുതിയ രൂപരേഖപ്രകാരം കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. കുപ്പം-കുറ്റിക്കോല്‍ ബൈപാസിനായി സ്ഥലമേറ്റെടുത്ത മുന്‍ വിജ്ഞാപന പ്രകാരം ഇരുനൂറോളം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. നിലവില്‍ ജനവാസം കുറഞ്ഞ കീഴാറ്റൂരിലെ കൂവോട് ഭാഗത്തെ വയല്‍ നികത്തി പദ്ധതി നടപ്പാക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വയല്‍ നികത്തിയുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. അന്തിമ വിജ്ഞാപനപ്രകാരം 30ഓളം വീടുകള്‍ മാത്രമേ നഷ്ടപ്പെടുകയുള്ളൂവെങ്കിലും കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ 5 കിലോമീറ്റര്‍ നീളത്തില്‍ ഏക്കറുകണക്കിന് വയലുകള്‍ മണ്ണിനടിയിലാവും. ഇതില്‍ ഭൂരിഭാഗം വയലുകളും രണ്ടുവിള കൃഷി ചെയ്യുന്നവയാണ്. കൂടാതെ പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ് ഈ വയലുകള്‍. വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ കടുത്ത ജലക്ഷാമം ആയിരിക്കും ഈ ഗ്രാമങ്ങളെ കാത്തിരിക്കുന്നതെന്നും സമരസമിതി നേതാക്കള്‍ വിശദീകരിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിക്കുമെന്നും കുടിവെള്ളപ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും പറഞ്ഞ കലക്ടര്‍, സമരത്തില്‍നിന്ന് പിന്‍മാറണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, നിലപാട് ആവര്‍ത്തിച്ച സമരസമിതി നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കുന്നോത്ത് മുരളീധരന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, പി വി വിനോദ്, സി മനോഹരന്‍, സുധീഷ് കുമാര്‍, ലല്ലു പ്രസാദ്, കെ ബിനേഷ്, കെ പി മഹേഷ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss