|    Jul 23 Mon, 2018 3:28 pm
FLASH NEWS

വയല്‍ നികത്തി ദേശീയപാത: അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 20th September 2017 | Posted By: fsq

 

തളിപ്പറമ്പ്: വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരില്‍ ഒരുനാട് മുഴുവന്‍ പ്രക്ഷോഭത്തിലിരിക്കെ ചുടല-കുറ്റിക്കോല്‍ ബൈപാസിന് ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഒക്ടോബര്‍ 30നകം പുറപ്പെടുവിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ആവശ്യമായ ഭൂമി ഏതൊക്കെയെന്നതിന്റെ വിശദമായ റിപോര്‍ട്ട് തളിപ്പറമ്പിലെ ഡെപ്യൂട്ടി കലക്്ടറുടെ ഓഫിസില്‍നിന്ന് ദേശീയപാത അതോറിറ്റിക്ക് അയച്ചു. ആറ് റവന്യൂ ഇന്‍സ്‌പെക്്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. എട്ടുമാസം മുമ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചിരുന്നു. പുതിയ രൂപരേഖപ്രകാരം കീഴാറ്റൂര്‍ വയല്‍ വഴി ബൈപാസ് നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ദേശീയപാത കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോവുന്ന രീതിയിലാണ് ഭൂമി ഏറ്റെടുക്കുക. ഒക്‌ടോബര്‍ 30നകം പത്രങ്ങളിലൂടെ വിജ്ഞാപനം പുറത്തിറക്കും. വിജ്ഞാപനമിറങ്ങി 21 ദിവസം കഴിഞ്ഞാല്‍ ഭൂമിയുടെ നിയമപരമായ അധികാരം ദേശീയപാത അതോറിറ്റിക്കായിരിക്കുമെന്നാണ് ചട്ടം. 27 ദിവസം കഴിഞ്ഞാല്‍ റവന്യൂവകുപ്പ് ഭൂമിയിലെ കൈവശക്കാരനെ കണ്ടെത്തുകയും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കുകയും ചെയ്യും. നിലവില്‍ ആധാരത്തില്‍ കാണിച്ചതിന്റെ ഇരട്ടിയാണു വില നിശ്ചയിക്കുക. കെട്ടിടങ്ങളുടെ വില നിശ്ചയിക്കുക ഗുജറാത്തിലെ സ്വകാര്യ കമ്പനിയാണ്. അതേസമയം, ഭൂമി ഏറ്റെടുക്കുന്നതിനെതിരേ കീഴാറ്റൂര്‍ ജനതയ്ക്കുള്ള എതിര്‍പ്പ് ജില്ലാ കലക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സമരസമിതി നേതാക്കളുമായി സ്ഥലം എംഎല്‍എയും ജില്ലാ കലക്ടറും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വയല്‍ നികത്തിയുള്ള ഒരു പദ്ധതിയും അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. അതിനിടെ, ബൈപാസ് പദ്ധതിക്കെതിരേ സുരേഷ് കീഴാറ്റൂര്‍ നടത്തുന്ന നിരാഹാരസമരം പത്താം ദിവസത്തിലേക്ക് പ്രവേശിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പരിസ്ഥിതി-പൗരാവകാശ ബദല്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കും. രൂപീകരണ യോഗം നാളെ ഉച്ചയ്ക്ക് 2.30ന് മുത്തേടത്ത് ഹൈസ്‌കൂളില്‍ ചേരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss